ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലെ സുപ്രധാനമായ വിധിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങിയ ബഞ്ച് ഇന്ന് പ്രഖ്യാപിച്ചത്. അത്യന്തം നിർണായകമായ വിധി പ്രഖ്യാപിച്ചപ്പോൾ നിയമസംവിധാനങ്ങൾ പോലും കാലത്തിന് മുന്നിൽ തിരുത്തി എഴുതേണ്ടി വന്നു. സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനതയുടെ നീണ്ട നാളത്തെ നിയപോരാട്ടത്തിനാണ് വിജയം കണ്ടത്.സ്വവർഗരതി ക്രിമിനൽ കുറ്റകരമാകുന്ന ഐ.പി.സി 377-ാം വകുപ്പ് റദ്ദ് ചെയ്ത നടപടി രാജ്യമൊട്ടാകെ സ്വാഗതം ചെയ്യ്തു.

സ്ത്രീയും പുരുഷനും എന്ന പോലെ ഒരേ തുല്യവർഗത്തിൽ പെട്ടവർക്ക് ഒരുമിച്ച് ജീവിക്കാനും ഈ നിയമസംവിധാനത്തിലുടെ അവസരമൊരുങ്ങിക്കഴിഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉൾപ്പെടുന്ന അഞ്ചംഗ ബഞ്ച് സങ്കോചമില്ലാതൊണ് നിയമം തിരുത്തി എഴുതിയത്. ഇതോടെ മാറ്റി എഴുതപ്പെട്ടത് പ്രാകൃതവും പിൻതുടരുന്നതുമായ നിയമ സംവിധാനത്തെയാണ്. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള കാരണമാകരുത്. ജീവിക്കാനുള്ള സ്വാതന്ത്രമാണ് അതിന് പിന്നിലെന്നും പറയുന്നുണ്ട്. എങ്കിലും പ്രസക്തമാകുന്നത് 157 വർഷം പഴക്കമുള്ള നിയമത്തിന് ചരിത്രപരമായ തിരുത്തൽ നൽകി ഒരു ജനതയെ കൈപിടിച്ചുയർത്തുക എന്നതാണ്.

ഐ.പി.സി 377 തിരുത്തലിന്റെ പ്രസക്തിയും

ഐ.പി.സി 377 ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും അഞ്ച് അംഗ ബഞ്ച് അടങ്ങുന്ന സുപ്രീംകോടതി ബഞ്ച് നിഷ്‌കർഷിച്ചത്. പരസ്പര സമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലെന്നും നിയമം സവിസ്തരം പ്രതിപാദിക്കുന്നു. ഇതോടെ ഇന്ത്യയുൾപ്പടെ 25 രാജ്യങ്ങളിൽ സ്വവർഗ രതി നിയമവിധേയമായി മാറിക്കഴിഞ്ഞു. എൽ.ജി.ബി.ടി സമൂഹത്തിന് മറ്റെല്ലാവർക്കുള്ള എല്ലാ അവകാശവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്തെ നിയമം തിരുത്താൻ ദീപക് മിശ്ര ഉൾപ്പെട്ട ബഞ്ചിന് നിർണായകമായ ഘട്ടങ്ങളിലൂടെയാണ് സഞ്ചരിക്കേണ്ടിയും വന്നത്.

സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ അംഗീകരിക്കാനുള്ള മാനദണ്ഡമാണ് ഭരണഘടനാ വ്യവസ്ഥാപിതമായ ഒരു ജനാധിപത്യ രാജ്യം മുന്നോട്ട് വെയ്‌ക്കേണ്ടത്. അതിനായി വെള്ളക്കാർ ക്രിമിനൽ കുറ്റമെന്ന് മുദ്രചാർത്തിയ ഇന്ത്യൻ പീനൽ കോഡിലെ 377 ാം വകുപ്പിനെ ഇല്ലാതാക്കുകയായിരുന്നു പ്രതിവിധി. ഇതിനായി നീണ്ടനാളത്തെ നിയമപോരാട്ടം നടത്തിയവരിൽ അഞ്ചുപേരാണ് പ്രമുഖ ക്ലാസിക്കൽ നർത്തകനും സംഗീത നാടക അക്കാദമി ചെയർമാനുമായ നവജേത് ജോസഹർ, മാധ്യമ പ്രവർത്തകനായ മെഹ്‌റ, റിതു ഡാൽമിയ, അമാൻ നാഥ്, റാണി മുഖർജി എന്നിവർ

