തിരുവനന്തപുരം: പിറവം വലിയ പള്ളിയുടെ പേരിലെ തർക്കം മലയാളികൾ കണ്ടുതുടങ്ങിയിട്ട് കാലം കുറേയായി. തീർത്താലും തീർത്താലും തീരാത്ത പ്രശ്‌നമായി ഓർത്തഡോക്‌സ് - യാക്കോബായ വിഭാഗക്കാർ തമ്മിലുള്ള തർക്കം മാറുകയാണ്. സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചെങ്കിലും വിധി നടപ്പിലാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല. സംസ്ഥാന സർക്കാർ അടക്കം ഈ വിഷയത്തിൽ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. പലപ്പോഴും വിധി നടപ്പിലാക്കാനാണ് ഓർത്തഡോക്‌സ് വൈദികർ പള്ളിയിലെത്തിയെങ്കിലും അവർക്ക് പ്രവേശിക്കാൻ സാധിച്ചില്ല.

ഈ തർക്കത്തിനൊടുവിലാണ് ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ സംസ്ഥാന സർക്കാറിനും വിമർശനം നേരിട്ടത്. യാക്കോബായക്കാരുടെ നിയന്ത്രണത്തിലായിരുന്നു പിറവം സെന്റ് മേരീസ് പള്ളി. നീണ്ട കോടതി വ്യവഹാരങ്ങൾക്കൊടുവിൽ 1934ലെ മലങ്കര സഭയുടെ ഭരണഘടന പ്രകാരം ഭരണനിർവഹണം വേണം എന്ന് ഈ വർഷം ഏപ്രിൽ 19ന് സുപ്രീം കോടതി വിധിച്ചിരുന്നു. മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിലെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നാണ് കോടതി വിധിച്ചത്. ഈകോടതി വിധി നടപ്പിലാക്കുന്ന കാര്യത്തിൽ പൊലീസ് വേണ്ട വിധത്തിൽ ഇടപെടുന്നില്ലെന്നാണ് ആക്ഷേപം.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്നും പള്ളി പൊതുയോഗം കൂടി ഭരണഘടന അംഗീകരിച്ചതാണെന്നും ഇതു നടത്തിക്കിട്ടണമെന്നും ഓർത്തഡോക്‌സ് സഭ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനെതിരെ യാക്കോബായ സഭ നൽകിയ ഹർജി അനുവദിച്ച ഹൈക്കോടതി, ഓർത്തഡോക്‌സ് സഭയുടെ ഹർജി തള്ളുകയും ചെയ്തു. ഇതിനെതിരെയാണ് ഓർത്തഡോക്‌സ് സഭ 2014ൽ സുപ്രീം കോടതിയിലെത്തിയത്.

ഈ കേസിലാണ് മലങ്കര സഭയുടെ എല്ലാ പള്ളികളും 1934ലെ സഭാ ഭരണഘടന അനുസരിച്ചും 2017 ജൂലൈ മൂന്നിന്റെ സുപ്രീം കോടതി വിധി പ്രകാരവുമാണ് ഭരിക്കപ്പെടേണ്ടതെന്നു സുപ്രീം കോടതി നിധിച്ചത്. ഇതോടെയാണ് ഓർത്തഡോക്‌സ് സഭക്കാർക്ക് കോടതിയുടെ ഭരണാധികാരം ലഭിച്ചത്. പിറവം സെന്റ് മേരീസ് വലിയപള്ളിയുടെ കേസിലാണു ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് യു. യു. ലളിത് എന്നിവരുടെ വിധി വന്നത്. ഈ വിധി അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല. കോലഞ്ചേരി, മണ്ണത്തൂർ, വരിക്കോലി കേസുകളുടെ വിധി ആ പള്ളികൾക്കു മാത്രമാണെന്നും മറ്റു പള്ളികളെ ബാധിക്കില്ല എന്നുമുള്ള യാക്കോബായ സഭയുടെ വാദം കോടതി തള്ളി.

പിറവം വലിയ പള്ളി 1934ലെ ഭരണഘടന അനുസരിച്ചു മാത്രമേ ഭരിക്കാൻ പാടുള്ളൂ എന്ന് വിധിച്ചത്. അതുകൊണ്ട് തന്നെ സർക്കാരിന് ഈ വിധി അംഗീകരിക്കേണ്ട ബാധ്യതയുണ്ട്. രണ്ട് പേർ തമ്മിലെ നിയമ പ്രശ്‌നമായതു കൊണ്ട് തന്നെ സർക്കാർ ഈ വിഷയത്തിൽ ഇടപെട്ടില്ല. എന്നാൽ, പൊലീസ് സാന്നിധ്യം ആവശ്യപ്പെട്ടാൽ കൊടുക്കണം. എന്നാൽ ബലപ്രയോഗത്തിന് സർക്കാറില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സുപ്രീം കോടതിയുടെ വിധി എല്ലാ സർക്കാരുകളും എല്ലാ സിവിൽ അധികൃതരും പൊലീസും നടപ്പാക്കേണ്ടതാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 144 പ്രകാരം സുപ്രീം കോടതി വിധി നടപ്പാക്കാൻ ഇവർ ബാധ്യസ്ഥരാണ്. സുപ്രീം കോടതി വിധി സഭയിലെ എല്ലാ പള്ളികൾക്കും ഒരുപോലെ ബാധകമാണ്. അതുകൊണ്ട് തന്നെ പിറവത്ത് കോടതി അലക്ഷ്യം ഒഴിവാക്കാൻ സർക്കാർ സജീവ ഇടപെടൽ നടത്തും. ഇത് സംഘർഷത്തിലേക്ക് കാര്യങ്ങളെത്തിക്കും. ഞായറാഴ്ച ഇരു കൂട്ടരും പള്ളിയിൽ പ്രാർത്ഥനയ്ക്ക് എത്തുമെന്ന സൂചനയുണ്ട്. അങ്ങനെ വന്നാൽ വലിയ സംഘർഷത്തിലേക്ക് പ്രശ്‌നമെത്തും. ഇത് ഒഴിവാക്കാനുള്ള ചർച്ചകൾ പൊലീസിലെ ഉന്നതർ നടത്തുന്നുണ്ട്.

