ദുബായ്: യുഇഎ ജയിലുകളിൽ മയക്കുമരുന്ന കേസിൽ അകപ്പെടുന്ന മലയാളികളുടെ എണ്ണം കൂടുകയാണോ? അതെയെന്നാണ് ഇതിനുള്ള ഉത്തരം. കുറിപ്പില്ലാതെ മരുന്ന കൊടുത്താൽ ഫാർമസിസ്റ്റിന് തടവ് ശിക്ഷ ലഭിക്കുന്ന രാജ്യമാണ് യുഎഇ. കഫ് സിറപ്പ് കൊടുക്കുന്നതിന് പോലും പത്തുകൊല്ലം ശിക്ഷക്കപ്പെട്ട ഫാർമിസിസ്റ്റുകൾ ഇവിടെയുണ്ട്. മരുന്നുകൾ പോലും മയക്കുമരുന്നായി കണക്കാക്കുന്ന രാജ്യത്ത് ബ്രൗൺഷുഗറും കഞ്ചാവുമെല്ലാം കൈയിൽ വച്ചാൽ തലപോകുമെന്ന് ഉറപ്പ്. എന്നിട്ടും മലയാളികൾ മയക്കുമരുന്ന് കേസിൽ കുടുങ്ങുന്നു. ഇതിന്റെ യഥാർത്ഥകരാണങ്ങളാണ് ഹിറ്റ് എഫ് എം എന്ന റേഡിയോ തുറന്ന് കാട്ടുന്നത്. എല്ലാ പ്രവാസികളും കേട്ടിരിക്കേണ്ട ഒരു പരിപാടിയാണ് ഇത്. അതുകൊണ്ട് കൂടിയാണ് ഈ ശബ്ദ രേഖ പ്രവാസി മലയാളികളുടേയും അവരുടെ കുടുംബങ്ങളുടേയും ശ്രദ്ധയ്ക്കായി മറുനാടൻ മലയാളി സമർപ്പിക്കുന്നത്.

യുഎഇ ജയിലിൽ ജീവിതം സുഖകരമാകുമെന്ന് കരുതാം. ഫോൺ വിളിക്കാൻ സൗകര്യമുണ്ട്. യൂറോ കപ്പ് പോലും തടവ് പുള്ളികൾക്ക് കാണാം. നല്ല ആഹാരവും കിട്ടും. എന്നാൽ ഒരിക്കൽ ജയിലിലായാൽ എന്ന് പുറത്തുവരുമെന്ന് ആർക്കും അറിയില്ല. അതാണ് നിയമവ്യവസ്ഥ. ഏതായാലും മയക്കുമുരുന്ന് കേസുകളോട് കടുകട്ടിയാണ് യുഎഇയുടെ നിലപാട്. ഇവിടേക്കാണ് പല മലയാളികളും വീഴുന്നത്. കാശിനോടുള്ള അതിമോഹമല്ല പലരേയും തടവറയ്ക്കുള്ളിൽ ആക്കുന്നത്. വിശ്വസിക്കുന്നവരുടെ ചതിക്കുഴിയിൽപെടുന്നവരാണ് യുഎഇ ജയിലുകളിൽ കഴിയുന്ന മയക്കുമരുന്ന് കേസിൽപ്പെട്ട തടവ് പുള്ളികളിൽ ഏറെയും. ചതിക്കപ്പെട്ടുവെന്നത് നിയമത്തിന് മുന്നിൽ രക്ഷപ്പെടാനുള്ള വഴിയല്ല. അതുകൊണ്ട് തന്നെ കരുതൽ വേണമെന്നാണ് ഹിറ്റ് എഫ് എം ജനങ്ങളെ ബോധ്യപ്പെടുത്തുന്നത്.

