കഴക്കൂട്ടം: മനസില്‍ നന്‍മകള്‍ കാത്തുസൂക്ഷിച്ച രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു ഇന്നലെ അന്തരിച്ച കെപിസിസി നിര്‍വാഹക സമിതി അംഗവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റുമായിരുന്ന അഡ്വ. സി മോഹനചന്ദന്‍(64). കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മികച്ച രാഷ്ട്രീയപ്രവര്‍ത്തനം കാഴ്ച്ചവച്ചെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ബലിയാടായി മാറുകയായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് പലതവണ മത്സരിച്ചെങ്കിലും വിജയിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസുകാര്‍ തന്നെ കാലുവാരിയതിനാലായിരുന്നു. വയലാര്‍ രവി ഗ്രൂപ്പിന്റെ ഭാഗമായാണ് മോഹനചന്ദ്രന്‍ പ്രവര്‍ത്തിച്ചിരുന്നത്.

അര്‍ബുദ രോഗത്തിന് ഏറെ നാളായി ചികിത്സയിലായിരുന്ന മോഹനചന്ദ്രന്റെ അന്ത്യം ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനങ്ങളും മോഹനചന്ദ്രന്‍ നടത്തിയിരുന്നു. കായിക പ്രതിഭകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും മറ്റും അദ്ദേഹം ഏറെ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ട് കായിക താരങ്ങള്‍ എക്കാലവും ഓര്‍ക്കുന്ന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു അദ്ദേഹം.

കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് വന്ന മോഹനചന്ദ്രന്‍ കെ.എസ്.യു തിരുവനന്തപുരം ജില്ലാപ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് കഴക്കൂട്ടം ബ്‌ളോക്ക് പ്രസിഡന്റ്, ജില്ലാസെക്രട്ടറി, ഡി.സി.സി സെക്രട്ടറി, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം, മുരുക്കുംപുഴ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ആറ്റിങ്ങല്‍ ബാര്‍ കൗണ്‍സിലംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറ്റിങ്ങല്‍, വാമനപുരം മണ്ഡലങ്ങളില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എ.കെ. ആന്റണി 77ല്‍ മുഖ്യമന്ത്രി ആയതിനെത്തുടര്‍ന്നു കഴക്കൂട്ടത്തു നിന്നു നിയമസഭയിലേക്കു മല്‍സരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് ജനറല്‍ കണ്‍വീനറായിരുന്നു.

ഭാര്യ സുധ, മക്കള്‍ എം.എസ്. മിഥുന്‍ (വെല്ലൂര്‍ കോളേജ് എം.ടെക്ക് വിദ്യാര്‍ത്ഥി), എം.എസ്. അര്‍ജുന്‍ (തുമ്പ സെന്റ്‌സേവിയേഴ്‌സ് കോളേജ് ബി.കോം വിദ്യാര്‍ത്ഥി). സി. മോഹനചന്ദ്രന്റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അനുശോചിച്ചു. മോഹനചന്ദ്രന്റെ സേവനം ഒരിക്കലും മറക്കാനാവില്ല. മോഹനചന്ദ്രന്റെ വിയോഗം പാര്‍ട്ടിക്കു വലിയ നഷ്ടമാണെന്ന് സുധീരന്‍ പറഞ്ഞു. ചെറുപ്പം മുതല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച നേതാക്കളില്‍ ഒരാളായിരുന്നു മോഹനചന്ദ്രനെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അനുസ്മരിച്ചു.

മൃതദേഹം ഇന്ന് ഉച്ചതിരിഞ്ഞ് മുരുക്കുംപുഴ കടവിനടുത്തുള്ള സുധാഭവനിലെ വളപ്പില്‍ സംസ്‌കരിക്കും.