തൃശൂർ: ചലച്ചിത്ര ലോകത്ത് മലയാളത്തനിമയുടെ തിരു ശേഷിപ്പുകൾ നൽകി യാത്രയായ ലോഹിതദാസിന് വേറിട്ട രീതിയിൽ ഓർമ്മദിനം ആചരിച്ചു. ലോഹിതദാസിനായി ഒരുക്കിയ നീർമരുതു കൊണ്ടുള്ള സ്മൃതിവനത്തിലെ സസ്യങ്ങളെ പരിപാലിച്ചും പുതിയ തൈകൾ നട്ടുമാണ് പന്ത്രണ്ടാമത് ഓർമ്മദിനം ആചരിച്ചത്. ഓയിസ്‌ക ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്‌കൂളിലാണ് ചടങ്ങുകൾ നടന്നത്. സ്‌കൂളിനോട് ചേർന്നാണ് ലോഹിതദാസിനായി ജൈവസ്മാരകമായി നീർമരുതിന്റെ 100 ൽപരം ചെടികൾ നട്ടുവളർത്തി സ്മൃതിവനമായി സംരക്ഷിക്കുന്നത്. ഇതിനോട് ചേർന്ന് തന്നെ സംവിധായകൻ സച്ചിയുടെ സ്മൃതിസ്മാരകമായി മാതളപൂന്തോട്ടവും നിർമ്മിച്ചിട്ടുണ്ട്.

ചടങ്ങുകളുടെ ഉദ്ഘാടനം നീർമരുതിന്റെ തൈ നട്ടുകൊണ്ട് മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. രണ്ടു പതിറ്റാണ്ടുകാലം മലയാള സിനിമാ ലോകത്തിന്റെ കഥാകാരനും ഇതിഹാസവുമായിരുന്ന ലോഹിതദാസ് എക്കാലവും ഓർമ്മിപ്പിക്കാൻ കഴിയുന്ന സിനിമകളാണ് ചലച്ചിത്ര പ്രേമികൾക്ക് സംഭാവന നൽകിയത്. അങ്ങനെയുള്ള ലോഹിതദാസിനെ എപ്പോഴും ഓർമ്മിപ്പിക്കുന്ന ജൈവസ്മാരകമാണ് നീർമരുതു കൊണ്ടുള്ള സ്മൃതിവനമെന്ന് അദ്ദേഹം പറഞ്ഞു. കോൺക്രീറ്റ് സ്മാരകങ്ങൾക്ക് പകരം ഇതുപോലെ ജീവിക്കുന്ന സ്മാരകങ്ങൾ വരും തലമുറക്കും പരിസ്ഥിതിക്കും ഗുണകരമാകുമെന്നും രവീന്ദ്രനാഥ് പറഞ്ഞു. ചടങ്ങിൽ ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ.കെ.എസ് രജിതൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ജയരാജ് വാര്യർ ആമുഖ പ്രഭാഷണം നടത്തി. കൈലാസ നാഥ സ്‌ക്കൂൾ മാനേജർ സിജോ പുരുഷോത്തമൻ, ഓയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി സുരേഷ് വാര്യർ, സ്‌ക്കൂൾ പ്രിസിപ്പാൾ റസീന കടങ്ങേൻ, അഡ്‌മിനിസ്ട്രേറ്റർ സി.രാഗേഷ് എന്നിവർ സംസാരിച്ചു. അന്തരിച്ച സച്ചിയുടെ ഓർമ്മക്കായി സ്മൃതി വനത്തോട് ചേർന്നുണ്ടാക്കുന്ന മാതള പൂന്തോട്ടത്തിൽ മാതളതൈ നടുകയും ചെയ്തു. ഓയിസ്‌ക ഇന്റർ നാഷണലും കൈലാസനാഥ സ്‌ക്കൂളും ചേർന്നാണ് സ്മൃതി വനം ഉണ്ടാക്കിയിരിക്കുന്നത്.

