- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എച്ച്ഐവി. ബാധിച്ച എഴുപത്തെട്ടുകാരിക്ക് അപകടത്തിൽ ഗുരുതര പരുക്ക്; ഒടിഞ്ഞ കൈകൾക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ: പെറ്റമ്മയെ നട തള്ളി മക്കൾ; നാട്ടുകാരുടെ ഇടപെടലും ഫലം കണ്ടില്ല
കോന്നി: മക്കളായാൽ ഇങ്ങനെ വേണം. എച്ച്.ഐ.വി ബാധിതയായ സ്വന്തം പെറ്റമ്മയ്ക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റപ്പോൾ അവരെ ആശുപത്രിയിൽ നട തള്ളി. പൊലീസ് ഇടപെട്ട് ഇവരെ ആശുപത്രിയിൽനിന്നും വീട്ടിലാക്കി. ഇരുകൈയുമൊടിഞ്ഞ വീട്ടമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഇവരെ സമ്പന്നയായ മകളുടെ വീട്ടിലെത്തിച്ചു. മകളാകട്ടെ തിരികെ വീണ്ടും ഇവരെ കൊണ്ടുവിടാൻ വന്
കോന്നി: മക്കളായാൽ ഇങ്ങനെ വേണം. എച്ച്.ഐ.വി ബാധിതയായ സ്വന്തം പെറ്റമ്മയ്ക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റപ്പോൾ അവരെ ആശുപത്രിയിൽ നട തള്ളി. പൊലീസ് ഇടപെട്ട് ഇവരെ ആശുപത്രിയിൽനിന്നും വീട്ടിലാക്കി. ഇരുകൈയുമൊടിഞ്ഞ വീട്ടമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ ഇവരെ സമ്പന്നയായ മകളുടെ വീട്ടിലെത്തിച്ചു. മകളാകട്ടെ തിരികെ വീണ്ടും ഇവരെ കൊണ്ടുവിടാൻ വന്നു. നാട്ടുകാർ ഇടപെട്ട് മകൾക്കൊപ്പം തന്നെ ഇവരെ പറഞ്ഞയച്ചു. വീണ്ടും ആശുപതിയിലാക്കി മക്കൾ മുങ്ങി. ഐരവൺ സ്വദേശിയായ എഴുപത്തെട്ടുകാരിയെയാണ് മക്കൾ അങ്ങോട്ടുമിങ്ങോട്ടുമിട്ടു തട്ടി ഒടുവിൽ ആശുപത്രിയിൽ ഉപേക്ഷിച്ചുമുങ്ങിയത്.
രണ്ടാഴ്ച മുമ്പ് വി. കോട്ടയത്തുള്ള ക്ഷേത്രത്തിൽ ദർശനത്തിനു പോകും വഴി സ്വകാര്യ ബസ് തട്ടിയാണ് വയോധികയ്ക്ക് അപകടമുണ്ടായത്. അപകടത്തിൽ ഇവരുടെ രണ്ടുകൈയുമൊടിഞ്ഞു. ബസ് ജീവനക്കാർ ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഒടിഞ്ഞ കൈക്കു ശസ്ത്രക്രിയ ആവശ്യമാണെന്നു ഡോക്ടർമാർ വിധിച്ചതോടെ തങ്ങളുടെ സൗകര്യാർഥം കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ അതു നടത്തിക്കൊള്ളാമെന്നു പറഞ്ഞ് മകൾ ഇവരെയും കൂട്ടി മടങ്ങുകയായിരുന്നു. തുടർന്നു കോഴഞ്ചേരിയിലെ ആശുപത്രിയിൽ മാതാവിനെ പ്രവേശിപ്പിച്ച ശേഷം മകൾ പോയി. ആശുപത്രിയിൽ രക്തപരിശോധന നടത്തിയപ്പോഴാണ് ഇവർക്ക് എച്ച്.ഐ.വി ഉണ്ടെന്നു ഡോക്ടർമാർക്ക് മനസിലായത്.
