മെൽബൺ: അവധിയാഘോഷങ്ങൾക്കിടെ റോഡപകടങ്ങളിൽ പെട്ട് മരിച്ചവരുടെ എണ്ണം 28 ആയി. ക്യൂൻസ് ലാൻഡ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ ന്യൂഇയർ ആഘോഷത്തിനിടെയുണ്ടായ അപകടങ്ങളിൽ പെട്ടാണ് 28 പേരും മരിച്ചിരിക്കുന്നത്.

ബ്രിസ്‌ബേനിലുണ്ടായ അപകടത്തിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന 31-കാരൻ മറ്റൊരുകാറുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിലാണ് മരിച്ചത്.ലോഗനിലുള്ള ക്ലാക്‌സ് ക്രീക്കിനു സമീപമാണ് അപകടമുണ്ടായത്. വിക്ടോറിയയിലെ മൗണ്ട് മെർസെറിനു സമീപം കാർ മറിഞ്ഞ് മറ്റൊരാൾ മരിക്കുകയും ചെയ്തു. ഡിസംബർ 23 മുതൽ ജനുവരി മൂന്നു വരെയുള്ള ദിവസങ്ങളാണ് നാഷണൽ ഹോളിഡേയായി കരുതപ്പെടുന്നത്. ഈ കാലയളവിലുള്ള അപകട മരണങ്ങളുടെ ലിസ്റ്റാണ് ഹോളിഡേ റോഡ് അപകടങ്ങളിൽ എടുക്കുന്നത്.

സൗത്ത് ഓസ്‌ട്രേലിയയിൽ മോട്ടോർ സൈക്കിളും കാറും തമ്മിൽ കൂട്ടിയിടിച്ചും ഒരാൾ മരിച്ചു. അതേസമയം നോർത്തേൺ ടെറിട്ടറിയിൽ അപകടമരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ന്യൂസൗത്ത് വേൽസിലെ റോഡുകളിൽ പത്തു പേരുടെ ജീവൻ പൊലിയുകയും വിക്ടോറിയയിൽ ആറു പേരും ക്യൂൻസ് ലാൻഡിൽ നാലു പേരും വെസ്റ്റേൺ ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും ഓരോരുത്തർ വീതവും ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലും സൗത്ത് ഓസ്‌ട്രേലിയയിലും രണ്ടു പേർ വീതവും മരിച്ചു.