- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിവാഹശേഷം ബന്ധുവീട്ടിൽ വിരുന്നിന് പോയ് വരവേയാണ് അപകടം; മൂന്നോട്ട് മാറ്റിനിർത്തിയെങ്കിലും പുറത്തിറങ്ങിയാൽ നാട്ടുകാരുടെ തല്ലുകിട്ടുമെന്ന് സഹോദരി; വയോധികനെ ഇടിച്ചിട്ട് കടന്നുകളഞ്ഞത് പേടി കൊണ്ട്; 75 കാരന്റെ ബന്ധുക്കളുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് നവവരൻ; ആലപ്പുഴ പള്ളിപ്പാട്ട് അപകടം വരുത്തി വച്ച കാറുടമയായ 25 കാരൻ അറസ്റ്റിൽ
ആലപ്പുഴ: വയോധികനെ ഇടിച്ചിട്ട ശേഷം നിർത്താതെ കടന്നു കളഞ്ഞ കാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ കണ്ടെത്തിയതിന് പിന്നാലെ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചേരാവള്ളി സ്വദേശി പ്രബിൻ(25) എന്ന യുവാവിനെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും അപകടം നടന്ന വിവരം അറിഞ്ഞിട്ടും വാഹനം നിർത്താതെ പോയതിനും കേസെടുത്തതിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. കരീലക്കുളങ്ങര അസി.സബ് ഇൻസ്പെക്ടർ ടി.എസ് സുജിത്താണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
സ്റ്റേഷനിൽ വച്ച് ഇയാൾ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹരിപ്പാട് മുട്ടം കൊച്ചു മഠത്തിൽ ചന്ദ്രശേഖരമേനോ(75)ന്റെ ബന്ധുക്കളുടെ മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് മാപ്പു പറഞ്ഞു. പേടി കൊണ്ടാണ് അങ്ങനെ ചെയ്തത് എന്നാണ് ബന്ധുക്കളോട് പറഞ്ഞത്.
കഴിഞ്ഞ ജനുവരി 24 നായിരുന്നു പ്രബിനും പത്തിയൂർ സ്വദേശിനിയായ യുവതിയും വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും കുടുംബത്തിനൊപ്പം ബന്ധുവീട്ടിൽ വിരുന്നിന് പോയി തിരികെ വരുന്ന വഴിയാണ് അപകടമുണ്ടായത്. അപകടം നടന്നതിന് ശേഷം മുന്നോട്ട് മാറ്റി വാഹനം നിർത്തിയെങ്കിലും പിന്നീട് അവിടെ നിന്നും കടന്നു കളയുകയായിരുന്നു. അപകടം നടന്നപ്പോൾ ആളുകൾ ഓടിക്കൂടുന്നതു കണ്ടു. പുറത്തിറങ്ങിയാൽ തല്ലു കിട്ടുമെന്ന് വാഹനത്തിലുണ്ടായിരുന്ന സഹോദരി പറഞ്ഞു. അതിനാലാണ് വേഗം അവിടെ നിന്നും കടന്നു കളഞ്ഞതെന്നാണ് പ്രബിൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ പൊലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. അപകടം നടന്ന വിവരം അറിഞ്ഞിട്ടും അക്കാര്യം ദിവസങ്ങളോളം മറച്ചു വയ്ക്കുകയും അപകടത്തെതുടർന്നുണ്ടായ വാഹനത്തിന്റെ കേടുപാടുകൾ തീർക്കുകയും ചെയ്തു. വീട്ടുകാർ ഉൾപ്പെടെ ഇതിന് കൂട്ടു നൽക്കുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം.