നവതേജ് സിങ് ജോഹർ (59)

ജോഹർ പ്രമുഖ ക്ലാസിക്കൽ നർത്തകനും സംഗീതനാടക അക്കാദമി പുരസ്‌കാരജേതാവുമാണ്. 25 വർഷമായി ഒരുമിച്ച് ജീവിക്കുന്ന തന്റെ പങ്കാളിയോടൊപ്പമാണ് ജോഹർ ഹർജി നൽകിയത്. സെക്ഷൻ 377 ജീവിക്കാനുള്ള അവകാശത്തിനെ ലംഘിക്കുകയാണെന്നായിരുന്നു ജോഹറിന്റെ വാദം. നവതേജ് സിങ് ജോഹർ അശോക സർവകലാശാലയിലെ വിസിറ്റിങ് ഫാക്വൽറ്റിയാണ്.

മെഹ്‌റ

മെഹ്റ മാധ്യമപ്രവർത്തകനും മാക്സിം മാഗസിൻ ഇന്ത്യൻ എഡിഷന്റെ മുൻ എഡിറ്ററുമാണ്. അഭിനേതാവ് കൂടിയായ മെഹ്റ 'ദസ്താൻഗോയി'യിൽ (13ാം നൂറ്റാണ്ട് മുതലുള്ള ഒരു തരം കഥാകഥന രീതി) പ്രഗത്ഭനാണ്. ദൂരദർശനിൽ 'സെന്റർസ്റ്റേജ്' എന്ന പരിപാടിയുടെ സംവിധാനം, നിർമ്മാണം, രചന, അവതരണം എന്നിവ നിർവ്വഹിച്ചിട്ടുണ്ട്. കാൽ നൂറ്റാണ്ടോളമായി ജീവിതം പങ്കിടുന്ന ജോഹറിനൊപ്പം സ്റ്റുഡിയോ അഭ്യാസ് സ്ഥാപിച്ചു.

റിതു ഡാൽമിയ

പ്രശസ്തയായ പാചകവിദഗ്ധയും റെസ്റ്റോറന്റ് ശൃംഖലയായ ദിവയുടെ ഉടമസ്ഥയുമാണ് റിതു ഡാൽമിയ. ധാരാളം പുസ്തകങ്ങൾ എഴുതുകയും ടിവി ചാനൽ പാചകപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കൊൽക്കത്തയിൽ മാർവാഡി ബിസിനസ് കുടുംബത്തിൽ ജനിച്ച റിതു കൗമാരകാലം തൊട്ടേ കുംടുംബ ബിസിനസിൽ പങ്കുചേർന്നു. ലോകസഞ്ചാരിയായ റിത ഇറ്റാലിയൻ പാചകത്തിലുള്ള തന്റെ പ്രത്യേകപ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. 2012ൽ പുറത്തിറങ്ങിയ 'ട്രാവലിങ് ദിവ: റെസിപ്പീസ് ഫ്രം എറൗണ്ട് ദ വേൾഡ്' റിതുവിന്റെ ഏറ്റവും വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നാണ്.

