- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
മലബാറിൽ ആദ്യമായി ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ പ്രമാണി; കുടുംബത്തെയടക്കം തുണ്ടം തുണ്ടമാക്കി മുസ്ലീങ്ങളുടെ പക; ക്ഷേത്രവും വീടും തകർത്തുകൊള്ളയടി; പള്ളികളിൽ നിന്ന് വൻ തോതിൽ പണം പിരിച്ച് കേസ് അട്ടിമറിച്ചു; മലപ്പുറത്ത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ കഴിയാതെയാക്കിയ കേസ്; അലി അക്ബറിനൊപ്പം ട്രോളേണ്ട പേരല്ല ഇത്; രാമസിംഹന്റെ ചോരയിൽ കുതിർന്ന ജീവിതകഥ
രാമസിംഹൻ! ആ പേര് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഇടത്- ഇസ്ലാമിക സർക്കിളുകളിൽ വലിയ ട്രോളായി മാറിയ ഒന്നാണ്. സംവിധായകൻ അലി അക്ബർ ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയെന്ന് പ്രഖ്യാപിച്ചപ്പോൾ ഇതി തന്റെ പേർ രാമസിംഹൻ എന്നാണെന്നും കൂട്ടിച്ചേർത്തു. ഇതോടെ മോഹൻലാലിന്റെ നരസിംഹത്തെയുമൊക്കെ താരതമ്യപ്പെടുത്തിയായി ട്രോളുകളുടെ പോക്ക്. പക്ഷേ അലി അക്ബറിന്റെ പുതിയ പേരിന് ആധാരമായ രാമസിംഹൻ ആരാണെന്ന് പുതുതലമുറയിൽ അധികംപേർക്കും അറിയാൻ വഴിയില്ല. അറിഞ്ഞാൽ ചിരിയല്ല നടുക്കമാണ് ഉണ്ടാവുക. ഇസ്ലാമിൽ നിന്ന് ഹിന്ദുമതത്തിലേക്ക് മാറിയതിന്റെ പേരിൽ ക്രൂരമായി കൊല്ലപ്പെടുകയായിരുന്ന രാമസിംഹനും കുടുംബവും. അതും ഇന്ത്യൻ സ്വതന്ത്ര്യത്തിന് തൊട്ടുമുമ്പ്.
1947 ഓഗസ്റ്റ് 2നാണ് കിളിയമണ്ണിൽ ഉണ്ണീൻ എന്ന രാമസിംഹനും സഹോദരനും, സഹോദര ഭാര്യയും, ജോലിക്കാരനും അടക്കം നാലുപേർ ക്രൂരമായി കൊല്ലപ്പെടുകയും വീടും കുടുംബക്ഷേത്രവും കൊള്ളയിക്കപ്പെടുകയും ചെയ്തത്. കേസ് നടന്നതൊക്കെ സ്വതന്ത്ര ഇന്ത്യയിലാണ്. ശരിക്കും ഒരു പാതിരാ കൊലപാതകമായിരുന്നു ഇതും. 'പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' എന്ന സിനിമയിൽ സംവിധാകൻ രഞ്ജിത്ത് പറയുന്നുണ്ട്, ഐക്യ കേരളത്തിൽ ആദ്യമായി ഉണ്ടായ ബലാൽത്സംഗക്കൊലയാണ് പാലേരിയിലേത് എന്ന്. അതുപോലെ മലബാറിൽ ആദ്യമായി ഇസ്ലാമിൽനിന്ന് ഹിന്ദുമതത്തിലേക്ക് മാറിയ വ്യക്തിയായിരുന്നു കിളിയമണ്ണിൽ ഉണ്ണീൻ.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം വിചാരണക്കുവന്ന, മലയാളികളുടെ ആദ്യത്തെ വർഗ്ഗീയ കൂട്ടക്കൊലയായിരുന്നു ഇത്. തീർത്തും മതത്തിനുവേണ്ടി ചെയ്ത നിഷ്ഠൂരമായ പാതകം. ഇസ്ലാം പ്രതിക്കുട്ടിലാവുന്ന ഏത് വിഷയത്തിലുമെന്നപോലെകേരളത്തിൽ വീരസിംഹനും വിസ്മൃതയിയിൽ മറുയുകയാണ് ഉണ്ടായത്. 'വാരിയംകുന്നന്റെ വിരേതിഹാസങ്ങൾ' ചലച്ചിത്രമാക്കുന്ന സന്ദർഭത്തിൽപോലും വീരസിംഹൻ കേരളത്തിൽ ചർച്ചയായിരുന്നില്ല. 'തലമുറകൾ' എന്ന തൻെ നോവലിൽ എഴുത്തുകാരൻ ഒ.വി വിജയൻ രാമസിംഹൻ കൊലപാതകം ചിത്രീകരിക്കുന്നുണ്ട്.