ഫെബ്രുവരി ഒന്നിനാണ് ചന്ദ്രശേഖരമേനോനെ ടാറ്റാ ടിഗർ കാർ ഇടിച്ചു തെറിപ്പിക്കുന്നത്. മൂത്തമകൻ ജയ്ശങ്കറിനൊപ്പം പള്ളിപ്പാട്ടെ ഫെഡറൽ ബാങ്കിലേക്ക് പോകുകയായിരുന്നു. മകൻ ടൂവീലർ നന്നാക്കാനായി വർക്ക്ഷോപ്പിൽ കയറിയ സമയം റോഡിനപ്പുറമുള്ള ബാങ്കിലേക്ക് പോകാനായി വശത്ത് നിൽക്കുകയായിരുന്നു ചന്ദ്രശേഖര മേനോൻ. ഈ സമയം അമിത വേഗതയിലെത്തിയ കാറിന്റെ ഇടതുവശത്തെ മിറർ ശരീരത്തിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ചന്ദ്രശേഖരമേനോൻ റോഡിൽ തലയിടിച്ചു വീഴുകയും ചെയ്തു. അപകട സ്ഥലത്ത് നിന്നും കുറച്ചു മുന്നോട്ട് മാറി കാർ നിർത്തിയെങ്കിലും പിന്നീട് ഓടിച്ചു പോകുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഉടൻ തന്നെ ഹരിപ്പാട് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും എത്രയും വേഗം വിദഗ്ദ്ധ ചികിത്സ ലഭ്യമായുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു. ഇതോടെ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിലെത്തിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.
അപകടത്തിന് ശേഷം ബന്ധുക്കൾ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നീലക്കളറിലുള്ള ടാറ്റാ ടിഗർ കാർ കടന്നു പോകുന്നതായുള്ള ദൃശ്യം ലഭിച്ചു. താൽക്കാലിക രജിസ്ട്രേഷൻ വാഹനമായതിനാൽ നമ്പർ വ്യക്തമായിരുന്നില്ല. ഇതോടെ അപകടത്തിൽപെട്ടയാളുടെ മകന്റെ ഭാര്യ അഡ്വ. എൻ.ജി ശരണ്യയും ഭർത്യസഹോദരനും കൂടി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. ഒടുവിൽ വാഹനം മുട്ടം കുളത്തിന് സമീപത്ത് നിന്നും ഇടറോഡിലേക്ക് കയറുന്നതായുള്ള ദൃശ്യം കണ്ടെത്തി. എന്നിട്ടും നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ സഹായം തേടാൻ ഇവർ തീരുമാനിച്ചത്. കായംകുളം ജോ.ആർ.ടി.ഒ ശ്രീപ്രകാശിനെ നേരിൽകണ്ട് വിവരങ്ങൾ പറഞ്ഞു. ജോ.ആർ.ടി.ഒ അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ ടി.എസ്.പ്രജുവിനെ കേസ് ഏൽപ്പിക്കുകയായിരുന്നു.
ഉദ്യോഗസ്ഥന് മുന്നിൽ ആദ്യം കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തിൽ വാഹനം കസ്റ്റഡിയിലെടുക്കാൻ തീരുമാനിച്ചപ്പോൾ അപകടം മണത്ത് പ്രതി വാഹനം കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി കീഴടങ്ങുകയായിരുന്നു. വാഹനം പ്രബിന്റെ ഭാര്യയുടെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയതായിരുന്നു. പ്രവാസിയായിരുന്ന പ്രബിൻ വിവാഹ ശേഷം എറണാകുളത്ത് ടെക്നിക്കൽ കോഴ്സ് ചെയ്യുകയാണിപ്പോൾ. ദിവസങ്ങളായി പൊലീസ് അന്വേഷിച്ചിട്ടും കണ്ടെത്താതിരുന്ന വാഹനം അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.എസ് പ്രജു അന്വേഷണം നടത്തി കണ്ടെത്തുകയായിരുന്നു. പ്രജുവിന്റെ അന്വേഷണ മികവിന് മേലുദ്യോഗസ്ഥരിൽ നിന്നും നാട്ടുകാരിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണ്.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.