ന്യൂഡൽഹി: വേൾഡ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഇന്ത്യയോട് തോറ്റതിനു പിന്നാലെ അർധരാത്രി മുഖം മറച്ചും കരിപുരട്ടിയും ഗ്രൗണ്ടിനു മുന്നിലെത്തിയ ബെൽജിയൻ ഹോക്കി താരങ്ങളെ കണ്ട് സുരക്ഷാജീവനക്കാർ ഞെട്ടി.

ഹോട്ടലിൽനിന്ന് അർധരാത്രി കരിതേച്ചും മുഖം മറച്ചും പുറത്തിറങ്ങി കിലോമീറ്ററുകൾ നടന്ന് ഇവരെന്തിന് കലിംഗ സ്റ്റേഡിയത്തിനു മുന്നിലെത്തിയതെന്ന് അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് ബെൽജിയൻ താരങ്ങൾ ഗ്രൗണ്ടിലെത്തിയതത്രെ.

സംഗതി ലളിതമാണ്. കളി തോറ്റ ഗ്രൗണ്ടിലെത്തി ഗോൾ പോസ്റ്റിൽ തുറിച്ചു നോക്കിയാൽ അടുത്തകളിയിൽ വിജയം നേടാമത്രെ. ഈ വിശ്വാസത്തിന്റെ ഭാഗമായാണ് മുഖം മറച്ചും കരിതേച്ചും കളിക്കാർ കലിംഗ ഗ്രൗണ്ടിലെത്തിയത്. എന്നാൽ ഇവരെ ഗ്രൗണ്ടിന്റെ കവാടത്തിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞു.

തുടർന്ന് പൊലീസ് എത്തുകയും അർധരാത്രി മുഖം മറച്ചെത്തിയ കളിക്കാരെ പൊലീസും സുരക്ഷാ ജീവനക്കാരും ചേർന്ന് തിരിച്ച് ഹോട്ടലിലേക്ക് അയക്കുകയും ചെയ്തു. 12-13 താരങ്ങളാണ് ഗ്രൗണ്ടിലെത്തിയത്.

ഇവരെ ഗ്രൗണ്ടിൽ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ ഞങ്ങൾ അവിടെ ചെല്ലുകയും ഹോട്ടലിലേക്ക് തിരിച്ചു പോകാൻ ആവശ്യപ്പെടുകയും ചെയ്തതായി ഭുവനേശ്വർ ഡി സി പി സത്യബ്രത ഭോയിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പൊലീസ് സംരക്ഷണയിലാണ് ഇവരെ തിരിച്ച് ഹോട്ടലിൽ എത്തിച്ചത്. അതേസമയം വെറുതെ നടക്കാനിറങ്ങിയതായിരുന്നെന്നും രസത്തിനാണ് ഗ്രൗണ്ടിലെത്തിയതെന്നും ബെൽജിയം സ്‌കിപ്പർ തോമസ് ബ്രിയൽസ് പറഞ്ഞു.