കേസിൽ നാലു പ്രതികൾക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചെങ്കിലും, അപ്പീലിൽ അവർ രക്ഷപ്പെടുന്നു. ഈ കേസിന്റെ വിചാരണയെങ്കിലും നല്ലപോലെ നടന്നിരുന്നെങ്കിൽ ചേകന്നൂർ മൗലവിയുടെ മരണം തൊട്ട് ജോസ്ഫ് മാഷിന്റെ കൈവെട്ടൽവരെ ഉണ്ടാകുമായിരുന്നില്ല എന്ന് പിന്നീട് പല വിലയിരുത്തലുകളും ഉണ്ടായിട്ടുണ്ട്. ഏതാനും തീവ്രാവാദികൾ ആയിരുന്നില്ല രാമസിംഹനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത് എന്നതാണ് ഇതിലെ ഞെട്ടിപ്പിക്കുന്ന വസ്തുതയെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ എ.പി അഹമ്മദിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിവിധ മഹല്ലുകളും മുസ്ലിം പ്രമാണിമാരും കൂടിയാലോചിച്ചാണ് രാമസിംഹനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്. ഇസ്ലാം വിട്ടവനെ കൊല്ലണം എന്ന മത ശാസനം തന്നെ ആയിരുന്നു ഇതിന് അടിസ്ഥാനം. തീർത്തു 'ജനകീയമായ' ഒരു കൊലപാതകമായിരുന്നു ഇത്. ഏറ്റവും ദരിദ്രനായ മുസ്ലിം തൊട്ട് പ്രമാണിമാർവരെ പ്രതികളെ രക്ഷപ്പെടുത്താനും കേസ് നടത്താനും പരിവ് നൽകി! പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പിരിവ് എന്നും ഓർക്കണം.
കിളിയമണ്ണിൽ ഉണ്ണീനിൽ നിന്ന് രാമസിംഹനിലേക്ക്
മലപ്പുറത്ത് അന്നും ഇന്നും പ്രബലരായ കുടുംബമാണ് കിളിയമണ്ണിൽ കടുംബം. കിളിയമണ്ണിൽ തെക്കേ പള്ളിയാളി വീട്ടിൽ മൊയ്തുസാഹിബിന്റെ മൂത്ത മകനായിരുന്നു പിൽക്കാലത്ത് ഖാൻ ബഹാദൂർ ഉണ്ണീൻ സാഹിബ് എന്ന പേരിൽ അറിയപ്പെട്ട ഉണ്ണീൻ. കിളിയമണ്ണിൽ മൊയ്തു സാഹിബ് റബ്ബർ കൃഷിയിൽ പ്രാവീണ്യം നേടിയത് ബ്രിട്ടീഷുകാരുടെ പക്കൽ നിന്നാണ്. തൃശ്ശൂരിൽ വെള്ളക്കാരുടെ എസ്റ്റേറ്റുകളിൽ ജോലി ചെയ്തിരുന്ന അദ്ദേഹം മക്കൾക്കുവേണ്ടി അങ്ങാടിപ്പുറം മാലാപറമ്പിൽ എസ്റ്റേറ്റ് ആരംഭിക്കാൻ ശ്രമിച്ചു.
ഈ പ്രേരണയുമായി അദ്ദേഹം മക്കളോടൊപ്പം ശ്രീനരസിംഹമൂർത്തിക്ഷേത്രം ഊരാളൻ ചെമ്മലശ്ശേരി കുണ്ടറക്കൽ മുപ്പിൽ നായരെ സന്ദർശിച്ച് 600 ഏക്കർ ക്ഷേത്രഭൂമി പാട്ടത്തിനെടുത്ത് എസ്റ്റേറ്റ് ആരംഭിച്ചു. ക്ഷേത്രത്തിന് എതിർവശത്ത് ബംഗ്ലാവ് നിർമ്മിച്ച് ഉണ്ണീൻ സാഹിബും പരിവാരങ്ങളും പ്രൗഢിയോടെ താമസം തുടങ്ങി. അന്ന് ജീർണ്ണാവസ്ഥയിൽ കിടന്നിരുന്ന ക്ഷേത്രത്തിന്റെ കല്ലുകളും മറ്റുമുപയോഗിച്ച് ബംഗ്ലാവ് മോടിക്കൂട്ടി. ഈ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടത്തിൽ തകർന്നതാണെന്നാണ് പറയുന്നത്. ക്ഷേത്ര ശിലകൾ ഉപയോഗിച്ച് സ്വന്തം കക്കൂസ് നിർമ്മിക്കാൻ പോലും അക്കാലത്ത് ഉണ്ണീൻ സാഹിബിന് ഒരു മടിയും ഉണ്ടായിരുന്നില്ലെന്ന് ഈ വിഷയം പഠിച്ച തിരൂർ ദിനേശിനെപ്പോലുള്ള എഴുത്തുകാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വീരസിംഹൻ എന്ന നോവലും തിരുർ ദിനേശ് എഴുതിയിട്ടുണ്ട്.
