- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമുടി വേണു തിരുവനന്തപുരം എന്നു മാത്രം കത്തിൽ വിലാസം എഴുതിയ എംടി; മോൻ വഴി തെറ്റില്ല എന്ന് വേണുവിന്റെ അമ്മയ്ക്ക് വാക്കുകൊടുത്ത ജോൺ എബ്രഹാം; നാടകത്തിലേക്കും സിനിമയിലേക്കും കൈപിടിച്ച കാവാലവും അരവിന്ദനും ഭരതനും; കലാപ്രകടനം കണ്ട് പുതിയ വീടിന്റെ താക്കോൽ കൈമാറിയ തിക്കോടിയൻ; നെടുമുടി കൊടുമുടി കയറിയ വഴികൾ
തിരുവനന്തപുരം: നെടുമുടി എന്ന കുട്ടനാട്ടുകാരനായ രസികൻ മനുഷ്യൻ കലാകാരനായില്ലെങ്കിലേ അദ്ഭുതമുള്ളു. കാവാലം നാരായണ പണിക്കരുടെ കളരിയിൽ പയറ്റി തെളിഞ്ഞ്, നാടകത്തിലൂടെ സിനിമയുടെ കൊടുമുടിയിൽ എത്തിയ 'കൊടുമുടി വേണു'. ഇഷ്ടക്കാർ ആദരവ് കൊണ്ട് അങ്ങനെയും അദ്ദേഹത്തെ വിളിക്കാറുണ്ട്.
മഴവെള്ളം പോലൊരു കുട്ടിക്കാലം
കലയുടെ വരം നെടുമുടിക്ക് കിട്ടിയത് അച്ഛനിൽ നിന്ന് തന്നെ. അച്ഛൻ തികഞ്ഞ കലാകാരനായിരുന്നു. സംഗീതനാടകങ്ങളും 'വാമനാവതാരം' എന്ന ആട്ടക്കഥയും രചിച്ചിട്ടുണ്ട്. കല മക്കൾക്ക് പകർന്നു കൊടുക്കാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് നെടുമുടി തന്നെ പറഞ്ഞിട്ടുണ്ട്. അച്ചനും അമ്മയും അദ്ധ്യാപകരായിരുന്നു. 'വനിത'യുടെ ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'വാക്കും അർഥവും പോലെ അമ്മയും അച്ഛനും. രണ്ടുപേരും അദ്ധ്യാപകർ. എട്ടരയുടെ ലിറ്റിൽ ഫ്ളവർ ബോട്ടു പിടിക്കാൻ ഓടുന്ന അമ്മയുടെ രൂപമാണ് മനസ്സിൽ. ഒന്നരയും മുണ്ടും ആണ് വേഷം. 'ബോബ്കട്ട്' ചെയ്ത പോലെ മുടി. മാറാത്ത തലവേദനയുള്ളതു കൊണ്ടായിരുന്നു അമ്മ മുടി മുറിച്ചത്
നെടുമുടി എൻഎസ്എസ് സ്കൂൾ അദ്ധ്യാപകനും കലാകാരനുമായ കേശവപിള്ള ആശിച്ചത് അഞ്ച് മക്കളെയും കലാകാരന്മാരാക്കാൻ. കഥകളി, കർണാടക സംഗീതം,ഘടം, മൃദംഗം എന്നിവ പഠിപ്പിക്കാൻ ഗുരുക്കന്മാരെ വരുത്തി. സാമ്പത്തിക ഞെരുക്കം മൂലം ഗുരുക്കന്മാരിൽനിന്ന് കലാപഠനം നടത്താനുള്ള സൗകര്യം ഇളയവനായ വേണുവിനുണ്ടായില്ല. എന്നാലും വൈകുന്നേരങ്ങളിൽ വീട് അരങ്ങായി.
'അന്നൊക്കെ വീട്ടിൽ കച്ചേരിയുണ്ടാവും. ഞാനായിരുന്നു ഘടം വായിച്ചിരുന്നത്. കുട്ടിയായതുകൊണ്ട് ഘടത്തിനു പി ന്നിലിരിക്കുന്ന എന്നെ കാണില്ല. രണ്ടു കൈ മാത്രമേ കാണാ നാവൂ. പല നാടുകളിൽ നിന്നുള്ള കലാകാരന്മാർ വീട്ടിലെത്തും. കൊട്ടും പാട്ടും... ചേട്ടന്മാർക്കൊപ്പം പല സ്ഥലങ്ങളിലും കച്ചേരി അവതരിപ്പിക്കാനും പോയിട്ടുണ്ട്. ഗുരുക്കന്മാരിൽ നിന്നു പഠിച്ചില്ലെങ്കിലും കല കൊണ്ട് ജീവിച്ചു പോകുമെന്ന് അമ്മയും അച്ഛനും വിശ്വസിച്ചിരുന്നു. ഞാൻ സിനിമയിലെത്തും മുന്നേ അച്ഛൻ മരിച്ചു. പിന്നീട് അമ്മയെ തിരുവനന്തപുരത്തേക്കു കൊണ്ടുവന്നു. സി നിമയിൽ ഞാൻ മരിക്കുന്ന രംഗങ്ങൾ അമ്മയ്ക്ക് കണ്ടിരിക്കാനാവില്ല, അങ്ങനെ അഭിനയിക്കരുതെന്ന് അമ്മ പറയും."