അമാൻ നാഥ്

നീംറാണ ഹോട്ടൽ ശൃംഖലയുടെ ഉടമസ്ഥൻ. ചരിത്രവും വാസ്തുകലയുമാണ് അമാൻ നാഥിന്റെ ഇഷ്ട വിഷയങ്ങൾ. ചരിത്രവും കലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പുസ്തങ്ങൾ എഴുതിയിട്ടുണ്ട്. കവികൂടിയായ അമാൻ നാഥ് കല, ചരിത്രം, വാസ്തുകല, ഫോട്ടാഗ്രഫി എന്നിവയുമായി ബന്ധപ്പെട്ട 13 ചിത്രപുസ്തങ്ങളുടെ രചനയിലും പങ്കാളിയായി. 'ക്രിസ്റ്റീസ്' കമ്പനി ലോകത്താകമാനം വിതരണം ചെയ്യാൻ ആദ്യമെടുത്ത ഇന്ത്യൻ പുസ്തകം അമാൻ നാഥിന്റേതാണ്.

റാണി മുഖർജി

അഭിനേതാവും ബിസിനസ് സംരഭകയും. ബ്ലാക് എന്ന ചിത്രത്തിൽ റാണി മുഖർജി കഥാപാത്രത്തിന്റെ ബാല്യം അവതരിപ്പിച്ചതോടെ ശ്രദ്ധിക്കപ്പെട്ടു. കാഴ്‌ച്ചയും സംസാരശേഷിയും ഇല്ലാത്ത പെൺകുട്ടിയുടെ കഥാപാത്രം അവതരിപ്പിക്കുമ്പോൾ ഒമ്പത് വയസ് മാത്രമായിരുന്നു അയേഷയുടെ പ്രായം. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം നേടി. കൊളംബിയ യൂണിവേഴ്സിറ്റിയിൽ ലിബറൽ ആർട്സ് വിദ്യാർത്ഥിയാണിപ്പോൾ.

സ്വവർഗരതിയും ഐ.പി.സി 377 വകുപ്പും

സമൂഹത്തിലെ ദുർബല വിഭാഗമെന്നോ, ന്യൂനപക്ഷമെന്നോ പരിഗണന ലഭിക്കാത്തവരാണ് ലൈംഗിക ന്യൂനപക്ഷങ്ങൾ, ഇന്ത്യൻ ഭരണഘടന സമൂഹത്തിലെ നാനാ വിഭാഗത്തിലുള്ള ആളുകളേയും സംരക്ഷിച്ച് നിലനിന്ന് പോകുന്നു. എൽ.ജി.ബി.ടി വിഭാഗം ഇന്ത്യയിൽ ഇന്നലെ പൊട്ടിക്കിളിർത്തവരല്ല. മനുഷ്യനുണ്ടായ കാലം മുതൽ തന്നെ ജനിതക വ്യതിയാനങ്ങളിൽ അവൻ അവളായും അവൾ അവനായും മാറപ്പെടുകയായിരുന്നു. പരസ്പരം ഇണ ചേരുന്ന ഒരു സമൂഹത്തെ അരുതെന്ന് പറയാനും ക്രമിനിൽ കുറ്റമായി പരിഗണിക്കാനും ഏഥൻസിലെ ഭരണകാലം തൊട്ടേയുള്ള രാഷ്ട്ര സംവിധാനങ്ങൾ നിരന്തരം പുലർത്തി പോന്നിരുന്നു. 18-ാം നൂറ്റാണ്ടിലും അതിനുമപ്പുറവും ഉഭയസമ്മതപ്രകാരമുള്ള ഇത്തരം ലൈംഗികതയെ രാജ്യത്തെ കൊടും ക്രൂരകൃത്യങ്ങളുടെ പട്ടികയിൽ നിർത്തിയിരുന്നു. ഇന്ത്യയും പിന്തുടർന്നത് ഇതേ നീതി ശാസ്ത്രം തന്നെയാണ്.