ബ്രിട്ടീഷ് കൃഷിരീതി അവലംബിച്ചു കൊണ്ടുള്ള റബ്ബർ കൃഷിയായിരുന്നു ഉണ്ണീൻ സാഹിബ് തൊണ്ണൂറു വർഷത്തേയ്ക്കു പാട്ടത്തിനെടുത്ത ഭൂമിയിൽ അവലംബിച്ചു പോന്നത്. ബ്രിട്ടീഷുകാരുമായുള്ള സഹവാസംമൂലം ഉണ്ണീൻ സാഹിബ് മുസ്ലിം യാഥസ്ഥിക രീതിയിൽനിന്ന് മാറി പാശ്ചാത്യ ശൈലിയാണ് ജീവിതത്തിൽ അവംലംബിച്ചിരുന്നത്. ക്രമേണെ മദ്യത്തിനും മറ്റും അടിമയായതോടെ അദ്ദേഹം ഒരു രോഗിയായി. ഇങ്ങനെ അസുഖങ്ങൾ കൂടിക്കൂടി വന്നതിന്റെ കാരണം അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ചില ഹിന്ദുസുഹൃത്തുക്കൾ ക്ഷേത്രം തകർത്തതിന്റെ ദോഷം ആവുമോ എന്ന് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ക്ഷേത്രത്തിന്റെ ശ്രീകോവിൽ പുതുക്കിപ്പണിതു. ഇതോടെ അദ്ദേഹത്തിന്റെ അസുഖം മാറിയെന്നാണ് പറയുന്നത്.
അങ്ങാടിപ്പുറത്ത് അധികാരി സി.പി. കേശവ തരകൻ അടക്കമുള്ള ധനാഢ്യരുമായിട്ടായിരുന്നു ഉണ്ണീൻ സാഹിബിന്റെ സംസർഗ്ഗം. ഹെന്ദവരായ സുഹൃത്തുക്കളുമായുള്ള നിരന്തര സഹവാസവും കൂടിയായപ്പോൾ, ഉണ്ണ്യേൻ സാഹിബിൽ മാറ്റം ഉണ്ടായി. ദിവസങ്ങൾ ചെല്ലുംന്തോറും ഉണ്ണീൻ സാഹിബിൽ നരസിംഹ ഭക്തിയും ഹൈന്ദവ ജീവിതരീതിയും ശീലമാക്കി. കോഴിക്കോട് ആര്യസമാജം മുഖേന മതം മാറുകയും രാമസിംഹൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. 600 ഏക്കറിനുള്ളിൽ നിലകൊണ്ടിരുന്ന ക്ഷേത്രത്തിലെ പ്രധാന ദേവനായ നരസിംഹമൂത്തിയുടെ തികഞ്ഞ ഥഭക്തമനായി മാറിക്കഴിഞ്ഞിരുന്ന അപ്പോഴേക്കും അദ്ദേഹം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിലം പൊത്തിയ ക്ഷേത്രത്തിന്റെ ജീർണ്ണോദ്ധാരണം നടത്തി നിത്യനിദാനങ്ങൾ ഭംഗിയായി പുനരാരംഭിച്ചു.
ഹിന്ദുമതത്തിലേക്ക് മാറുന്നവർ ഏതു ജാതി സ്വീകരിക്കും എന്ന ചോദ്യം അന്നും ഉയർന്നിരുന്നു. ഇതിന് മറുപടിയായി അനുജനെ ഷോഡശ സംസ്കാരപ്രകാരം, ഉപനയനം ചെയ്ത് വേദം പഠിപ്പിച്ച് നരസിംഹൻ നമ്പൂതിരി എന്ന് പേരും സ്വീകരിപ്പിച്ചു. തുടർന്ന് കമല അന്തർജ്ജനത്തെക്കൊണ്ട് വിവാഹവും കഴിപ്പിച്ചു. പുഴക്കാട്ടിരി കൊട്ടുവാടി മംഗലത്തു മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മകളായിരുന്നു കമല അന്തർജ്ജനം.അനുജനെക്കൂടാതെ, രാമസിംഹന്റെ 12 വയസ്സിൽ താഴെയുള്ള മൊയ്തു, മൊയ്തൂട്ടി എന്നീ ബാലന്മാർക്ക് ഫത്തേസിങ്, സ്വരാവർസിങ് എന്നിങ്ങനെയും പേരിട്ടു. അവരെ ഡൽഹിയിലെ ബിർളാ സ്കൂളിൽ പഠിക്കാൻ വിട്ടതുകൊണ്ട് മാത്രമാണ് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഫത്തേസിങ്, സ്വരാവർസിങ് എന്ന പേരിൽനിന്നുതന്നെ, രമാസിംഹൻ എന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമായിരുന്നു. ഇസ്ലാമിക പീഡനത്തെ തുടർന്ന് മരിച്ച ഗുരു ഗോബിന്ദ് സിങ്ങിന്റെ ഒമ്പതും, എഴും വയസ്സിൽ മരിച്ച കുട്ടികളുടെ പേരുകൾ ആണത്. ഇസ്ലാമിലേക്ക് മാറാമോ എന്ന വാസിർ ഖാന്റെ ചോദ്യത്തിനു ഇല്ല എന്ന് മറുപടി പറഞ്ഞ ഈ കുട്ടികളെ കല്ലറക്കുള്ളിൽ ജീവനോടെ മൂടുകയായിരുന്നുവെന്നാണ് ചരിത്രം. ഓരോ കല്ല് വയ്ക്കുമ്പോഴും ഇസ്ലാമിലേക്ക് മാറുന്നോ എന്ന ചോദ്യം ആവർത്തിക്കപ്പെടും. ഗോബിന്ദ് സിങ്ങിന്റെ മക്കൾ ഇല്ല എന്ന് മറുപടിയും പറയും. ഇങ്ങനെ വിശ്വാസത്തിനുവേണ്ടി മരിച്ച ഈ കുട്ടികളുടെ പേര് തന്റെ കുട്ടികൾക്ക് ഇട്ടത് രാമസിംഹന്റെ കൃത്യമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നെന്നാണ് പിൽക്കാലത്ത് ഇതേപറ്റി പഠിച്ചവർ പറയുന്നത്.
അങ്ങനെ ആ കുടുംബം സമ്പൂർണ്ണമായി ഹിന്ദുമതത്തിലേക്ക് മാറി. കാലം ഏതൊണെന്ന് നോക്കണം. ജില്ല മലപ്പുറവും. 'പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ' എന്ന പേരിൽ പാക്കിസ്ഥാനുവേണ്ടിപ്പോലും മലപ്പുറത്ത് പ്രകടനം നടത്തിരുന്ന കാലം. 1942ലാണ് ഉണ്ണീൻ സാഹിബ് മതം മാറിയത്. 47ൽ അദ്ദേഹവും കുടുംബവും കൊല്ലപ്പെടുകയും ചെയ്തു.
ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
ഒരു മുസ്ലിം പ്രമാണി ഹിന്ദുമതത്തിലേക്ക് മാറിയത് മലപ്പുറത്ത് മാത്രമല്ല, മലബാറിൽ എമ്പാടും വലിയ ചർച്ചയായി. സ്വന്തം കുടുംബത്തിലെ പലരും തൊട്ട് ഭാര്യാപിതാവ് അടക്കമുള്ള പ്രമാണിമാർ തിരിച്ചുമതം മാറാൻ പല സമ്മർദങ്ങളും നടത്തിയെങ്കിലും വീരസിംഹൻ വഴങ്ങിയില്ല. ഇത് തന്റെ ഉറച്ച തീരുമാനം ആണെന്നും ഇനി ആരു വിചാരിച്ചാലും അതിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല തന്റെ മുത്തശ്ശി, ഒരു ഹിന്ദു സ്ത്രീയാണെന്നും ടിപ്പുവിന്റെ പടയോട്ടകാലത്ത് അവരെ മതം മാറ്റിയതാണെന്നുമാണ് വീരസിംഹൻ പറഞ്ഞത്. അതായത് അദ്ദേഹത്തെ സംബന്ധിച്ച് ഒരു 'ഖർവാപ്പസി' അഥവാ വീട്ടിലേക്കുള്ള തിരിച്ചുവരവ് മാത്രമായിരുന്നു ഈ മതം മാറ്റം.
മതംമാറിയതോടെ ജീവിത്തിലും വലിയമാറ്റങ്ങൾ ഉണ്ടായി. അതുവരെ മൂരി അറവും, റമദാന്മാസത്തിൽ വലിയ നോമ്പുതുറകളും, ഒക്കെ നടന്നിരുന്ന ആ വീട് പൂർണ്ണമായും വെജിറ്റേറിയനായി. വലിയ ഭക്തനായ രാമസിംഹൻ രാവിലെ എഴുനേറ്റ് പൂജയും ജപവും തുടങ്ങും. ഈ വാർത്തകൾ കാട്ടുതീപോലെ പടർന്നതോടെയാണ്, അദ്ദേഹത്തെ വിധിക്കാനുള്ള നീക്കവും തുടങ്ങിയത്. 1921ലെ മാപ്പിള ലഹളക്കാലത്തെ മുറിവുകളിൽനിന്ന് അപ്പോഴും മലബാർ മുക്തമായിരുന്നില്ല.