അമ്മയും ജോണും
'ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ' ഷൂട്ടിങ് ആലപ്പുഴയിൽ നടക്കുമ്പോൾ ഒരിക്കൽ സാക്ഷാൽ ജോൺ എബ്രഹാം വീട്ടിൽ വന്നു. വൈകുന്നേരമായപ്പോൾ ജോണിന് ചാരായം വേണം. അമ്മ അറിയാതെ നെടുമുടിക്ക് ഒന്നും വയ്യ. അപ്പോൾ അമ്മ പറഞ്ഞു....ജോണിനെ വിഷമിപ്പിക്കേണ്ട....അധികം ആകണ്ടാട്ടോ. പിറ്റേന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അമ്മ ജോണിനോടു ഒരു കാര്യം പറഞ്ഞു, 'സിനിമാക്കാർ വഴിപിഴച്ചു പോകും എന്നൊക്കെ കേൾക്കുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീവിഷയത്തി ൽ. എന്റെ മോനും...' ആ വാചകം മുഴുമിപ്പിക്കാൻ ജോൺ സമ്മതിച്ചില്ല. അമ്മയെ ചേർത്തു നിർത്തി നെറുകയിൽ കൈ വച്ചു പറഞ്ഞു, 'അമ്മയുടെ മോൻ വഴിതെറ്റില്ല. ഭയം വേണ്ട, ഇതു പറയുന്നത് ജോൺ ആണ്, ജോൺ എബ്രഹാം...'
വഴിതെറ്റാതെ മുന്നോട്ട്
അച്ഛൻ കേശവപിള്ള ജോലി ചെയ്ത എൻഎസ്എസ് സ്കൂളിൽ. പഠിക്കാൻ കേമനല്ലെങ്കിലും കലാപ്രവർത്തനത്തിൽ താൽപര്യം. സ്കൂളിൽ യൂത്ത് ഫെസ്റ്റിവലിനു താളവാദ്യ വിഭാഗത്തിൽ പങ്കെടുത്തു. ആലപ്പുഴ എസ്ഡി കോളേജിൽ ബിഎക്കു ചേർന്നപ്പോൾ കലാരംഗത്ത് സജീവം. ഫാസിൽ സഹപാഠി. ആയിടയ്ക്ക് കോളേജിൽ നടന്ന മത്സരത്തിൽ സീരിയസ് അഭിനയത്തിന് അദ്ദേഹത്തിനും ഹാസ്യത്തിന് വേണുവിനും സമ്മാനം.
കാലടി ഗോപിയുടെ ഏഴു രാത്രികളിൽ ആലംമൂടൻ അവതരിപ്പിച്ച പാഷാണം വർക്കിയെയാണ് വേണു അനുകരിച്ചത്. ഫാസിലുമായുണ്ടായ സൗഹാർദം ജീവിതത്തിലുടനീളം നിലനിന്നു. കോളേജ് പഠനം കഴിഞ്ഞ് എൻ എസ് മാധവന്റെ നാടകവുമായി അരങ്ങുകളിൽ. ഫാസിലും വേണുവുമായിരുന്നു മുഖ്യകഥാപാത്രങ്ങൾ.സംവിധാനം കാവാലം. അക്കാലത്തെ വേണു ഓർത്തത് ഇങ്ങനെ: "ഫാസിൽ എംഎയ്ക്കു ചേർന്ന കാലയളവിൽ നാടകങ്ങൾ ഞങ്ങൾ തന്നെ എഴുതി മത്സരങ്ങൾക്കെത്തി. ഒന്നിന് കാവാലമായിരുന്നു വിധികർത്താവ്. നല്ല നാടകത്തിനുള്ള പുരസ്കാരം ഫാസിലിനും നല്ല നടനുള്ളത് എനിക്കും. സമ്മാനദാനം കഴിഞ്ഞ് അദ്ദേഹം വീട്ടിലേക്കു ക്ഷണിച്ചു. പുതിയ നാടകസംഘം വേണമെന്ന ചിന്ത കാവാലം പങ്കിട്ടു. 'എനിക്കുശേഷം' നാടകത്തിന്റെ പിറവി അങ്ങനെ. ഞാനും ഫാസിലും പ്രധാന വേഷങ്ങളിൽ'.
