ന്യൂഡൽഹി: ഇന്ത്യയുടെ ഹോക്കി ടീം കോച്ച് റോളന്റ് ഓൾട്ട്മാൻസിനെ ഹോക്കി ഇന്ത്യ പുറത്താക്കി. രണ്ടു വർഷമായി ടീമിന്റെ മോശം പ്രകടനം തുടരുന്നതാണ് കാരണം. ഹോക്കി ഇന്ത്യയുടേതാണു തീരുമാനം. ഹൈ പെർഫോമൻസ് ഡയറക്ടർ ഡേവിഡ് ജോണിനാണു താൽക്കാലിക ചുമതല നല്കിയിരിക്കുന്നത്.

ഡിസംബറിൽ ഒഡിഷയിൽ നടക്കുന്ന ഹോക്കി വേൾഡ് ലീഗിന്റെ ഫൈനൽ, 2018ലെ ലോകകപ്പ് എന്നിവ വരാനിരിക്കെയാണ് മുഖ്യ പരിശീലകനെ മാറ്റിയത്. മൂന്നു വർഷത്തോളം ഹൈ പെർഫോമൻസ് ഡയറക്ടർ ആയിരുന്നു റോളന്റ് ഓൾട്ട്മാൻസ്. 2015 ജൂലൈയിലാണ് അറുപത്തിരണ്ടു കാരനായ അദ്ദേഹത്തിന് ഇന്ത്യൻ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനക്കയറ്റം നൽകിയത്. ഹോളണ്ടുകാരനായ പോൾ വാനസിനെ പുറത്താക്കിയ ഒഴിവിലേക്കായിരുന്നു ഡച്ചുകാരൻ തന്നെയായ ഓൾട്ട്മാൻസിന്റെ നിയമനം.

ടീമിനു വേണ്ടി അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഹോക്കി ഇന്ത്യ അംഗീകരിക്കുന്നു, എങ്കിലും ടീമിന്റെ ആകെയുള്ള പ്രകടനമികവിലും കായികക്ഷമതയിലും നിരാശയാണ് ഉണ്ടായത്. ഹോക്കി ഇന്ത്യയുടെ വിശദീകരണക്കുറിപ്പിൽ ഓൾട്ട്മാൻസ് കാലത്തൈ വിശേഷിപ്പിക്കുന്നത് ഇങ്ങനൈയാണ് .

1994 മുതൽ 2015 വരെയുള്ള 21 വർഷത്തിനിടെ സ്വദേശികളും വിദേശികളുമായി 22 പരിശീലകരാണ് വന്നു പോയത്. കളത്തിനു പുറത്തെ കളികളാണു പലരുടെയും കസേര തെറിപ്പിച്ചത്. 1994 മുതൽ 2008 വരെ കെ.പി.എസ്.ഗിൽ ഹോക്കി അസോസിയേഷൻ ഭരിച്ച കാലയളവിൽ ടീമിനെ കളി പഠിപ്പിക്കാനെത്തിയത് 17 പരിശീലകർ. ബത്ര സ്ഥാനമേറ്റ് അഞ്ചു വർഷത്തിനകം സ്ഥാനം നഷ്ടപ്പെടുന്ന അഞ്ചാമത്തെ കോച്ചാണ് ഓൾട്ട്മാൻസ്. പതിനാറു വർഷത്തിനു ശേഷം ഇന്ത്യയ്ക്ക് ഏഷ്യൻ ഗെയിംസ് സ്വർണം നേടിത്തന്ന ടെറി വാൽഷ് എന്ന ഓസ്‌ട്രേലിയക്കാരൻ പുറത്തുപോകാനുള്ള കാരണവും ബത്രയുമായുള്ള ഉടക്കാണ്.