നേരെത്തും പലതരവണ ചെറുതും വലുതുമായ വധശ്രമങ്ങൾ വീരസിംഹനുനേരെ നടന്നിരുന്നു. പക്ഷേ അദ്ദേഹം അത് കാര്യമാക്കിയില്ല. എന്നാൽ ഇത്തവണ വിപുലമായ ഒരുക്കങ്ങളോടെയാണ് കൊലയാളികൾ എത്തിയത്. തനിക്ക് ഇഷ്ടമുള്ള മതം സ്വീകരിച്ചു എന്നല്ലാതെ വീരസിംഹനും കൂട്ടരും ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലായിരുന്നു. അവസാനകാലമായതതോടെ പുർണ്ണമായും പൂജയിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഒരിടത്തുപോലും ഇസ്ലാമിനെ താഴ്ത്തിക്കെട്ടാനോ, ഇസ്ലാമിനെതിരെ സംസാരിക്കാനോ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശത്രുക്കൾക്കുപോലും ആ അഭിപ്രായം ഉണ്ടായിരുന്നില്ല. എന്നിട്ടും മതവൈരം അദ്ദേഹത്തെ ചതിച്ചു.
പക്ഷേ കൊല്ലാനും വഴികാണിക്കാനും എത്തിയത് അയൽവാസികൾ കൂടിയായിരുന്നു. 1947 ഓഗസ്റ്റ് രണ്ടിന് അർദ്ധരാത്രിയിൽ, മലാപ്പറമ്പിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ വെച്ച രാമസിംഹൻ, അനുജൻ നരസിംഹൻ, അനുജന്റെ ഭാര്യ കമല അന്തർജനം, അവിടുത്തെ പാചകക്കാരൻ രാജു അയ്യർ എന്നിവരെ നിഷ്ഠൂരമായി കൊലചെയ്യപ്പെടുന്നു. അയൽക്കാരായ കുഞ്ഞലവി, മൊട്ടേങ്ങൽ മൊയ്തുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒമ്പതംഗസംഘമാണ് കൊല നടത്തിയതെന്ന് പിന്നീട് കേസന്വേഷണത്തിൽ തെളിഞ്ഞു. അതേസമയം, ആ വീട്ടിലുണ്ടായിരുന്ന കമല അന്തർജ്ജനത്തിന്റെ അമ്മയും, കുട്ടികളും കൊലയാളികളുടെ കണ്ണിൽപ്പെടാതെ രക്ഷപ്പെട്ടു. ബംഗ്ലാവിന്റെ ഭിത്തികളിൽ രക്തവും മാംസവും തെറിച്ചുണ്ടായതുപോലും ഭീകരചിത്രങ്ങളാണെന്നാണ് സ്ഥലം സന്ദർശിച്ച പൊലീസുകാർ പറയുന്നത്.
തുണ്ടം തുണ്ടമായി വെട്ടി നുറുക്കിയ അക്രമിസംഘം, എസ്റ്റേറ്റ് ബംഗ്ലാവിന്റെ പുറകിലൂടെ, കുന്നിറങ്ങി പലവഴി പിരിഞ്ഞ് ഒളിസ്ഥലങ്ങളിൽ അഭയം തേടി. പോയ വഴിയിലുപേക്ഷിച്ച, കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കുളത്തൂരിനടുത്തുള്ള മുതലക്കോട്ട് കുളത്തിൽ നിന്നും പിന്നീട് പൊലീസ് കണ്ടെടുത്തു. കഴുത്തിന്വെട്ടുകൊണ്ട പാചകക്കാരൻ രാജുഅയ്യർ, രക്തവാർന്ന് ഓടി അടുത്ത വീട്ടിൽ വീഴുകയായിരുന്നു. ആ വീട്ടുകാർ അറിയിച്ചതിനെ തുടന്നാണ് കൊളത്തൂർ പൊലീസ് സ്ഥലത്തെത്തിയത്. ഒരു ദിവസം മുഴവൻ ആശുപത്രിയിൽ കിടന്ന രാജു അയ്യർ പിറ്റേന്നാണ് മരിച്ചത്. അക്രമികളിൽ കണ്ടാൽ അറിയുന്നവരും ഉണ്ടായിരുന്നെന്നും, തക്ബീർ വിളിച്ചുകൊണ്ടാണ് അവർ എത്തിയതെന്നും രാജു അയ്യർ മൊഴി നൽകിയിരുന്നു.