 

ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്ക്കുന്ന വിശാലമായ അർത്ഥത്തിൽ ന്യായമായ അവകാശങ്ങൾ ലഭിക്കേണ്ടവരാണ് ലൈംഗിക ന്യൂനപക്ഷവും. മത, ഭാഷാ ന്യൂനപക്ഷങ്ങൾ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങളിൽ പ്രധാനപ്പെട്ട വിഭാഗമാണ് ലൈംഗിക ന്യൂനപക്ഷവും. ഇതിനൊപ്പം ഒരു സാഹചര്യത്തിലും ജാതി, മത, വർഗ, ലിംഗ വിവേചനം പാടില്ല എന്ന ഭരണഘടനയുടെ ആശയവും മൗലികാവകാശങ്ങൾ എല്ലാവർക്കുമുണ്ട് എന്ന ആശയവും ഭിന്നലൈംഗികത ഉയർത്തിപ്പിടിക്കുന്നവർ മുന്നോട്ടുവയ്ക്കുന്നു. ന്യായമായും ലഭിക്കേണ്ട ജീവിക്കാനുള്ള അവകാശം പോലും അന്യമാകുന്ന വിഭാഗം കൂടിയാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷം. ലെസ്‌ബിയൻ, ഗേ, ബൈ സെക്ഷ്വൽ, ട്രാൻസ് ജെൻഡർ വിഭാഗങ്ങളിലായി വേർതിരിക്കപ്പെട്ടവർ. എൽ.ജി.ബി.ടി അവകാശങ്ങൾ എന്ന ചുരുക്കെഴുത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ അറിയപ്പെടുന്നു.

1860ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന വെല്ലുവിളി. പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഐ.പി.സി 377-ാം വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് നിയമം നിർവചിക്കപ്പെടാത്ത ലൈംഗികതയിൽ ഉൾപ്പെട്ടവർ രതിയിൽ ഏർപ്പെടുന്നത് കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയായി കണക്കാക്കുന്നത്. കാരണം സ്ത്രീയും പുരുഷനും തമ്മിൽ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായ വിഭാഗങ്ങളാണ് ലൈംഗിക ന്യൂനപക്ഷം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസ്തുത വകുപ്പ് ഒഴിവാക്കണം എന്നതാണ് ഭിന്നലിംഗ സമൂഹം അഥവാ ലൈംഗിക ന്യൂനപക്ഷം ഉയർത്തുന്ന പ്രധാന ആവശ്യം.

നിയമപോരാട്ടത്തിന്റെ ഇന്ത്യൻ ചരിത്രം

ഒന്നര ദശാബ്ദത്തോളം പഴക്കമുണ്ട് ഭിന്നലിംഗക്കാരുടെ നിയമ പോരാട്ടത്തിന്. 2001ൽ നാസ് ഫൗണ്ടേഷൻ തുടങ്ങിയ പോരാട്ടം സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന് മുന്നിൽ എത്തി നിൽക്കുന്നു. പുരുഷ അനുരാഗികൾ തമ്മിലുള്ള ലൈംഗികതയ്ക്ക് നിയമപരമായ സാധുത നൽകണം എന്ന ആവശ്യം ഡൽഹി ഹൈക്കോടതിയുടെ മുന്നിലാണ് ആദ്യം വരുന്നത്. മൂന്ന് വർഷത്തിൽ അധികം നീണ്ട നിയമ യുദ്ധത്തിന് ശേഷം പൊതുതാൽപര്യ ഹർജി 2004 സെപ്റ്റംബറിൽ ഹൈക്കോടതി തള്ളി. എന്നാൽ സ്വവർഗ്ഗാനുരാഗികൾ അതേ മാസംെൈ ഹക്കോടതിയിൽ റിവ്യൂ ഹർജി നൽകി. വിഷയം പരിഗണിക്കാനാവില്ലെന്ന് കാട്ടി നവംബറിൽ ഹർജി ഹൈക്കോടതി തള്ളി. ഡിസംബറിൽ സ്വവർഗ്ഗാനുരാഗികൾ ഹൈക്കോടതി നിലപാടിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

2006 ഏപ്രിലിൽ ഹർജി വീണ്ടും പരിശോധിക്കാൻ ഹൈക്കോടതിക്ക് വീണ്ടും സുപ്രീംകോടതി നിർദ്ദേശിച്ചു. ഒക്ടോബറിൽ സ്വവർഗ്ഗാനുരാഗികൾക്കെതിരെ നിലപാട് എടുത്ത് ബിജെപിയുടെ മുതിർന്ന നേതാവ് സിംഗാൾ കേസിൽ കക്ഷി ചേർന്നു. 2008 സെപ്റ്റംബറിൽ വിഷയത്തിൽ നിലപാട് അറിയിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം കൂടുതൽ സമയം തേടി.

സാമൂഹ്യ സദാചാരത്തിന്റെ അടിസ്ഥാനത്തിൽ മൗലികാവകാശങ്ങൾ ഹനിക്കരുത് എന്ന് സ്വവർഗ്ഗാനുരാഗികൾ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യത്യസ്ത നിലപാടുകൾ ഹൈക്കോടതിയിൽ സ്വീകരിച്ചു. സ്വവർഗ്ഗാനുരാഗത്തെ എതിർക്കുന്നതായിരുന്നു കേന്ദ്രം ഒടുവിൽ സ്വീകരിച്ച നിലപാട്.

സഹത്തിൽ സദാചാര വിരുദ്ധത വർദ്ധിക്കാൻ ഇടയ്ക്കും എന്നതായിരുന്നു കേന്ദ്രത്തിന്റെ ആദ്യ വാദം. തുടർന്ന് ഇത് മത വിശ്വാസങ്ങളെ ഹനിക്കുന്നതാണ് എന്ന വാദത്തിൽ ഉറച്ച് എതിർത്തു. പാർലമെന്റ് തീരുമാനമെടുക്കേണ്ട വിഷയത്തിൽനിന്നും ഹൈക്കോടതി വിട്ടുനിൽക്കണം എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ തുടർനിലപാട്.

കേന്ദ്ര നിലപാടുകൾക്ക് തിരിച്ചടിയേൽക്കുന്നതായിരുന്നു 2009 ജൂലെയിലെ ഡൽഹി ഹൈക്കോടതി വിധി. സ്വവർഗാനുരാഗം സംബന്ധിച്ച ഹർജിക്കാരുടെ വാദങ്ങൾ എല്ലാം ഹൈക്കോടി അംഗീകരിച്ചു. സുപ്രധാനമായ ഹൈക്കോടതി വിധി ഭിന്ന ലൈംഗികതയുടെ വക്താക്കൾക്ക് സന്തോഷം നൽകുന്നതായി. എന്നാൽ ഡൽഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഡൽഹിയിലെ ഒരു ജ്യോതിഷി സുപ്രീംകോടതിയെ സമീപിച്ചു. 2012 ഫെബ്രുവരിയിൽ കേസിൽ വാദം കേൾക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. 2012 മാർച്ചിൽ വിധി പറയാൻ മാറ്റിയ സുപ്രീംകോടതി 2013 ഡിസംബറിലാണ് ഡൽഹി ഹൈക്കോടതി വിധി റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ സ്വവർഗ ലൈംഗികത വീണ്ടും ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ 377-ാം വകുപ്പിന് കീഴിൽ കുറ്റകരമായി.

സ്വവർഗാനുരാഗികൾക്ക് അനുകൂലമായി നിലപാടെടുത്ത കേന്ദ്രം വിധി പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി നൽകി. എന്നാൽ 2014 ജനുവരിയിൽ കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതേ വർഷം ഏപ്രിലിൽ ലൈംഗിക ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ സംബന്ധിച്ച് സുപ്രീംകോടതി സുപ്രധാന വിധിന്യയം പുറപ്പെടുവിച്ചു. ദേശീയ ലീഗൽ സർവീസ് അഥോറിറ്റി നൽകിയ ഹർജിയിലായിരുന്നു സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചത്.