എട്ട് വർഷം മുമ്പ് യുഎഇ തടവിലെ ജയിൽപുള്ളിയുമായുള്ള എഫ് എം അവതാരകന്റെ ഫോൺ സംഭാണത്തോടെയാണ് തുടക്കം. ജയിലിലെ സുഖ സൗകര്യവും തനിക്ക് വ്യക്തിപരമായ നഷ്ടവും ജയിലിൽ നിന്നൊരാൾ വിശദീകരിക്കുന്നു. ഇവിടെ നിന്ന് പുതു കാലത്തേക്ക് പരിപാടി എത്തുന്നു. മയക്കുമരുന്നുമായുള്ള ജീൻസുമായി മലയാളി പിടിയിലായതെന്ന വാർത്ത കേട്ട് അവതാരകനെ ബന്ധപ്പെടുന്ന തടവ് പുള്ളി. ജയിലിൽ ഇത്തരത്തിൽ നിരവധി പേരുണ്ടെന്ന് പറയുന്നു. പലരും ചതിയിൽ വീണതാണെന്നും വ്യക്തമാക്കുന്നു. അതിന് ശേഷമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തുന്നത്.

കേരളത്തിൽ നിന്നാണ് മയക്കുമരുന്ന് എത്തുന്നത്. ഗൾഫിലേക്ക് വിമാനം കയറാൻ എത്തുന്നവരിലേക്ക് വിശ്വാസത്തിന്റെ മുഖവുമായി അവരെത്തും. ഗൾഫിലെ ഒറ്റവർക്കായി ചമന്തിയും അച്ചാറും ജീൻസുമെല്ലാം നൽകും. ശരാശരി മലയാളി ഇതിൽ ചതിവൊന്നും കാണില്ല. ചേതമില്ലാത്ത ഉപകാരം ചെയ്യലായി ഇതിന് കാണും. ചിലർ ഗൾഫിലുള്ള ബന്ധുക്കൾക്കുള്ള മരുന്നുകളാകും നൽകുക. അങ്ങനെ അതെല്ലാം ശേഖരിച്ച് ഒന്നുമറിയാതെ ദുബായിൽ വിമാനം ഇറങ്ങും. ഇവിടെ ചമ്മന്തിയും അച്ചാറും ജീൻസുമെല്ലാം പരിശോധിക്കും. ഇതോടെ കൊണ്ടു വന്ന സാധനം എന്തെന്ന് വെളിപ്പെടും. അങ്ങനെ ചതിയിലൂടെ പ്രവാസി മലയാളികൾ മയക്കുമരുന്ന് കടത്തുകാരാകും. കുടുംബവും സമൂഹവും അവരെ തള്ളിപ്പറയും. പിന്നെ വർഷങ്ങളോളം ജയിലിനുള്ളിൽ.

അനുഭവ സാക്ഷ്യത്തിലൂടെയാണ് മയക്കുമരുന്ന് കേസുകളിലേക്ക് മലയാളി അകപ്പെടുന്ന കഥ സരസമായി ഹിറ്റ് എഫ്എം പറയുന്നത്. ഡോക്ടറുടെ ചീട്ടില്ലാതെ കഫ് സിറപ്പ് കൊടുത്ത ഫാർമസിസ്റ്റിന് പത്തുകൊല്ലം തടവ് ശിക്ഷ നൽകിയെന്ന് പറയുമ്പോൾ നിയമങ്ങളുടെ കാഠിന്യവും മനസ്സിലാകും. അതുകൊണ്ട് തന്നെ ഗൾഫിലേക്ക് പറക്കുന്നവർക്കായി കിട്ടുന്ന സമ്മാനമെല്ലാം പരിശോധിക്കുക. ചതിവില്ലെന്ന് ഉറപ്പാക്കിയിട്ടേ അതുമായി ദുബായിലേക്ക് വിമാനം കയറാവൂ. അല്ലെങ്കിൽ പ്രതീക്ഷയുടെ പ്രവാസ ജീവിതത്തിന് എത്തുന്ന നിങ്ങളെ കാത്തിരിക്കുന്നത് യുഎഇയിലെ ജയിലറ ആയിരിക്കാം.