ഒരു വർഷം മുമ്പ് തന്നെ ഇവർക്ക് എച്ച്.ഐ.വി സ്ഥിരീകരിച്ചിട്ടുള്ളതാണ്. മൂന്നുമക്കളാണ് ഇവർക്കുള്ളത്. ഇതിൽ മകളെ കിടങ്ങന്നൂരിലാണു വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. രണ്ട് ആൺമക്കളും വിവാഹം കഴിച്ച് മാറിത്താമസിക്കുകയാണ്. ഇതിൽ ഒരാൾ പറക്കോട്ടും മറ്റൊരാൾ പത്തനാപുരത്തുമാണുള്ളത്. 13 സെന്റ് സ്ഥലത്തുള്ള വീട്ടിൽ വീട്ടമ്മ ഒറ്റയ്ക്കായിരുന്നു താമസം. എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് മനസിലായതോടെ ഇവർക്ക് ആവശ്യത്തിനുള്ള മരുന്നുകൾ ജില്ലാ എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയാണ് നൽകിപ്പോരുന്നത്. ഇവരുടെ വസ്ത്രങ്ങൾ എടുത്തു കൊണ്ടുവരാമെന്നു പറഞ്ഞാണ് മകൾ പോയത്. ഒരു ദിവസം കഴിഞ്ഞിട്ടും മകൾ മടങ്ങിയെത്താതെ വന്നതോടെ ഇവർ ആശുപത്രിയിൽ നിന്ന് ഇറങ്ങി ആറന്മുള പൊലീസിലെത്തി വിവരം പറഞ്ഞു. പൊലീസുകാർ മകളെ വിളിച്ചു വരുത്തി മാതാവിനെ ഏൽപ്പിച്ചു വിട്ടു. തുടർന്ന് ശസ്ത്രക്രിയ നടത്താതെ ഒടിഞ്ഞ കൈകൾക്ക് പ്ലാസ്റ്ററിട്ട് ഇവരെ മകൾക്കൊപ്പം വിട്ടയച്ചു.
ഐരവണിലെ വീട്ടിൽ നാലുദിവസം മുമ്പ് മാതാവിനെ കൊണ്ടു വിട്ടതിന് ശേഷം മകൾ വീണ്ടും മുങ്ങി. വേദന സഹിക്കാതെ രാത്രികാലങ്ങളിൽ ഇവർ അലറിക്കരഞ്ഞതോടെ അയൽവാസികൾ ഇടപെട്ടു. ഭക്ഷണവും വെള്ളവുമെല്ലാം നൽകിയത് അയൽവാസികളായിരുന്നു. ഇരുകരങ്ങളും ഒടിഞ്ഞതിനാൽ പ്രാഥമിക കൃത്യം നിർവഹിക്കാൻ പോലും കഴിയുമായിരുന്നില്ല. സ്ഥിതി കൂടുതൽ വഷളായതോടെ എൻ.ജി.ഓ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.എസ്. വിനോദ് കുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജി. ശ്രീകുമാർ എന്നിവരും നാട്ടുകാരും ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മകളുമായി വീണ്ടും ബന്ധപ്പെട്ടു. ഇന്നു വന്ന് മാതാവിനെ കൂട്ടിക്കൊണ്ടു പോകാമെന്ന് മകൾ പറഞ്ഞെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. തുടർന്ന് ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് മകളുടെ വീട്ടിൽ കൊണ്ടു വിട്ടു. വെള്ളിയാഴ്ചയാണ് മകളുടെ വീട്ടിലാക്കിയത്.
ശനിയാഴ്ച രാവിലെ മകളും പത്തനാപുരത്തുള്ള മകനും ചേർന്ന് ഇവരെ വീണ്ടും ഐരവണിലെ വീട്ടിൽ കൊണ്ടുവിട്ട് പോകാനൊരുങ്ങി. നാട്ടുകാർ സംഘടിച്ച് എതിർത്തതോടെ മാതാവിനെയും കൊണ്ട് മക്കൾ സ്ഥലം വിട്ടു. നേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ശസ്ത്രക്രിയ ചെയ്യായെ വീട്ടമ്മയുടെ കൈകൾ നേരെയാക്കാൻ കഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. എച്ച്.ഐ.വി ബാധിതയായതിനാൽ മുൻകരുതലുകൾ ഇതിന് ധാരാളമായി വേണമെന്നും പറയുന്നു. കൂട്ടിരുപ്പുകാർ എപ്പോഴും അടുത്തുണ്ടാകണമെന്നും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഇവരുടെ മക്കൾ സാമ്പത്തികമായി ഉയർന്ന നിലയിലാണ്. ഒരു വർഷം മുമ്പാണ് മാതാവിന് എച്ച്.ഐ.വി. ആണെന്ന് അറിഞ്ഞതെന്നാണ് മക്കൾ പറയുന്ന്. എന്നാൽ, അഞ്ചുവർഷത്തിലേറെയായി ഇവർ എച്ച്.ഐ.വിക്ക് ചികിൽസയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. മാതാവിനെ നട തള്ളിപ്പോകാനുള്ള മക്കളുടെ ശ്രമം തടയുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.