പോയവർഷം ഡിസംബറിൽ സ്വവർഗ്ഗാനുരാഗം കുറ്റകരമല്ലാതാക്കുന്ന സ്വകാര്യ ബിൽ ശശി തരൂർ ലോക്സഭയിൽ അവതരിപ്പിച്ചു. എന്നാൽ സ്വകാര്യ ബിൽ ആയതിനാൽ ആയുസുണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ നിലപാടിനെത്തുടർന്ന് ബിൽ അവതരണം തന്നെ വോട്ടിനിട്ട് തള്ളി. വിഷയം ചർച്ച ചെയ്യാനുള്ള അവസരം പാർലമെന്റിൽ ഇനിയും സൃഷ്ടിക്കപ്പെട്ടിട്ടില്ല.ലൈംഗിക ന്യൂനപക്ഷങ്ങൾക്കും അവകാശങ്ങളുണ്ട്, ഭരണഘടനാ അവകാശങ്ങൾ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും ബാധകമാക്കണം തുടങ്ങിയവയാണ് ലൈംഗിക ന്യൂനപക്ഷം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ. സ്വവർഗ്ഗരതി, സ്വവർഗ്ഗ വിവാഹം, വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്ക് വേണ്ടിയാണ് ഇവരുടെ നിയമ പോരാട്ടം. ലൈംഗിക ന്യൂനപക്ഷങ്ങൾ ബലാത്സംഗത്തിന് വിധേയമായാൽ അത് ലൈംഗിക അതിക്രമമായി പരിഗണിക്കണം തുടങ്ങിയവയും ഭിന്നലിംഗ സമൂഹം ഉന്നയിക്കുന്നു.

നാസ് ഫൗണ്ടേഷൻ കേസ്

2009 ജൂലൈ മാസത്തിലാണ് രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ആശ്വാസകരമായി ആദ്യ കോടതി വിധി വരുന്നത്. ലൈംഗിക ന്യൂനപക്ഷങ്ങൾ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 377-ാം വകുപ്പിന്റെ പരിധിയിൽ വരില്ല എന്ന് ഡൽഹി ഹൈക്കോടതി വിധിച്ചു. സ്വവർഗ്ഗാനുരാഗികൾക്കും വ്യക്തിത്വമുണ്ടെന്നായിരുന്നു ഹൈക്കോടതിയുടെ ചരിത്രപരമായ നിരീക്ഷണം. രാജ്യത്ത് ഏതെങ്കിലും ഒരു കോടതിയിൽ നിന്ന് ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമായി വരുന്ന ആദ്യ വിധി കൂടിയായിരുന്നു അത്. നാസ് ഫൗണ്ടേഷൻ ആണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്.

മുംബൈ ഹൈക്കോടതി വിധി

സാൽവേഷൻ ഓഫ് ഒപ്രസ്ഡ് എനഷസ് (സൂയി) എന്ന സംഘടന 2012ലാണ് ഭിന്ന ലിംഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. പുരുഷത്വമില്ലാത്തവരെ അവരുടെ ഗുരുക്കന്മാർ അടിമകളായി ഉപയോഗിക്കുന്നത് വിധിയിലൂടെ മുംബൈ ഹൈക്കോടതി വിലക്കി. ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ ലൈംഗിക അതിക്രമവും ബലാത്സംഗത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന സൂയിയുടെ ആവശ്യം മുംബൈ ഹൈക്കോടതി അംഗീകരിച്ചു. ഐപിസി 377-ാം വകുപ്പിന്റെ പരിധിയിൽ പുരുഷത്വമില്ലാത്തവരെയും ഉൾപ്പെടുത്തണം എന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

സുപ്രീംകോടതിയിൽ തിരിച്ചടി

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പിന്റെ നിലനിൽപ്പ് ചോദ്യം ചെയ്തായിരുന്നു 2009ലെ ഡൽഹി ഹൈക്കോടതി വിധി. എന്നാൽ 377-ാം വകുപ്പ് നിലനിൽക്കുമെന്നായിരുന്നു സുപ്രീം കോടതി 2013ൽ സ്വീകരിച്ച നിലപാട്. ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ ലംഘിക്കുന്നതല്ല 377-ാം വകുപ്പ് എന്ന് സിംഗിൾ ബഞ്ച് വിധിച്ചു. വിവാദപരമായ വിഷയത്തിൽ പാർലമെന്റ് നിലപാട് സ്വീകരിക്കുന്നതാണ് ഉചിതം എന്ന് നിരീക്ഷിച്ച ജ. ജിഎസ് സിങ്വി വിഷയം പാർലമെന്റിന് വിട്ടു.


