രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ അഭ്രപാളികളിലൂടെ അനശ്വരമാക്കിയ ഹോളിവുഡ് സംവിധായകൻ റിച്ചാർഡ് ആറ്റൻബറോ (91) അന്തരിച്ചു. സംവിധായകനും നടനും നിർമ്മാതാവുമൊക്കെയായി ഏഴു പതിറ്റാണ്ടിലേറെ ഹോളിവുഡിൽ നിറഞ്ഞുനിന്ന ആറ്റൻബറോയുടെ ജീവിതം ഇതിഹാസ തുല്യമാണ്. 

1982-ൽ പുറത്തിറങ്ങിയ ഗാന്ധിയാണ് ആറ്റൻബറോയെ ലോകം മുഴുവൻ അറിയപ്പെടുന്ന സംവിധായകനാക്കി മാറ്റിയത്. ബെൻ കിങ്‌സ്‌ലി ഗാന്ധിജിയായി വേഷമിട്ട ചിത്രം, ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ചരിത്രം എക്കാലത്തേയ്ക്കും അഭ്രപാളികളിൽ പകർത്തിവച്ചു. 1983-ൽ മികച്ച സംവിധായകനും മികച്ച സിനിമയ്ക്കുമുൾപ്പെടെ എട്ട് ഓസ്‌കർ അവാർഡുകളാണ് ഗാന്ധി സ്വന്തമാക്കിയത്. ഓസ്‌കർ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ഭാനു അതയ്യ മാറിയതും ഈ ചിത്രത്തിലൂടെ തന്നെ. ഗാന്ധിജിയായി വേഷമിട്ട കിങ്‌സ്‌ലി മികച്ച നടനുമായി.

2008-ൽ പക്ഷാഘാതം വന്നശേഷം വീൽച്ചെയറിയിലായിരുന്നു ആറ്റൻബറോയുടെ ജീവിതം. ഭാര്യ ഷീല സിംസിനൊപ്പം കഴിഞ്ഞ മാർച്ച് മുതൽ ഡെൻവീൽ ഹാൾ കെയർ ഹോമിലായിരുന്നു ആറ്റൻബറോ ജീവിച്ചിരുന്നത്. ഡിമെൻഷ്യ മൂലം അവശയാണ് ഷീലയും.
കേംബ്രിജിൽ 1923-ൽ ജനിച്ച റിച്ചാർഡ് ആറ്റൻബറോ, നാല്പതുകളിലാണ് സിനിമയുടെ ലോകത്തെത്തുന്നത്. ലെസ്റ്ററിലെ ലിറ്റിൽ തീയറ്ററിലൂടെ അഭിനയ ലോകത്തെത്തിയ അദ്ദേഹം, പിന്നീട് റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ടിൽ ചേർന്നു. പിൽക്കാലത്ത് റാഡയുടെ പ്രസിഡന്റും തുടർന്ന് രക്ഷാധികാരിയുമായിരുന്നു.