ആ കുടുംബം ഛിന്നഭിന്നമാക്കിയിട്ടും കലിയടങ്ങാത്ത, അവർ രാമസിംഹന്റെ എസ്റ്റേറ്റ് ബംഗ്ലാവ് കൊള്ളയടിച്ചു. രാമസിംഹൻ ജീർണ്ണോദ്ധാരണം ചെയ്ത് ഉപാസിച്ചു പോന്ന നരസിംഹമൂർത്തിക്ഷേത്രം ഇടിച്ചു നിരത്തി. നാലമ്പലവും, ശ്രീകോവിലുമുൾപ്പെടെ പൊളിച്ചടുക്കിയ അവർ തടിയും, ഓടുമടക്കമുള്ളവ കൊള്ളയടിക്കുകയും, ക്ഷേത്രവിഗ്രഹങ്ങൾ തകർത്ത് ക്ഷേത്രക്കുളത്തിലും, കിണറ്റിലുമിട്ട്, ക്ഷേത്രത്തിന്റെ ചുറ്റുമതിൽ ഇടിച്ചു തകർത്ത് അതിട്ടു മൂടുകയും ചെയ്തു.ടിപ്പു സുൽത്താൻ വരുത്തിത്തീർത്ത നാശനഷ്ടങ്ങൾ, പ്രദേശവാസികളായ ഇവർ ചേർന്ന് പൂർണ്ണമാക്കുകയായിരുന്നു.
ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കുന്നു
രാമസിംഹൻകൂട്ടക്കൊല നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് നിയമപാലകർ സ്ഥലത്തെത്തുന്നത്. പേടി കാരണം ഒറ്റ ഹിന്ദുകുടംുബങ്ങൾ പോലും അടുത്ത് എത്തിയില്ല. മൃതദേഹം ഏറ്റെടുക്കാൻ ആളുണ്ടായിരുന്നില്ല. മരണാനന്തര കർമ്മങ്ങൾ നടത്തൻ പോലും ആഴെ കിട്ടിയില്ല. എല്ലാവർക്കും പേടിയായിരുന്നു. ഒടുവിൽ പെരിന്തൽമണ്ണ നഗരത്തിനടുത്തുള്ള കുന്നിൻ ചെരുവിൽ ഈ മൃതദേഹങ്ങൾ കൂഴിച്ച് മൂടുകയായിരുന്നു. ഒരു ഹിന്ദുപൊലീസ് ഉദ്യോഗസ്ഥൻ ഒരു ചന്ദനത്തിരികത്തിച്ചുവെച്ച് മണ്ണിട്ട് മൂടുകയായിരുന്നുവെന്നാണ് അന്നത്തെ രേഖകൾ പറയുന്നത്.
കൊലപാതകികളുടെ സംഘത്തെ നിയോഗിച്ചത് രാമസിംഹന്റെ ഭാര്യാപിതാവായ മണ്ണാർക്കാട്ടെ കല്ലടി ഉണ്ണിക്കമ്മു ആണെന്നാണ് പൊതുവെ പറപ്പെടുന്നത്. ഇതിനായി പലതവണ മുസ്ലിം പ്രമാണിമാർ മഹല്ലുകേന്ദ്രീകരിച്ച് യോഗം ചേർച്ചതായും പറയുന്നുണ്ട്. രാമസിംഹനെയും കുടുംബത്തെയും കൊല്ലാനായി അവർ പിരിവിട്ട് പ്രത്യേക ഫണ്ട് സ്വരൂപിച്ചതായും രേഖകളിൽ പറയുന്നുണ്ട്! കൊലപാതകത്തിനും ഫണ്ട്. പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടറായിരുന്ന കേശവമേനോന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.കേസിൽ ഒൻപതു പേരടങ്ങുന്നസംഘമാണ് അറസ്റ്റിലായത്. നാണത്ത് കുഞ്ഞലവി, മൊട്ടേങ്ങൽ മൊയ്തൂട്ടി എന്നിവരായിരുന്നു നേതാക്കൾ. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ, ഇവരെക്കൂടാതെ രാമസിംഹന്റെ ഭാര്യാപിതാവ് കല്ലടി ഉണ്ണിക്കമ്മു തുടങ്ങിയ ചിലർക്കും പങ്കുള്ളതായി കേശവ മേനോന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.
സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതികൾ, പക്ഷേ മദ്രാസ് ഹൈക്കോടതിയുടെ ആനുകൂല്യത്തിൽ നിരുപാധികം രക്ഷപ്പെട്ടു. ഭീഷണിപ്പെടുത്തിയു പണം കൊടുത്തും സാക്ഷികളെ മൊഴിമാറ്റിച്ചാണ് പ്രതികൾ രക്ഷപ്പെട്ടത്. എഴുത്തുകാരൻ എ.പി അഹമ്മദ് ഇങ്ങനെ പറയുന്നു. '' വീരസിംഹൻ കൊലക്കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാൻ വേണ്ടി മലബാറിലെ സകല പള്ളികളിലും പിരിവ് നടത്തി. സാക്ഷികളെ ഭീഷണിപ്പെടുത്തി. പണം കൊടുത്ത് പ്രലോഭിപ്പിച്ച് കാലുമാറ്റി. അതോടെ ഒറ്റയെണ്ണം സാക്ഷി പറഞ്ഞില്ല.ഇങ്ങനെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്.'