44 തിരക്കഥകൾ, സംവിധാനം ചെയ്തത് 12 ചിത്രങ്ങൾ- ഇത്രയുമായിരുന്നു 20 വർഷം നീണ്ട ചലച്ചിത്ര ജീവിതത്തിൽ ലോഹി മലയാളത്തിന് സമ്മാനിച്ചത്. ലോഹിതദാസിന്റെ തിരക്കഥയിലൊരുങ്ങിയ കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഏറെ ഇഷ്ടത്തോടെ ഓർക്കുന്നുണ്ട്. ഹിറ്റ് മേക്കർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് ഒരു വ്യാഴവട്ടം തികയുകയാണ്.

ചാലക്കുടിക്കടുത്ത് മുരിങ്ങൂരിൽ 1955 മെയ്‌ 10ന് ആണ് അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ കെ ലോഹിതദാസിന്റെ ജനനം.എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനവും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നു ലബോറട്ടറി ടെക്നീഷ്യൻ കോഴ്സും പൂർത്തിയാക്കിയ ലോഹിതദാസ് കലാരംഗത്തേയ്ക്കു എത്തുന്നത് നാടകത്തിലൂടെയാണ്. ആദ്യ നാടകത്തിലൂടെ തന്നെ ലോഹിക്ക് സംസ്ഥാനസർക്കാരിന്റെ അവാർഡ് ലഭിച്ചു. പിന്നീട് അങ്ങോട്ട് നാടകത്തിൽ ജീവിതം. എഴുത്തുകാരനായും അഭിനേതാവായും.

അരങ്ങിന്റെ ഉൾത്തുടിപ്പ് കൈവശമാക്കിയ ലോഹിയെ ചലച്ചിത്രലോകത്തേയ്ക്ക് ആനയിച്ചത് മഹാനടൻ തിലകനാണ്. 1987ൽ സിബി മലയിലിനു വേണ്ടി തനിയാവർത്തനം എന്ന ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ട് ലോഹിതദാസ് വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചു. നാടകീയതയുടെ കടുംപിടിത്തങ്ങളില്ലാതെ പച്ചയായ മനുഷ്യരുടെ ആത്മസംഘർഷങ്ങൾ അതേ വൈകാരികത തീക്ഷണതയിൽ ലോഹി എഴുതിയപ്പോൾ സിനിമാകൊട്ടകയ്ക്കുള്ളിലെ ഇരുട്ടിൽ സേതുമാധവന്റേയും അച്ചൂട്ടിയുടേയും വിദ്യാധരന്റേയും നൊമ്പരങ്ങൾ മലയാളിയുടെ ഉള്ളുപൊള്ളിച്ചു. ജീവിതങ്ങളുടെ വേഷപകർച്ചകളാടാൻ മോഹൻലാലും മമ്മൂട്ടിയടക്കമുള്ളവർക്ക് ലോഹിയുടെ എഴുത്ത് അവസരമൊരുക്കി. തനിയാവർത്തനം, അമരം, വാത്സല്യം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങൾ മമ്മൂട്ടിയിലെ അഭിനേതാവിന് മൂർച്ചകൂട്ടിയപ്പോൾ കിരീടം, ചെങ്കോൽ, ഭരതം, കമലം, കന്മദം തുടങ്ങിയവ മോഹൻലാലിന്റെ പകർന്നാട്ടങ്ങൾക്ക് തിളക്കമേറ്റി.

1997ൽ ഭൂതക്കണ്ണാടിയിലൂടെയായിരുന്നു സംവിധാനത്തിലേക്ക് ലോഹി കടക്കുന്നത്. മികച്ച ചിത്രത്തിനുള്ള ദേശീയ സംസ്ഥാന പുരസ്‌കാരങ്ങൾ നേടി സംവിധായകനെന്ന നിലയിൽ ആദ്യചിത്രത്തിലൂടെ തന്നെ വരവറിയിക്കാൻ ലോഹിക്കാതദാസിനായി. പിന്നീട് ഒരുപിടി മികച്ച സിനിമകൾ സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു.തന്റെ സ്വപ്നപദ്ധതിയായ ഭീഷ്മരെ കടഞ്ഞെടുക്കുന്നതിനിടയിൽ ആയിരുന്നു കാലം ലോഹിയെ മടക്കിവിളിച്ചത്. ഒരു മഴക്കാലത്ത്. 2009 ജൂൺ 28ന് സുഹൃത്തുക്കളെയും ഉറ്റവരെയും തനിച്ചായി ലോഹി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.