- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബർലിന്റെ വിയോഗത്തിൽ അനുശോചനപ്രവാഹം; നാളെ രാവിലെ 10 മണി മുതൽ പൊതുദർശനം; സംസ്കാരം നാലുമണിയോടെ വീട്ടുവളപ്പിൽ

കണ്ണൂർ: ബർലിന്റെ ഭൗതിക ശരീരം ചൊവ്വാഴ്‌ച്ച രാവിലെ പത്തുമണിമുതൽ പതിനൊന്നര വരെ നാറാത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പൊതുദർശനത്തിന് വയ്ക്കും. വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പിൽ ശവസംസ്‌കാര ചടങ്ങുകൾ നടക്കും. ബർലിനെ അവസാനമായി ഒരു നോക്കുകാണാനും ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കാനും നിരവധിയാളുകളാണ് മരണവിവരമറിഞ്ഞ് രാത്രി തന്നെ നാറാത്തെ വീട്ടിലെത്തിയത്. വടകര.എംഎൽഎയും ആർ. എംപി നേതാവുമായ കെ.കെ രമയെത്തി. രാത്രിയോടെയാണ് രമ നാറാത്തെ ബർലിന്റെ വീട്ടിലെത്തിയത്. വി. എസ് കഴിഞ്ഞാൽ ആർ. എംപി നേതാവ് ടി.പി ചന്ദ്രശേഖരൻ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തിയിരുന്ന വ്യക്തിത്വങ്ങളിലൊന്നായിരുന്നു ബർലിൻകുഞ്ഞനന്തൻ നായർ. നേരത്തെ ആർ. എംപി വിളിക്കുന്ന പരിപാടികൾക്ക് ബർലിൻ സജീവമായി പങ്കെടുക്കാറുണ്ടായിരുന്നു. പിന്നീട് സി.പി. എമ്മിലേക്ക് മടങ്ങിയപ്പോൾ ബന്ധം മുറിയുകയായിരുന്നു.
ബർലിൻ കുഞ്ഞനന്തൻ നായരുടെ വിയോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ദേശീയ, അന്തർദേശീയ മാധ്യമങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യൂറോപ്പിലെ വാർത്തകൾ ലോകത്തെ അറിയിക്കാൻ ഉത്സാഹിച്ച പത്രപ്രവർത്തകനായിരുന്നു. നിരവധി മലയാള പ്രസിദ്ധീകരണങ്ങൾക്ക് ലേഖനങ്ങളും റിപ്പോർട്ടുകളും നൽകി. സാങ്കേതിക സൗകര്യങ്ങൾ പരിമിതമായ കാലത്ത് പത്രപ്രവർത്തന മേഖലയിൽ തന്റേതായ വഴികൾ കണ്ടെത്തിയ കുഞ്ഞനന്തൻ നായരുടെ നിരവധി വാർത്തകൾ അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പത്രപ്രവർത്തന മേഖലയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് ജില്ലാ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ആദ്യ കാല കമ്മ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖനായ ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ കോൺ ഗ്രസ്സ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും അനുശോചിച്ചു. ബർലിൻ കുഞ്ഞനന്തൻ നായരുടെ നിര്യാണത്തിൽ ജനതാ ദൾ എസ് ദേശീയ നിർവ്വാഹക സമിതി അംഗവും, സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.പി.ദിവാകരൻ അനുശോചനം രേഖപ്പെടുത്തി