ഐതിഹ്യങ്ങൾ ഏറെയുള്ള പള്ളി

പിറവം പ്രദേശത്തെ പ്രമുഖ ക്രൈസ്തവ ദേവാലയമാണ് പിറവം വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി പള്ളി. 'രാജാക്കന്മാരുടെ പള്ളി' എന്നും ഈ ദേവാലയം അറിയപ്പെടുന്നു. കേരളത്തിലെ പുരാതന ക്രിസ്ത്യൻ ദേവാലയങ്ങളിലൊന്നാണിത്. ഏറെ വിശ്വാസ പെരുമയുമുണ്ട്. ബേത്ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കണ്ടു മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തിച്ചേരുകയും അവിടെ ഭാരതീയമായ രീതിയിൽ ഒരു ആലയമുണ്ടാക്കി ആരാധന നടത്തിയെന്നും ആ ദേവാലയമാണ് പിന്നീട് പിറവം പള്ളിയായതെന്നുമാണ് ഐതിഹ്യം. അതുകൊണ്ട് കൂടിയാണ് ഈ പള്ളിക്കായുള്ള തർക്കം മൂക്കുന്നതും. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി പിൽക്കാലത്ത് കന്യക മറിയാമിന്റെ നാമധേയത്തിലാക്കിയെങ്കിലും തുടർന്നും 'രാജാക്കന്മാരുടെ പള്ളി' എന്ന വിശേഷണം നിലനിന്നു. ഇത് വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ സഭ.

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രിസ്തിയ ദേവാലയങ്ങളിൽ ഒന്നാണ് ഈ ദേവാലയമെന്നാണ് പറയപ്പെുടുന്നത്. ആ രാജാവ് വെച്ച് ആരാദിച്ചു എന്ന് കരുതപ്പെടുന്ന തിരുപ്പിറവിയുടെ ഒരു ചിത്രം ഇന്നും പള്ളി മേൻപ്പൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. എല്ല വർഷവും ഒക്ടോബർ 8-നു കല്ലിട്ട് പെരുന്നാളിന് അത് വണക്കത്തിനായി പുറത്തെടുക്കും. പള്ളിയോടു ചേർന്നു തന്നയാണ് പിഷാരുകോവിൽ ദേവിക്ഷേത്രവും.

ഈ പള്ളിയുടെ നിർമ്മാണമാതൃകയും (നാലടി കനത്തിൽ ഭിത്തി പണിത്, ചിലപ്പോൾ ഉള്ളിൽ മണൽ നിറച്ചുള്ള നിർമ്മാണശൈലി) വളരെ അപൂർവ്വവും, പഴക്കമേറിയതുമാണ്. പുരാതന ലിപിയായ വട്ടെഴുത്തിലും, മലയാളഭാഷയുടെ തുടക്കത്തിൽ എഴുതപ്പെട്ട (തമിൾ കലർന്നുള്ള) ലിപികളും ഇവിടെ സ്ഥാപിക്കപ്പെട്ട കല്ലുകളിൽ കാണപ്പെടുന്നു. പള്ളിയിലെ പൂട്ടുകളും വളരെ പഴക്കമേറിയതാണ്. പള്ളിയുടെ പടിഞ്ഞാറ് വശത്തുള്ള കൽക്കുരിശും, പള്ളിയിലെ ഏർത്താഴും ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ആകർഷിക്കുന്നു.

മലങ്കര സഭാചരിത്രത്തിലും ഉന്നതമായ സ്ഥാനം പിറവം പള്ളിക്കുണ്ട്. ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്ത പള്ളികളുടെ ലിസ്റ്റിൽ പിറവം പള്ളിയുടെതും ഉണ്ട്. പിന്നീട് കൂനൻകുരിശു സത്യത്തിൽ ഈ ഇടവക സജീവമായി പങ്കെടുത്തു എന്നും ചരിത്രരേഖകൾ ചൂണ്ടിക്കാണിക്കുന്നു. സുന്നഹദോസിനു ശേഷം റോമൻ ബിഷപ്പ് മെനേസിസ് സന്ദർശിച്ച 77 പള്ളികളിൽ പിറവവും ഉൾപ്പെടുന്നുവെന്നത് പള്ളിയുടെ ചരിത്രപ്രാധാന്യം വെളിവാക്കുന്നു. 1876-ൽ നടന്ന പ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസിലും പിറവം പള്ളിയെ കാണുന്നുണ്ട്.