കൊച്ചി: ബെവ്കോ വെയർഹൗസിൽ നിന്നും ഹോളോഗ്രാം സ്റ്റിക്കറുകൾ കാണാതായി. ആലുവ ചൂണ്ടിയിലുള്ള വെയർ ഹൗസിൽ നിന്നും മദ്യക്കുപ്പികളിൽ പതിപ്പിക്കുന്ന 400 ഹോളോ ഗ്രാം സ്റ്റിക്കറുകളാണ് കാണാതായിരിക്കുന്നത്. വ്യാജ മദ്യ ലോബികൾക്ക് വേണ്ടി ജീവനക്കാർ തന്നെ മോഷ്ടിച്ചതാകാമെന്നാണ് ലഭിക്കുന്ന സൂചന. ഇത് സംബന്ധിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടില്ലാ എന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മറുനാടനോട് പറഞ്ഞു. അതേസമയം സ്റ്റിക്കറുകളുടെ എണ്ണത്തിൽ പിശകുണ്ടായിട്ടുണ്ട് എന്ന് വെയർ ഹൗസ് മാനേജർ സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യം ലഭിക്കാതായതോടെ വ്യാജ മദ്യ ലോബികൾ പിടിമുറുക്കുന്നതിന്റെ സൂചനയാണ് സ്റ്റിക്കറുകൾ കാണാതായിരിക്കുന്നത്. വ്യാജ മദ്യം നിർമ്മിച്ച് കുപ്പികളിലാക്കി ബാറുകൾ വഴി വിതരണം ചെയ്യാനായി കുപ്പികളിൽ പതിപ്പിക്കാനായിട്ടാണ് ഹോളോ ഗ്രാം കടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ വിഷയം ഗൗരവകരമായി എടുക്കുമെന്ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മറുനാടനോട് പറഞ്ഞു. ഉടൻ തന്നെ ഇവിടെ പരിശോധന നടത്തുമെന്നും അറിയിച്ചു. എണ്ണത്തിൽ കുറവുണ്ടായത് കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നാണ് വെയർ ഹൗസ് മാനേജരുടെ മറുപടി.

സംസ്ഥാനത്ത് വില കുറഞ്ഞ മദ്യത്തിനു ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ വ്യാജ മദ്യത്തിനെതിരെ ജാഗ്രത വേണമെന്ന് എക്‌സൈസ് മുന്നറിയിപ്പ്. സ്പിരിറ്റ് വിലയിലുണ്ടായ വർധനവാണ് ക്ഷാമത്തിനു കാരണം.

പലയിടത്തും ബാറുകളിലും ബവ്‌റിജസ് ഔട്ട്‌ലറ്റുകളിലും വിലകുറഞ്ഞ മദ്യം കിട്ടാനില്ലാത്ത സ്ഥിതിയാണ്. വിലകൂടിയ ബ്രാൻഡുകൾ മാത്രമാണ് പലയിടത്തും ഉള്ളത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം ഇല്ല. കേരളത്തിലേക്കു സ്പിരിറ്റ് എത്തുന്ന ഇതര സംസ്ഥാനങ്ങളിൽ ഉൽപ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്.

മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ സ്പിരിറ്റെത്തുന്നത്. അവിടെയുള്ള കമ്പനികൾ വില കൂട്ടിയതാണ് തിരിച്ചടിയായത്. തീരെ വിലകുറഞ്ഞ മദ്യത്തിനു മാത്രമാണ് ക്ഷാമം ഉള്ളതെന്നും മറ്റുള്ള മദ്യത്തിനു ക്ഷാമമില്ലെന്നുമാണ് ബെവ്‌കോയുടെ വിശദീകരണം.