അന്നത്തെ മദിരാശി സർക്കാരിൽ പങ്കാളികളായ മലബാറിൽ നിന്നുള്ള ജനപ്രതിനിധികൾ ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കി ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിതെന്നും അക്ഷേപമുണ്ട്. അന്നത്തെ പ്രമുഖരായ കോൺഗ്രസ്- കമ്യൂണിസ്റ്റ് നേതാക്കാൾ പ്രതികൾക്കുവേണ്ടിയാണ് നിന്നതെന്ന് ആക്ഷേപമുണ്ട്. എഴുത്തുകാൻ തിരൂർ ദിനേശ് ഇങ്ങനെ പറയുന്നു. ''രാമസിംഹന് ഇനിയും നീതികിട്ടിയിട്ടില്ല. അക്കാലത്തെ പ്രമുഖ നേതാക്കൾ ഒക്കെയും കൊലയാളികൾക്ക് അനുകൂലമായാണ് നിലപാട് എടുത്തത്. പ്രതികളെ രക്ഷിക്കാൻ വേണ്ടി വൻ തുകയാണ് പള്ളികളിൽനിന്ന് പിരിച്ചെടുത്തതത്. കേസ് കഴിഞ്ഞിട്ടും പണം ബാക്കിയായി.അന്ന് പിരിച്ച പണത്തിന്റെ ഒരു ഭാഗം എടുത്താണ്, ഒരു മെഡിക്കൽ കോളജ് പോലും തുടങ്ങിയത് എന്നും ആരോപണമുണ്ട്'.
മാത്രമല്ല വീരസിംഹന്റെ മക്കൾക്കും പിതാവിന്റെ മതം സ്വീകരിക്കാൻ കഴിഞ്ഞില്ല എന്നതാണ് പിൽക്കാല ചരിത്രം. ഫത്തേസിങ്, സ്വരാവർസിങ് എന്ന് വീരസിംഹൻ അർഥവത്തായി പേരിട്ട ഈ കുട്ടികൾ ഡൽഹിയിലെ ബിർളാ സ്കൂളിൽ പഠിക്കാൻ വിട്ടതുകൊണ്ട് മരണത്തിൽ നിന്ന് രക്ഷപ്പെട്ടത്. പിതാവിന്റെ മരണത്തെ തുടർന്ന്
ഈ കുട്ടികളെ ഏറ്റെടുക്കാൻ ആരും ഉണ്ടായിരുന്നില്ല. പേടി മൂലം ഒറ്റ ഹിന്ദുക്കളും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. തങ്ങൾക്ക് പിതാവിന്റെ മതത്തിന്റെ തന്നെ തുടരാണ് ആഗ്രഹം എന്ന് ഈ കുട്ടികൾ പറഞ്ഞുവെങ്കിലും അവരെയും, ഭാര്യയുടെ ബന്ധുക്കൾ ഏറ്റെടുത്ത് തിരിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുകയായിരുന്നു.
സ്വതന്ത്രദിനം ആഘോഷിക്കാൻ കഴിയാതെ മലപ്പുറം
ഡോ കെ.എൻ പണിക്കരെപ്പോലുള്ള പ്രമുഖരായ ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടുന്ന ഒരു കാര്യമുണ്ട്. അന്നത്തെ മലപ്പുറം താലൂക്കിൽ മാത്രമാണ് 1947 ഓഗസ്റ്റ് 15ന് ദേശീയപതാക ഉയർത്താത്ത്ത്. അതിന്റെ കാരണം രണ്ടാണ്. തലേന്നുവരെ 'പത്തരിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാൻ' എന്ന് പറഞ്ഞ് പ്രകടനം നടത്തിയവർ അവിടെത്തന്നെ ഉണ്ടായിരുന്നതിനാൽ കൊടി ഉയർത്താൻ പേടി ആയിരുന്നു. രണ്ട് കർഫ്യൂ നിലനിനിന്നിരുന്നു. രാമസിംഹനെയും കുടുംബത്തെയും കൊന്നതിന്റെ പേരിൽ. ഇതിനിടയിൽ എന്ത് സ്വാതന്ത്ര്യദിനം.
കൂട്ടക്കൊലക്ക് സാക്ഷ്യം വഹിച്ച ബംഗ്ലാവും മൊയ്തു റബ്ബർ എസ്റ്റേറ്റും ഉൾപ്പെട്ട സ്ഥലം, പലവിധം കൈമാറ്റങ്ങൾക്ക് ശേഷം ഇന്ന് മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ്, ആർട്സ് ആൻഡ് സയൻസ് കോളേജ് എന്നിവയോടുകൂടി മുസ്ലിം എഡ്യുക്കേഷൻ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സമുച്ചയമാണ്. അന്ന് തകർക്കപ്പെട്ട മാട്ടുമ്മൽ ശ്രീനരസിംഹമൂർത്തി ക്ഷേത്രം, ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ 2011ൽ പുനരുദ്ധാരണം കഴിഞ്ഞ് ക്ഷേത്രമായി മാറി. പക്ഷേ രാമസിംഹന്റെ പ്രതികൾ മാത്രം ശിക്ഷപ്പെട്ടില്ല.
