- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീരപുത്രന് അമർ രഹേ വിളികളുമായി ജനസമുദ്രം; ജനറൽ ബിപിൻ റാവത്തിന്റെ ചിത്രവും ത്രിവർണ പതാകയും ഏന്തി ഡൽഹിയിലെ പൗരാവലി; വഴിനീളെ അന്ത്യാഭിവാദ്യം അർപ്പിക്കാൻ തിരക്ക്; വിലാപ യാത്ര ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ; 17 ഗൺ സല്യൂട്ട് നൽകി പൂർണ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകൾ; ഹെലികോപ്ടർ അപകടത്തിൽ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വ്യോമസേനയുടെ അഭ്യർത്ഥനയും

ന്യൂഡൽഹി: വീര പുത്രന് അമർ രഹേ വിളികളുമായി രാജ്യത്തിന്റെ വിട നൽകൽ. സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടേയും ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിൽ അന്ത്യാഭിവാദ്യം അർപ്പിക്കാൻ ഡൽഹിയിൽ ഒത്തുകൂടിയത് ആയിരങ്ങൾ. വഴിനീളെ ജനറലിന് അന്ത്യാഭിവാദ്യം അർപ്പിക്കാൻ വൻതിരക്കായിരുന്നു. ജനറലിന്റെ ചിത്രവും, ത്രിവർണ പതാകയും ഏന്തിയാണ് പൗരാവലി പ്രണാമം അർപ്പിച്ച്ത്. വിലാപ യാത്ര 3.30 ഓടെ ഡൽഹി ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽ എത്തി. പൂർണ സൈനിക ബഹുമതികളോടെ വൈകിട്ട് 4.45 നാണ് സംസ്‌കാരം.
എണ്ണൂറോളം സൈനികരാണു സംസ്‌കാര ചടങ്ങുകളുടെ ഭാഗമാകുക. ചടങ്ങുകൾ പ്രകാരം 17 ഗൺ സല്യൂട്ട് നൽകിക്കൊണ്ടാണ് റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും. വിദേശ നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും

അന്തിമോപചാരം അർപ്പിച്ച് പ്രമുഖരും സാധാരണക്കാരും
കാംരാജ് മാർഗിലെ ഔദ്യോഗിക വസതിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ, പ്രമുഖരും സാധാരണക്കാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ, കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ, ലോക്സഭ സ്പീക്കർ ഓം ബിർല, മുൻ കരസേനാ മേധാവിയും കേന്ദ്രമന്ത്രിയുമായ വി കെ സിങ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കർഷക സമര സംഘടന നേതാവ് രാകേഷ് ടിക്കായത്ത്, രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്ത എംപിമാർ, കരസേനാ മേധാവി ജനറൽ എം എം നാരാവ്നെ, വ്യോമസേന മേധാവി എയർചീഫ് മാർഷൽ വി ആർ ചൗധരി, നാവികസേന മേധാവി അഡിമിറൽ ആർ ഹരികുമാർ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു
.
അയൽ രാജ്യങ്ങളായ ശ്രീലങ്കയുടെ സംയുക്തസേനാ മേധാവി ജനറൽ ഷാവേന്ദ്ര സിൽവ, ലങ്കൻ മുൻ സംയുക്ത സേനാ മേധാവിയും ബിപിൻ റാവത്തിന്റെ സുഹൃത്തും സഹപാഠിയുമായ അഡ്‌മിറൽ രവീന്ദ്ര ചന്ദ്രസിരി വിജെഗുണരത്നെ, റോയൽ ഭൂട്ടാൻ ആർമി ഡെപ്യൂട്ടി ചീഫ് ഓപ്പറേഷൻസ് ഓഫീസർ ബ്രിഗേഡിയർ ദോർജി റിൻചെൻ, നേപ്പാൾ കരസേനാ മേധാവി സുപ്രോബൽ ജനസേവാശ്രീ ലെഫ്റ്റനന്റ് ജനറൽ ബാൽ കൃഷ്ണ കർകി, ബംഗ്ലാദേശ് സേനാ പ്രിൻസിപ്പൽ സ്റ്റാഫ് ഓഫീസർ ലെഫ്റ്റനന്റ് ജനറൽ വാകർ ഉസ് സമാൻ എന്നിവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
Delhi: Defence Attaches of different nations pay tribute to #CDSGeneralBipinRawat pic.twitter.com/fUWs5kvgWA
- ANI (@ANI) December 10, 2021
Delhi: Emmanuel Lenain, Ambassador of France to India and Alex Ellis, British High Commissioner to India pay tribute to #CDSGeneralBipinRawat and his wife Madhulika Rawat. pic.twitter.com/c6mRPT7znM
- ANI (@ANI) December 10, 2021
രാവിലെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ പൊതു ദർശനത്തിന് വെച്ചപ്പോൾ ഡൽഹി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, എ കെ ആന്റണി, മല്ലികാർജുൻ ഖാർഗെ, ഹരീഷ് റാവത്ത്, ഡിഎംകെ നേതാക്കളായ കനിമൊഴി, എ രാജ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഫ്രഞ്ച് സർക്കാരിന്റെ പ്രതിനിധി ഇമ്മാനുവൽ ലെന്യൻ, ഇസ്രയേൽ പ്രതിനിധി നോർ ഗിലോൺ തുടങ്ങിയവരും ജനറൽ റാവത്തിനും ഭാര്യ മധുലികയ്ക്കും അന്തിമോപചാരം അർപ്പിച്ചു. ഇവരെ കൂടാതെ പൊലീസ്, സൈനിക ഉദ്യോഗസ്ഥരും പൊതുജനങ്ങളും അടക്കം നിരവധി ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.

ഹെലികോപ്ടർ അപകടത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്
ജനറൽ ബിപിൻ റാവത്ത് ഉൾപ്പടെ 13 പേർ മരിച്ച ഹെലികോപ്ടർ അപകടത്തെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്തണമെന്ന് വ്യോമസേന. ട്വിറ്ററിലൂടെയാണ് വ്യോമസേനയുടെ അഭ്യർത്ഥന. ഹെലികോപ്ടർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് വ്യോമസേന വ്യക്തമാക്കി.
അതിവേഗത്തിലും കൃത്യതയോടും കൂടി അന്വേഷണം പൂർത്തിയാക്കി വസ്തുതകൾ പുറത്തുകൊണ്ടു വരും. അതുവരെ മരിച്ചവരുടെ അന്തസിനെ ബഹുമാനിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും വ്യോമസേന ട്വീറ്റ് ചെയ്തു. ഊട്ടിയിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും അടക്കം 13 പേരാണ് മരിച്ചത്.
ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ ലിദ്ദർ, ലഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിങ്, നായിക് ഗുരുസേവക് സിങ്, നായിക് ജിതേന്ദ്ര കുമാർ, ലാൻസ്‌നായിക് വിവേക് കുമാർ, ലാൻസ്‌നായിക് ബി. സായി തേജ, ഹവിൽദാർ സത്പാൽ എന്നിവരാണ് മരിച്ച മറ്റുള്ളവർ. അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് പരിക്കുകളോടെ ചികിത്സയിലാണ്.


