ലണ്ടൻ: ഓവലിൽ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ദയനീയമായി പരാജയപ്പെട്ടതിന്റെ ദുഃഖത്തിലാണ് ഇന്ത്യൻ ആരാധകർ. എന്നാൽ ഹോക്കിയെ ഇഷ്ടപ്പെടുന്ന ഇന്ത്യക്കാർക്ക് ആഘോഷിക്കാൻ ഒരു ഉജ്ജ്വല വിജയം ഉണ്ടായി. ലോകകപ്പിന്റെ യോഗ്യതാ ടൂർണമെന്റായ ലോക ഹോക്കി ലീഗ് സെമിഫൈനൽസിൽ ഇന്ത്യ പാക്കിസ്ഥാനെ തകർത്ത് തരിപ്പണമാക്കി. ഒന്നിനെതിരെ ഏഴ് ഗോളിനാണ് ഇന്ത്യയുടെ ഉജ്ജ്വല വിജയം. ടൂർണമെന്റിൽ ഇന്തയുടെ തുടർച്ചയായ മൂന്നാം ജയമാണ്. പാക്കിസ്ഥാനോട് വിജയിച്ചത് ഇരട്ടിമധുരവും.

ഇന്ത്യൻ സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കറുത്ത ആം ബാൻഡ് ധരിച്ചാണ് ഇന്ത്യൻ താരങ്ങൾ കളിച്ചത്. അതുകൊണ്ട് തന്നെ താരങ്ങൾ വർദ്ധിത വീര്യത്തോടെ പൊരുതുകയും ചെയ്തു. ഈ പോരാട്ടത്തിന് കളത്തിൽ ഫലവും കണ്ടു.

ഈ ജയത്തോടെ പൂൾ ബിയിൽ ഒന്നാം സ്ഥാനക്കാരായിരിക്കുകയാണ് ഇന്ത്യ. തുടക്കം മുതൽ ആക്രമിച്ചു കളിച്ച ഇന്ത്യയ്ക്കുവേണ്ടി തൽവീന്ദർ സിങ്, ഹർമൻപ്രീത്സിങ്, ആകാശ് ദീപ് സിങ് എന്നിവർ ഇരട്ടഗോൾ നേടി. ഒന്നാം ക്വാർട്ടറിൽ ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ പെനാൽറ്റി കോർണറിലൂടെയാണ് ലീഡ് നേടിയത്. 21-ാം മിനിറ്റിൽ തൽവീന്ദറിലൂടെ ഇന്ത്യ ലീഡ് രണ്ടാക്കി. 24-ാം മിനിറ്റിൽ ഒരിക്കൽക്കൂടി ലക്ഷ്യം കണ്ട തൽവീന്ദർ ഇന്ത്യയുടെ ലീഡ് മൂന്നാക്കി.

പെനാൽറ്റി കോർണർ ലക്ഷ്യത്തിലെത്തിച്ച ഹർമൻപ്രീത് സ്‌കോർ 4-0 ആക്കി. സർദാർ സിങ്ങിന്റെ മനോഹരമായൊരു പാസ് സ്വീകരിച്ച ആകാശ് ദീപാണ് സ്‌കോർ 5-0 ആക്കിയത്. വൈകാതെ പ്രദീപ് മോർ ആറാം ഗോൾ കണ്ടെത്തി.

57ാം മിനിറ്റിൽ പാക്കിസ്ഥാൻ മുഹമ്മദ് ഉമർ ഭൂട്ടയിലൂടെ ഒരു ഗോൾ മടക്കിയെങ്കിലും ഫലമുണ്ടായില്ല. 59-ാം മിനിറ്റിൽ ആകാശ് വീണ്ടും വല കുലുക്കി ഇന്ത്യയുടെ ജയം ഉറപ്പിച്ചു. ചൊവ്വാഴ്ച ഹോളണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.