മലപ്പുറം: ബാബുരാജെന്ന അനശ്വര സംഗീതജ്ഞന്റെ ഭാര്യ ബിച്ച ബാബു രാജ് വിടവാങ്ങുമ്പോൾ ബാക്കിയാവുന്നത് ഒരു പിടി ഓർമകൾ. അവസാന നാളുകളിൽ കൊണ്ടോട്ടി തുറക്കലിൽ മകൾ സാബിറയുടെ വീട്ടിലായിരുന്നു ബിച്ച. ഇവിടെവെച്ച് ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു മരണം. മൃതദേഹം രാവിലെ കോഴിക്കോട്ടേക്ക് കൊണ്ടുപോവും. ബേപ്പൂർ മാത്തോട്ടം ജുമാ മസ്ജിദിലാണ് ഖബറടക്കം

1956ലാണ് ബാബുരാജിന്റെ ജീവിത പങ്കാളിയായി ബിച്ച കോഴിക്കോട് പന്നിയങ്കരയിലെത്തിയത്. ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓർമകളിലൂടെ സക്കീർ ഹുസൈൻ എഴുതിയ പുസ്തകം നേരത്തെ പസിദ്ധീകരിച്ചിരുന്നു. ബാബുരാജെന്ന സംഗീതജ്ഞന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകൾക്കൊപ്പം കോഴിക്കോടിന്റെ രാവുകളെ സംഗീതസാന്ദ്രമാക്കിയിരുന്ന ഒരുപിടി കലാകാരന്മാരേയും ഈ പുസ്തകത്തിൽ ഓർമിച്ചെടുക്കുന്നു.

ഒരു കല്ല്യാണവീട്ടിൽ പാടാൻ വരുന്ന ബാബുരാജിനെ ജനാലയ്ക്കിടയിലൂടെ നോക്കിനിൽക്കുന്ന ബിച്ചയിലൂടെയാണ് ഓർമക്കുറിപ്പ് ആരംഭിക്കുന്നത്. ബാബുരാജിലെ കലാകാരനെ തിരിച്ചറിഞ്ഞ കുഞ്ഞുമുഹമ്മദ് എന്ന പൊലീസ് കോൺസ്റ്റബിളിനെക്കുറിച്ച് പുസ്തകത്തിൽ പലവുരു പരാമർശിക്കുന്നുണ്ട്.

ബാബുരാജിനൊപ്പമുള്ള ഓരോ നിമിഷവും ഒരു ഗസലിന്റെ താളാത്മകതയോടെയാണ് ബിച്ച 'ബാബുക്ക'യിൽ വിവരിച്ചിരിക്കുന്നത്. ആദ്യത്തെ ബസ് യാത്രയും മദിരാശി യാത്രയുമെല്ലാം അതിൽപ്പെടും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും കുടുംബകാര്യങ്ങളിൽ നന്നായി ശ്രദ്ധ പുലർത്തുന്ന ഒരാൾ കൂടിയായിരുന്നു ബാബുരാജെന്ന് ബിച്ച പറയുന്നു. സംഗീതവും കുടുംബവും ഒരുപോലെ നെഞ്ചോടു ചേർത്തുപിടിച്ചതിനാലാണ് വീടിന് രാഗ് രംഗ് എന്ന് പേരിട്ടതെന്നും അവർ ഓർത്തെടുക്കുന്നു.

അലഞ്ഞുതിരിഞ്ഞ് നടന്ന ഒരു കാലം ബാബുരാജിനുണ്ടായിരുന്നെന്ന് ഈ പുസ്തകം നമ്മെ ഓർമപ്പെടുത്തും. ജീവിതത്തിന്റെ കയ്‌പ്പുനീർ ഒരുപാട് കുടിച്ചതുകൊണ്ടാവാം അദ്ദേഹത്തിന്റെ ഗാനങ്ങളിലെല്ലാം ഒരു വിഷാദം നിറഞ്ഞു നിന്നിരുന്നു എന്ന് ബിച്ച ഓർക്കുന്നു. സിനിമയിൽ നിറഞ്ഞുനിന്ന കാലത്തും വിവാഹവീടുകളിൽ തന്റെ ഹാർമോണിയവുമായി ബാബുരാജ് എത്താറുണ്ടായിരുന്നു. അടുപ്പമുള്ളവർക്ക് ഇതിൽ നേരിയ തോതിൽ എതിർപ്പുമുണ്ടായിരുന്നുവെന്ന് പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.

സുഹൃദ്ബന്ധങ്ങളായിരുന്നു ബാബുരാജെന്ന കലാകാരന്റെ ശക്തി. ഓരോരുത്തരേയും തന്നാലാവുംവിധം അദ്ദേഹം സഹായിച്ചു. ഇപ്പോഴത്തെ തലമുറയ്ക്ക് പരിചിതരല്ലാത്ത ആർച്ചി ഹട്ടൻ, സി.എം.വാടിയിൽ, പോസ്റ്റ്മാൻ സെയ്ത്, മെഹബൂബ്, സീറോ ബാബു, തങ്കം റേച്ചൽ, മച്ചാട്ട് വാസന്തി തുടങ്ങിയ നിരവധി കലാകാരന്മാരെ പരിചയപ്പെടുത്തുന്ന പുസ്തകം കൂടിയാണിത്. കോഴിക്കോട്ട് മുമ്പ് സജീവമായിരുന്നതും ഇപ്പോഴില്ലാത്തതുമായ ഒരുപിടി സംഗീത ക്ലബുകളെക്കുറിച്ചും 'ബാബുക്ക'യിൽ പരാമർശമുണ്ട്.

ബാബുരാജിന്റെ സംഗീത ജീവിതത്തിൽ അദ്ദേഹത്തിനൊപ്പം നിന്ന സുഹൃത്തുക്കളിൽ പി.ഭാസ്‌കരൻ, യേശുദാസ് എന്നിവരെപ്പറ്റി ബിച്ച പ്രത്യേകം പറയുന്നുണ്ട്. ഭാസ്‌കരൻ മാസ്റ്റർ ഇല്ലായിരുന്നെങ്കിൽ ബാബുരാജ് എന്നൊരു സംഗീതസംവിധായകൻ ഉണ്ടാകുമായിരുന്നില്ല എന്നാണവർ പറയുന്നത്. ബാബുരാജിന്റെ വിയോഗത്തിന് ശേഷം ഹജ്ജിന് പോകാനടക്കം പലതവണ യേശുദാസ് സഹായിച്ചിട്ടുണ്ടെന്നും ബിച്ച ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.