1942-ൽ പുറത്തിറങ്ങിയ ഇൻ വിച്ച് വീ സെർവ് എന്ന സിനിമയിൽ ആൾക്കൂട്ടത്തിലൊരാളായാണ് ആറ്റൻബറോയുടെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ അപ്രധാന റോളുകളിൽ ഒതുങ്ങിപ്പോയി. എന്നാൽ, 1947-ൽ പുറത്തുവന്ന ബ്രൈറ്റൻ റോക്കിലെ പിങ്കി ബ്രൗൺ എന്ന കഥാപാത്രം ആറ്റൻബറോയെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. ഗ്രേറ്റ് എസ്‌കേപ്പ്, 10 റിലിങ്ടൺ പ്ലേസ്, മിറാക്കിൾ ഓൺ 34ത്ത് സ്ട്രീറ്റ് തുടങ്ങിയ സിനിമികളിലൂടെ പ്രേക്ഷകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയ ആറ്റൻബറോയെ പുതിയ തലമുറയ്ക്ക് ഏറ്റവും സുപരിചിതമാക്കിയത് ജുറാസിക് പാർക്ക് എന്ന സ്റ്റീവൻ സ്പീൽബർഗ് ചിത്രമാണ്. ജുറാസിക് പാർക്കിൽ ദിനോസറുകളുടെ താവളമായ പാർക്കിന്റെ സ്രഷ്ടാവിന്റെ വേഷത്തിലാണ് ആറ്റൻബറോ എത്തിയത്. ജോൺ ഹാമണ്ട് എന്ന കഥാപാത്രം സിനിമയിലെ പ്രധാന കഥാപാത്രങ്ങൾക്കൊപ്പം തന്നെ പ്രേക്ഷകരുടെ മനസ്സിലിടം പിടിച്ചു.
ഗാന്ധിയാണ് ആറ്റൻബറോയുടെ കരിയറിലെ തിളക്കമാർന്ന നിമിഷം. പത്ത് നാമനിർദേശങ്ങൾ നേടിയ ഗാന്ധി, അതിൽ എട്ടെണ്ണം നേടി ഹോളിവുഡിലെ എക്കാലത്തെയും ഇതിഹാസ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. നാല് ബാഫ്ത്ത അവാർഡുകളും നാല് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ച അഭിനേതാവിനുള്ള ബാഫ്ത പുരസ്‌കാരവും അതില്പെടുന്നു. 1964-ൽ പുറത്തിറങ്ങിയ ഗൺസ് അറ്റ് ബറ്റാസി; സീൻ ഓൺ എ വെറ്റ് ആഫ്റ്റർനൂൺ എന്ന ചിത്രത്തിലെ അഭിനയമാണ് പുരസ്‌കാരത്തിനർഹമായത്.

റോയൽ അക്കാദമിയിൽ പ്രവർത്തിക്കുന്ന കാലത്ത് 1945-ലാണ് ആറ്റൻബറോയുടെ ജീവിതത്തിലേക്ക് ഷീല കടന്നുവരുന്നത്. ഇവരുടെ മൂത്തമകളും ഒരു പേരക്കുട്ടിയും 2004-ലെ സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. പ്രമുഖ ബ്രിട്ടീഷ് പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡേവിഡ് ആറ്റൻബറോ ഇളയ സഹോദരനാണ്.

ബ്രിട്ടീഷ് സിനിമയിലെ എക്കാലത്തെയും ഇതിഹാസമാണ് ആറ്റൻബറോയെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ബ്രൈറ്റൻ റോക്കിലെ അഭിനയവും ഗാന്ധി സിനിമയുടെ സംവിധാനവും ആറ്റൻബറോയെ സിനിമാ ചരിത്രത്തിൽ എക്കാലവും നിലനിർത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോക സിനിമയ്ക്ക് കടുത്ത നഷ്ടമാണ് ആറ്റൻബറോയുടെ മരണമെന്ന് ഗാന്ധിയായി അഭിനയിച്ച ബെൻ കിങ്‌സ്‌ലി പറഞ്ഞു. തന്നിലർപ്പിച്ച വിശ്വാസം അതേപടി പുലർത്താനായതാണ് ഗാന്ധിയുടെ വേഷത്തിൽ താൻ തിളങ്ങാൻ ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ബ്രിട്ടീഷ് രാജകുമാരി ഡയാനയുടെ അടുത്ത സുഹൃത്തുകൂടിയായിരുന്നു അദ്ദേഹം. ഡയാന രാജകുമാരിക്കുവേണ്ടി പ്രസംഗങ്ങൾ തയ്യാറാക്കാൻ ചാൾസ് രാജകുമാരൻ ആവശ്യപ്പെട്ടതോടെയാണ് ആ സൗഹൃദം ആരംഭിക്കുന്നത്.