ബെംഗലൂരു: അടുത്തദിവസം നടക്കുന്ന വിവാഹനിശ്ചയത്തിന് ഒന്നിച്ചു യാത്ര ചെയ്യാനായി വിമാനത്തിൽ ബോംബുണ്ടെന്നു വ്യാജഭീഷണി മുഴക്കിയ സംഭവത്തിൽ മലയാളി യുവതിയും യുവാവും അറസ്റ്റിൽ. മാവേലിക്കര സ്വദേശി അർജുനേയും ചേർത്തല സ്വദേശിനി നേഹയേയുമാണ് ബെംഗലൂരു പൊലീസ് കസ്റ്റഡിയിലെടുത്തത്. അർജുന്റെ ബന്ധുവാണ് വ്യാജ ബോംബു ഭീഷണി ഫോണിലൂടെ മുഴക്കിയത്.

ബെംഗലൂരുവിൽ ജോലി ചെയ്യുന്ന ഇരുവരുടേയും വിവാഹ നിശ്ചയം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി നാട്ടിലേക്കു പുറപ്പെടാനിരിക്കേ കൃത്യ സമയത്ത് ഇരുവർക്കും ഒന്നിച്ച് കെംപഗൗഡ വിമാനത്താവളത്തിൽ എത്തിച്ചേരാൻ സാധിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെ വിമാനം വൈകിപ്പിക്കാൻ ഇവർ കണ്ടെത്തിയ മാർഗ്ഗമായിരുന്നു വ്യാജ ബോംബ് ഭീഷണി.

വിമാനം കൃത്യ സമയത്ത് പുറപ്പെടുമോ എന്ന് ചോദിച്ച് ബുധനാഴ്ച രാത്രി ടെർമിനലിലേയ്ക്ക് ഫോൺ വന്നിരുന്നു. ഏതെങ്കിലും കാരണത്താൽ വൈകുമോ എന്നും അന്വേഷിച്ചു, ഇല്ലെന്ന് കേട്ടതോടെ കോൾ കട്ട് ചെയ്തു. തുടർന്ന് മാവേലിക്കരയിലെ ലോക്കൽ നമ്പരിൽ നിന്ന് ബോംബ് ഭീഷണി ലഭിക്കുകയായിരുന്നു. ഇതോടെ യാത്രയ്ക്ക് തയ്യാറെടുത്തിരുന്ന വിമാനത്തിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പരിശോധന നടത്തി. വിമാനം ആറു മണിക്കൂറോളം വൈകാൻ ഇത് കാരണമായി.

താമസിച്ചെത്തുന്ന യാത്രക്കാരെ ചോദ്യം ചെയ്യുന്ന പതിവുള്ളതിനാൽ അർജുനേയും നേഹയേയും ചോദ്യം ചെയ്തു. കോൾ വന്നത് മാവേലിക്കരയിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അർജുനും മാവേലിക്കരയ സ്വദേശിയായത് പൊലീസിൽ സംശയം ജനിപ്പിച്ചു. വിശമായ ചോദ്യം ചെയ്യലിൽ അർജുനന്റെ ബന്ധുവാണ് ഫോൺ ചെയ്തതെന്നു കണ്ടെത്തി. ഇതേ വിമാനത്തിൽ ആലപ്പുഴ എസ്‌പി ഉണ്ടായിരുന്നതും അന്വേഷണത്തിന് സഹായകമായി.