ന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും, ആണവ ശാസ്ത്രജ്ഞനും ധിഷണാശാലിയായ ഗവേഷകനും എഴുത്തുകാരനും കവിയും തത്വശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ ദേഹവിയോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ അനുശോചിച്ചു. ജൂലൈ 27ന് നടന്ന അന്താരാഷ്ട്ര ടെലിഫോൺ കോൺഫെറൻസിലാണ് അനുശോചനമറിയിച്ചത്.

ഇന്ത്യൻ ജനതയെ സ്വപ്നങ്ങൾ കാണുവാൻ പഠിപ്പിക്കുകയും, അവരുടെ പല സ്വപ്നങ്ങളും യാഥാർഥ്യമാക്കിക്കൊണ്ട് ഭാരതത്തിന്റെ സ്ഥാനം ലോകരാഷ്ട്രങ്ങൾക്കിടയിൽ വാനോളം ഉയർത്തുകയും ചെയ്ത ഒരു അതുല്യ പ്രതിഭയായിരുന്നു ഡോ. കലാമെന്നും, അദ്ദേഹത്തിന്റെ വിയോഗം ഭാരതത്തിന് ഒരു തീരാനഷ്ടമാണെന്നും ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി അയച്ച ഡോ. കലാം അനുശോചന പ്രസ്താവന കോൺഫെറൻസിൽ വായിച്ചു. 'രാഷ്ട്രപതിയായിരിക്കെ അദ്ദേഹം ശാന്തിഗിരി ആശ്രമം സന്ദർശിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം 2 മാസത്തിനു മുമ്പ് പത്തനംതിട്ടയിലെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. വ്യക്തിപരമായി അദ്ദേഹവുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ആളാണ് ഞാൻ. ഒരുപാടുതവണ അദ്ദേഹത്തെ സന്ദർശിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.' കൂടാതെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പുലർച്ചതന്നെ താൻ പുറപ്പെടുകയാണെന്നും തന്റെ പ്രസ്താവനയിൽ സ്വാമി ഗുരുരത്‌നം അറിയിച്ചു.

മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന്റെ മരണം ഭാരതത്തിന് തീരാ നഷ്ടമാണെന്ന് ഗ്ലോബൽ കോർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കലും, അദ്ദേഹത്തിന്റെ വേർപാടിലൂടെ ഭാരതത്തിന് ഒരു യഥാർഥ പൗരനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ഗ്ലോബൽ അഡ്‌വൈസറി ബോർഡ് ചെയർമാൻ മാത്യു മൂലേച്ചേരിലും പറഞ്ഞു.

ഇന്ത്യയുടെ ഇന്നത്തെ വളർച്ചയിൽ പ്രചോദനം നൽകിയ വ്യക്തികളിൽ ഒരാളായിരുന്നു അന്തരിച്ച ഡോ. അബ്ദുൾ കലാമെന്ന് ഗ്ലോബൽ ഡയറക്ടർബോർഡ് മെംബർ പ്രിൻസ് പള്ളിക്കുന്നേൽ അഭിപ്രായപ്പെട്ടു.

പ്രവാസി മലയാളികളുടെ ഉറ്റതോഴനായിരുന്നു ഡോ. കലാം. ലോകത്തിലെവിടെയായിരുന്നാലും ഭാരതത്തിന്റെ അന്തസ്സ് ഉയർത്തിപ്പിടിക്കണമെന്ന് അദ്ദേഹം കൂടെക്കൂടെ പറയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ഉദ്ധരണി ഇവിടെ ചേർക്കുന്നു. 'I may not be handsome(സുന്ദരൻ); but I can give my hand to some(കൈസഹായം)' പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ സെക്രട്ടറി ജെയിൻ മുണ്ടയ്ക്കൽ തന്റെ അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

ഗ്ലോബൽ സെക്രട്ടറി ഷിബി നാരമംഗലത്ത്, ഗ്ലോബൽ ട്രഷറർ പി.പി ചെറിയാൻ, ജി.സി.സി കോർഡിനേറ്റർ ലത്തീഫ് തെച്ചി, ബഷീർ അമ്പലായി, പി.വൈ ഷമീർ എന്നിവരും അനുശോചനം രേഖപ്പെടുത്തി. കോൺഫെറൻസിൽ ഗ്ലോബൽ ഭാരവാഹികളെ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്ത് അനുശോചനമറിയിച്ചു. ഓഗസ്റ്റ് 6,7 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന കൺവെൻഷനോടനുബന്ധിച്ച് ഡോ. അബ്ദുൾ കലാം അനുസ്മരണം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.