ശ്രീനഗർ: തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീന്റെ കമാൻഡർ ഡോ. സൈഫുള്ള എന്ന ഗസ്സി ഹൈദർ (ഡോ. സാഹിബ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിൽ സൈഫുള്ള കൊല്ലപ്പെട്ടുവെന്ന് പൊലീസ് വ്യക്തമാക്കി. മറ്റൊരു ഭീകരനെ ഏറ്റുമുട്ടലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദത്തിനെതിരായ വലിയ വിജയമാണിതെന്ന് പൊലീസ് പറഞ്ഞു.

ശ്രീനഗറിലെ രംഗ്രെത്തിൽ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. ഇവർക്ക് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിലാണ് സൈഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിനേത്തുടർന്ന് മറ്റൊരു ഭീകരനെ സൈന്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പക്കൽനിന്നും എകെ 47 അടക്കമുള്ള ആയുധങ്ങൾ കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു.

മെയ് മാസത്തിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാന്റർ റിയാസ് നായ്ക്കു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 26 വയസ്സുകാരൻ സൈഫുള്ള മിറിനെ ഭീകരസംഘടനയുടെ തലവനായി നിയമിച്ചത്. ഹിസ്ബുൾ വക്താവ് സലീം ഹാഷ്മിയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖാസി സെയിദ് എന്ന സൈഫുള്ള മിർ 2014 മുതൽ റിയാസ് നായ്കുവിനൊപ്പം ഭീകരവാദപ്രവർത്തനങ്ങളിൽ സജീവമാണ്. ഉപതലവനായി സഫർ ഉൾ ഇസ്‌ളാമിനെയും നിയമിച്ചു. പന്ത്രണ്ടാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമാണുള്ളതെങ്കിലും മറ്റുള്ളവരെ ചികിത്സിക്കുന്നതിനാൽ സൈഫുള്ള മീറിനെ ‘ഡോക്ടർ സൈഫ്' എന്നും വിളിപ്പേരുണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ മാത്രമല്ല കശ്മീരിലൂടെയുള്ള മയക്കുമരുന്ന് കടത്തിലും ഹിസ്ബുൾ മുജാഹിദ്ദീന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി അടുത്തിടെ കണ്ടെത്തിയിരുന്നു.

പന്ത്രണ്ടാം ക്ലാസ് പാസായിട്ടുള്ള സൈഫുള്ള പുൽവാമയിലെ ഹിസ്ബുൾ കമാൻഡറായിരുന്നു. 2016ൽ ബുർഹാൻ വാനിയെ വധിച്ചതോടെയാണ് നായ്ക്കു ഹിസ്ബുൾ നേതാവായത്. സേന ഇയാളെയും വധിച്ചതോടെയാണു നായ്ക്കുവിന്റെ വിശ്വസ്തനായ സൈഫുള്ള മിറിനെ നേതാവാക്കിയത്. ഹിസ്ബുൾ പ്രവർത്തകർക്കിടയിൽ മുസൈബ് എന്നും ഡോക്റ്റർ സെയ്ഫ് എന്നും അറിയപ്പെടുന്ന ഇയാൾ പൊലീസ് നടപടികളിൽ പരുക്കേൽക്കുന്ന ഭീകരരെ പരിചരിക്കുന്നതിൽ വിദഗ്ധനാണ്. പുൽവാമയിലെ ഗവൺമെൻറ് ഐഐടിയിൽ നിന്നു ബയൊമെഡിക്കൽ കോഴ്സ് പാസായിട്ടുണ്ട്. തുടർന്നു ശ്രീനഗറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇലക്‌ട്രോമിക്സ് ആൻഡ് ഇൻഫൊർമേഴഷൻ ടെക്‌നോളജിയിൽ ഇലക്‌ട്രീഷ്യനായി ജോലിചെയ്യുമ്പോഴാണ് നായ്ക്കുവിനൊപ്പം ഭീകരസംഘടനയിൽ ചേരുന്നത്.

ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ റിയാസ് നായിക്കുവിന് പിന്നാലെ വധിക്കേണ്ട ഭീകരരുടെ ഹിറ്റ്‌ലിസ്റ്റ് സൈന്യം തയ്യാറാക്കിയിരുന്നു. കശ്മീരിൽ പാക് പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീന്റെ പുതിയ കമാൻഡർ ഡോ. സൈഫുള്ള ഉൾപ്പെടെ 10 ഭീകരരുടെ പട്ടികയാണ് സൈന്യം തയ്യാറാക്കിയിരുന്നത്.

അഷ്റഫ് മൗലവി എന്നറിയപ്പെടുന്ന മുഹമ്മദ് അഷ്റഫ് ഖാൻ എന്ന മൻസൂറുൽ ഇസ്​ലാം, ജുനൈദ് സെഹ്റായ്, തുറാബി മൗലവി എന്നറിയപ്പെടുന്ന മോം അബ്ബാസ് ഷെയ്ക്ക് എന്നിവരാണ് പട്ടികയിലുള്ള മറ്റ് ഹിസ്ബുൽ മുജാഹിദീൻ ഭീകരർ. സാഹിദ് സർഗർ (ജയ്ഷെ മുഹമ്മദ്), ഷകൂർ (ലശ്കറെ ത്വയ്ബ), ഫൈസൽ ഭായ് (ജയ്ഷെ മുഹമ്മദ്), ഷെറാസ് അൽ ലോൺ, സലീം പരായ് (ജയ്ഷെ മുഹമ്മദ്), ഉവൈസ് മല്ലിക് (ലശ്കറെ ത്വയ്ബ) എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

അവന്തിപ്പോരയിൽ അടുത്തിടെ നടന്ന ഏറ്റുമുട്ടലിനിടെയാണ് റിയാസ് നായ്കുവിനെ സൈന്യം വധിച്ചത്. സുരക്ഷാ സേനയും പൊലീസും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലാണ് റിയാസ് നായ്ക്കുവും മറ്റൊരു ഭീകരൻ അദിൽ അഹമ്മദും കൊല്ലപ്പെട്ടത്. ഏപ്രിലിൽ മാത്രം 28 ഭീകരരെയാണ് അതിർത്തിയിൽ സൈന്യം വധിച്ചത്. 2019ൽ 152 ഭീകരരാണ് ജമ്മു - കശ്മീരിൽ കൊല്ലപ്പെട്ടത്. 2018ൽ ഇത് 215 ആയിരുന്നു.