2011 ഫെബ്രുവരി 12ന് തമിഴ്‌നാട്ടിലെ ജുഡീഷ്യൽ ഓഫീസർമാർക്കായി ട്രാൻസ് ജെൻഡർമാരുടെ അവകാശങ്ങൾ സംബന്ധിച്ച ഒരു ശിൽപശാല സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഇന്നത്തെ കേരള ഗവർണറുമായ ജ. പി സദാശിവം ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് അനുകൂലമായ നിലപാടെടുത്തു. 'സമത്വം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണ്. ലിംഗം, മതം, വർഗ്ഗം, ജാതി എന്നിവയുടെ പേരിൽ വിവേചനം പാടില്ല. ഭരണഘടന എല്ലാ പൗരന്മാർക്കും രാഷ്ട്രീയ അവകാശങ്ങൾ ഉറപ്പുനൽകുന്നുണ്ട്. എന്നാൽ ട്രാൻസ് ജെൻഡർ വിഭാഗം ഇപ്പോഴും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരായി കഴിയുന്നു.'

'വിവേചനം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ -സൗകര്യങ്ങളുടെ അഭാവം, തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥ, വിവാഹം, ദത്ത് സംബന്ധിച്ച പ്രശ്നം, ലഹരി ഉപയോഗം തുടങ്ങിയവയാണ് ട്രാൻസ് ജെൻഡറുകൾ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ.' ജ. പി സദാശിവം പറഞ്ഞു.

മൂന്നാം ലിംഗമായി ട്രാൻസ് ജെൻഡേഴ്സ്

രാജ്യത്തെ ലൈംഗിക ന്യൂനപക്ഷത്തെ മൂന്നാം ലിംഗമായി അംഗീകരിച്ച് 2014 ഏപ്രിൽ 15നായിരുന്ന് സുപ്രീംകോടതി സുപ്രധാന വിധിന്യായം പുറപ്പെടുവിച്ചത്. സ്ത്രീയോ പുരുഷനോ അല്ലാത്ത മൂന്നാം ലിംഗം എന്ന പദവിക്ക് ലൈംഗിക ന്യൂനപക്ഷത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരുടെ ഗണത്തിൽ മൂന്നാം ലിംഗക്കാരെ പരിഗണിക്കണം എന്നും കോടതി നിരീക്ഷിച്ചു. ഒബിസി പദവിയിലുള്ള സംവരണവും ഇതുവഴി ട്രാൻസ് ജെൻഡറുകൾക്ക് സുപ്രീംകോടതി നൽകി. ദേശീയ ലീഗൽ സർവീസ് അഥോറിറ്റി കേന്ദ്രസർക്കാരിനെതിരെ നൽകിയ കേസിലായിരുന്നു ലൈംഗിക ന്യൂനപക്ഷങ്ങളുടെ ഭാവി സംബന്ധിച്ച് വ്യക്തമായ സൂചന നൽകുന്ന വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്.

377-ാം വകുപ്പിൽ ജെയ്റ്റിലിയുടെ പ്രസ്താവന

ട്രാൻസ് ജെൻഡറുകളെ അംഗീകരിക്കുന്ന നയമായിരുന്നില്ല ബിജെപി ആദ്യം സ്വീകരിച്ചത്. 377-ാം വകുപ്പ് നിലനിർത്തിയ സുപ്രീംകോടതി വിധിയെ ബിജെപി അന്ന് സ്വാഗതം ചെയ്തു. ട്രാൻസ് ജെൻഡറുകൾക്കായി നിയമം നിർമ്മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ലോകത്ത് വ്യത്യസ്ത ജനവിഭാഗങ്ങൾക്ക് വ്യത്യസ്തമായ ലൈംഗിത താൽപര്യമുണ്ട്. അതിന്റെ പേരിൽ അവരെ ജയിലിൽ അടയ്ക്കുന്നത് ശരിയല്ലെന്നും മുതിർന്ന അഭിഭാഷകൻ കൂടിയായ അരുൺ ജയ്റ്റ്ലി വിലയിരുത്തി.