ഈ കേസ് നല്ല രീതിയിൽ അന്വേഷിക്കപ്പെടുകയും, സർക്കാർ അപ്പീൽ പോവുകയും ചെയ്തിരുന്നെങ്കിൽ, പിൽക്കാലത്ത് മതത്തിന്റെ പേരിൽ നടക്കാനുണ്ടായിരുന്ന എത്രമാത്രം കൊലകൾ ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് ഹമീദ് ചേന്ദമംഗല്ലൂരിനെപ്പോലുള്ള സ്വതന്ത്രചിന്തകർ ചോദിക്കുന്നത്. കാരണം സംഘടിത മതത്തിന്റെ സമ്മദർ ശക്തിവെച്ച് ഏത് കേസും അട്ടിമറിക്കാമെന്ന്, കേരളത്തിൽപോലും ഇസ്ലാമിസ്റ്റുകൾക്ക് ബോധ്യപ്പെട്ടത്, വീരസിംഹൻ കൊലയോടെയാണ്. ചേകന്നൂർ മൗലവി കേസും ജോസഫ് മാഷിന്റെ കൈവെട്ട്കേസിലുമൊക്കെ ആവർത്തിക്കപ്പെട്ടത് സമാനമായ മത സ്വാധീനമാണ്. മാത്രമല്ല സംഘപരിവാറിന്റെ വളർച്ചക്കും കേരളത്തിൽ ഈ കേസ് ഗുണപ്പെട്ടു. ഹിന്ദുക്കളുടെ ഭാഗം പറയാൻ ആരുമില്ല എന്നതിന് ഉദാഹരണമായി, ആരും ഏറ്റെടുക്കാൻ പോലും ഇല്ലാതെ കുഴിച്ച് മൂടപ്പെടേണ്ടി വന്ന വീരസിംഹന്റെയും കുടുംബത്തിന്റെയും മൃതദേഹത്തേക്കാൾ വലിയ ഉദാഹരണമെന്താണ്.
ഇന്ന് ചരിത്രത്തിന്റെയും കാലത്തിന്റെയും തിരിച്ചടികൾ നോക്കുക. ഒരു പക്ഷേ മലബാറിൽ മാത്രമല്ല, മലായളനാട്ടിൽതന്നെ ആദ്യമായിട്ടായിരിക്കണം, ഒരു മുസ്ലിം പരസ്യമായി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുവാകുന്നത്. അതിന് അയാൾക്ക് കിട്ടയ ശിക്ഷ നോക്കുക. അന്ന് കൊലയാളികളായ ഇസ്ലാമിക സമൂഹം ഇന്ന് ഹാദിയ കേസിലൊക്കെ മത പരിവർത്തന സ്വാതന്ത്ര്യത്തിനുവണ്ടി നില കൊള്ളുകയാണ്. ഇൻ കമിങ്ങ് ഫ്രീ, ഔട്ട്ഗോയിങ്ങിന് തലവെട്ടപ്പെടും എന്ന സെലക്റ്റീസ് ഇസ്ലാമിക യുക്തിയുടെ കേരളത്തിലെ ആദ്യ ഇരയും വീരസിംഹനായിരിക്കും.
വാൽക്കഷ്ണം: ചരിത്രം വളച്ചൊടിച്ച് വാരിയൻ കുന്നൻ സിനിമയൊക്കെ ഉണ്ടാക്കാൻ ഒരുങ്ങുന്നവർ വല്ലപ്പോഴും വീരസിംഹന്റെ ചരിത്രവും ഒന്ന് വായിക്കണം. 1915 മുതൽ 50വരെ മലബാറിൽ തുടർച്ചയായി ചെറുതുംവലുതുമായ 30ഓളം വർഗീയ അക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്. 1921ലെ മാപ്പിളലഹളയിൽ പതിനായിരത്തോളം ഹിന്ദുക്കൾ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. മതപരിവർത്തനം ചെയ്യപ്പെട്ട സ്ത്രീകൾക്കും മറ്റുള്ളവർക്കും പുറമെയാണിത്. ഇതിൽ കർഷക തൊഴിലാളികളായ ഹിന്ദുസമുദായത്തിലെ അധസ്ഥിത വിഭാഗത്തിൽപ്പെടുന്നവരുമുണ്ട്. ഇ.എം.എസിന്റെ കുടുംബംപോലും അക്രമങ്ങൾക്കിരയായിട്ടുണ്ടെങ്കിലും മാപ്പിള ലഹളയെ കാർഷിക സമരമെന്ന് വിശേഷിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. പച്ചയായ ചരിത്രം പലപ്പോഴും വോട്ട് കിട്ടത്തക്ക രീതിയിൽ ആയിരിക്കില്ല.