കൊച്ചി: ജീവിച്ചിരുന്ന കനിവിന്റെ ദൈവം ഇനി ഓർമ്മകളിൽ മാത്രം. തുള്ളി മുറിഞ്ഞു പെയ്യുന്ന മഴയുടെ തേങ്ങലും പ്രാർത്ഥനയുടെ അകമ്പടിയോടെയും ഫാ.ചെറിയാൻ നേരെ വീട്ടിൽ കർത്താവിലേക്ക് നിദ്ര പ്രാപിച്ചു. തോപ്പിൽ മേരീ ക്വീൻ ഇടവകാംഗമായ സത്യദീപം മുൻ ചീഫ് എഡിറ്റർ ഫാ. ചെറിയാൻ നേരേവീട്ടിലി(49)ന്റെ സംസ്‌ക്കാരം തൃക്കാക്കര തോപ്പിൽ മേരി ക്വീൻ പള്ളിയിലായിരുന്നു. എറണാകുളം - അങ്കമാലി അതിരൂപത ആർച്ച് ബിഷപ്പ് ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. സമാപന ശുശ്രൂഷയ്ക്ക് മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. പ്രാർത്ഥനയും നെഞ്ചു നീറിയുള്ള വിങ്ങലുകളും നിറഞ്ഞ പള്ളിമേടയിൽ പ്രകൃതിയുടെ സങ്കടം ചെറുതായി ഒന്നു ചാറിയ മഴയായുമെത്തി.

ഫെ.ചെറിയാൻ നേരെ വീട്ടിലിവന്റെ ഭൗതിക ശരീരം രാവിലെ 12 മണിമുതൽ വികാരിയായി സേവനമനുഷ്ടിച്ച മരട് സെന്റ് ജാന്നാപള്ളിയിലും, രണ്ടു മണിമുതൽ തൃക്കാക്കര തോപ്പിലെ വീട്ടിൽ പൊതു ദർശനത്തിന് വച്ചു. പിന്നീട് മേരീക്വീൻ പള്ളിയിൽ ശുശ്രൂഷ നടത്തി സംസ്‌ക്കരിക്കുകയായിരുന്നു. തൃക്കാക്കര എംഎ‍ൽഎ പി.ടി തോമസ് തുടങ്ങിയ ജന പ്രതിനിധികൾ ആദരാഞ്ജലികൾ അർപ്പിച്ചു. മന്ത്രി പി. രാജീവ് അനുശോചനം അറിയിച്ചു. ഫാ. ചെറിയാൻ നേരെവീട്ടിലിന്റെ സഹായത്തിനും കാരുണ്യത്തിനും പാത്രമായവർ വിങ്ങിപ്പൊട്ടിയാണ് അദ്ദേഹത്തെ ഒരു നോക്ക് കാണാനായി എത്തിയത്. കോവിഡ് നിയന്ത്രണങ്ങളുണ്ടായതിനാൽ അധികം ആളുകൾ എത്തിയിരുന്നില്ല.

കഴിഞ്ഞ ദിവസം മരടിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്നു ഫാ. ചെറിയാൻ നേരേവീട്ടിൽ. തലയ്ക്കേറ്റ ഗുരുതര പരുക്കിനെ തുടർന്നു കൊച്ചി ലേക്ഷോർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടെ മരണം സംഭവിച്ചു. എറണാകുളം - അങ്കമാലി അതിരൂപതയിലെ മരട് സെന്റ് ജാന്നാ പള്ളി വികാരിയായിരുന്നു ഫാ. ചെറിയാൻ നേരേവീട്ടിൽ. മരട് പി.എസ് മിഷൻ ആശുപത്രിക്കു സമീപം കഴിഞ്ഞ 13നു വൈകുന്നേരം നടക്കുമ്പോഴാണ് ആശുപത്രി ജീവനക്കാരൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു തലയ്ക്കു ഗുരുതര പരുക്കേറ്റത്. അന്നുതന്നെ ലേക്ഷോർ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായപ്പോൾ വെന്റിലേറ്ററിൽനിന്നു മാറ്റിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായി മരണത്തിന് കീഴടങ്ങുകയായിരുന്നു. അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ ഇന്നലെ ആശുപത്രിയിലെത്തി അച്ചനെ സന്ദർശിച്ചു പ്രാർത്ഥിച്ചിരുന്നു.

നേരത്തെ വൃക്കദാനം നടത്തി മാതൃക കാണിച്ചിട്ടുള്ള വൈദികനാണ് ഫാ. നേരേവീട്ടിൽ. 1971 ജൂൺ എട്ടിനു ഇടപ്പള്ളി തോപ്പിൽ ഇടവകയിലാണു ജനനം. 1997 ജനുവരി ഒന്നിനു ബിഷപ് മാർ ജേക്കബ് മനത്തോടത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ചു. ജീസസ് യൂത്ത് ഇന്റർനാഷനൽ കൗൺസിലിന്റെ ചാപ്ലയിനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൊരട്ടി, എറണാകുളം ബസിലിക്ക ഇടവകകളിൽ അസിസ്റ്റന്റ് വികാരിയായും, പെരുമാനൂർ, ഞാറക്കൽ ഇടവകകളിൽ റസിഡന്റായും, ഏലൂർ, താമരച്ചാൽപുരം ഇടവകകളിൽ വികാരിയായും, തൃക്കാക്കര മൈനർ സെമിനാരിയിൽ സ്പിരിച്വൽ ഡയറക്ടറായും, അതിരൂപത തിരുബാലസഖ്യം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മാതാപിതാക്കൾ: ജോസഫ് - മേരി. സഹോദരങ്ങൾ: ദേവസ്സി, വർഗീസ്.