ജയ്റ്റ്ലിയുടെ നിലപാടുകളെ സ്വാഗതം ചെയ്ത് കോൺഗ്രസും രംഗത്തുവന്നു. സ്വവർഗരതിയെ നിയമവിധേയമാക്കുന്നതിൽ കോൺഗ്രസ് പിന്തുണയ്ക്കുന്നുവെന്ന് ചിദംബരം പറഞ്ഞു. ലൈംഗിക ന്യൂനപക്ഷത്തിന് അനുകൂലമാണ് സിപിഐഎം നിലപാട്. 377-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണം എന്ന് സിപിഎം ആവശ്യപ്പെടുന്നു. ഭിന്ന ലിംഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നും സിപിഎം ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര നിലപാടുകൾ

എൽ.ജി.ബി.ടി അവകാശങ്ങൾ സംരക്ഷിക്കണം എന്നത് രാജ്യാന്തര തലത്തിൽ വർഷങ്ങളായി ഉയരുന്ന ആവശ്യമാണ്. സ്വവർഗ വിവാഹം അനുവദിക്കണം എന്നതാണ് അന്താരാഷ്ട്ര തലത്തിൽ വിവിധ സംഘടനകൾ ഉയർത്തുന്ന പ്രധാന ആവശ്യം. 2015 ആണ് ഇതിൽ ഏറ്റവും നിർണായകമായ വർഷം. ഏറ്റവും അനുകൂലമായ നിലപാടുകളാണ് അമേരിക്ക മുതൽ അയർലൻഡ് വരെയുള്ള രാജ്യങ്ങൾ സ്വീകരിച്ചത്.

2015 മേയിലാണ് സ്വവർഗ വിവാഹം നിയമ വിധേയമാക്കി അയർലൻഡ് നിലപാട് സ്വീകരിച്ചത്. 1993ൽ സ്വവർഗ രതി നിയമവിധേയമാക്കുന്നതിനും അയർലൻഡ് സയ്യാറായി. ജനഹിത പരിശോധനയിലൂടെ സ്വവർഗ രതി അംഗീകരിച്ച ആദ്യരാജ്യം കൂടിയാണ് അയർലൻഡ്.
ഫ്രാൻസ്, ബ്രിട്ടൻ, ആസ്ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ സ്വവർഗ അനുരാഗത്തിനും രതിക്കും നിയമ സാധുത നൽകിയ രാജ്യങ്ങളുടെ പട്ടികയിൽപ്പെടുന്നു. ബെൽജിയം, കാനഡ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ തുടങ്ങിയ രാജ്യങ്ങളും സ്വവർഗ വിഷയത്തിൽ കാലത്തിനൊപ്പം സഞ്ചരിച്ചു.

ഐ.പി.സിയും പോസ്‌കോ നിയമവും

പ്രകൃതി വിരുദ്ധ ലൈംഗികത നിർവചിച്ചതിനൊപ്പമായിരുന്നു കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമവും ഇന്ത്യൻ നിയമത്തിൽ പറഞ്ഞത്. ഡൽഹി ഹൈക്കോടതി വിധിയോടെ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം 377-ാം വകുപ്പിന്റെ പരിധിയിൽ വരുമോ എന്ന സംശയം ഉയർന്നു. എന്നാൽ 2012ൽ നിലവിൽ വന്ന കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ നിയമം (പോസ്‌കോ നിയമം) അനുസരിച്ച് കേസെടുക്കാമെന്നത് 377-ാം വകുപ്പിന്മേലുള്ള ഡൽഹി ഹൈക്കോടതിയുടെ വിധിയിലെ ആശങ്ക അകറ്റി.