ആ നാടകം പിന്നീട് കളിക്കേണ്ട എന്നു തീരുമാനിച്ചെങ്കിലും ആദ്യ അവതരണത്തിലൂടെ വേണുവിന് പേരുകിട്ടി. കാവാലത്തിന്റെ 'ദൈവത്താർ' നാടകത്തിൽ കാലൻ കണിയാൻ എന്ന വേണുവിന്റെ കഥാപാത്രം വായ്ത്താരിയും നൃത്തചലനങ്ങളും താളാത്മക സംഭാഷണങ്ങളുമായി നിറഞ്ഞുനിന്നു. കഴിവുകൾ ഒരൊറ്റ കഥാപാത്രത്തിൽ അവതരിപ്പിക്കാൻ കിട്ടിയ അവസരമായി അത്. പിന്നെ ബോധായനൻ നാലാം നൂറ്റാണ്ടിൽ എഴുതിയതെന്നു കരുതുന്ന സംസ്കൃത നാടകം കാവാലം വിവർത്തനംചെയ്തു. ഗുരുവിന്റെ വേഷത്തിൽ വേണുവും ശിഷ്യനായി ഗോപിയും. ദൈവത്താറിനുശേഷമാണ് കാവാലം അവനവൻ കടമ്പ ചെയ്യുന്നത്.
നെടുമുടി എഴുതി: വിപ്ലവാത്മക മാറ്റമുണ്ടാക്കിയ നാടകമായി അത്. എന്നെ തിരുവനന്തപുരത്തെത്തിച്ച് വേഷമിടുവിച്ചത് കാവാലം. ഒന്നാം പാട്ടു വേഷം. പത്മരാജനും കടമ്മനിട്ടയും അയ്യപ്പപ്പണിക്കരും ജോൺ എബ്രഹാമും സേതുവും നാടകത്തിന്റെ ആരാധകരായി. ഓരോ റിഹേഴ്സൽ കഴിയുമ്പോഴും നാടകം വികസിച്ചു വന്നു. ജി അരവിന്ദനാണ് അത് സ്റ്റേജിലല്ല, പ്രകൃതിയുടെ മടിത്തട്ടിലാണ് കളിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടത്. അവനവൻ കടമ്പ ആദ്യമായി ആട്ടക്കുളങ്ങര സ്കൂളിൽ മരങ്ങളുടെ കീഴെ കർട്ടനില്ലാതെ അവതരിപ്പിച്ചത് അങ്ങനെ. സംഘത്തിലെ മറ്റുള്ളവർക്കെല്ലാം വരുമാനമുള്ളതിനാൽ വേണുവിന് തൊഴിൽ വേണമെന്നായി അരവിന്ദൻ. തിരുവനന്തപുരത്ത് എം എസ് മണിയെ കണ്ട് കലാകൗമുദിയിൽ ജോലി ശരിപ്പെടുത്തി.
ചോദിച്ച് ചോദിച്ച് പോകാം
സിനിമയിൽ എത്തും മുമ്പേ കുറെ കാലം മാധ്യമ പ്രവർത്തകന്റെ വേഷവും ഇട്ടു നെടുമുടി വേണു. കലാകൗമുദിയിലായിരുന്നു ജേണലിസ്റ്റായത്. എങ്ങനെയായിരുന്നു മാധ്യമപ്രവർത്തനത്തെ താൻ സമീപിച്ചത് എന്ന് അഭിമുഖങ്ങളിൽ നെടുമുടി വേണു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. കലാരംഗത്തെ വ്യത്യസ്തങ്ങളായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തലായിരുന്നു നെടുമുടി വേണു അധികവും ചെയ്തത്. പടയണി, അറിയപ്പെടാത്ത മറ്റ് കലാരൂപങ്ങൾ എന്നിവയെപ്പറ്റിയെല്ലാം എഴുതി. തായമ്പക കലാകാരൻ തൃത്താല കേശവപൊതുവാളിനെയും കലാമണ്ഡലം ഹൈദരാലിയെയും കുറിച്ചെല്ലാം ആദ്യം എഴുതിയത് വേണു
സിനിമയുടെ വെള്ളിവെളിച്ചത്തിൽ മാത്രം അഭിരമിക്കാതെ കട്ടൗട്ട് വരയ്ക്കുന്നവർ മുതലുള്ള മറ്റ് ചലച്ചിത്ര അനുബന്ധ ജീവനക്കാരെയും കുറിച്ചും എഴുതിയ കാര്യം നെടുമുടി വേണു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നെടുമുടി വേണുവിനെ കുറിച്ചുള്ള ഒരു ലേഖനത്തിൽ കലവൂർ രവികുമാർ രസകരമായ ഒരു അനുഭവം പങ്കുവയ്ക്കുന്നുണ്ട്. പ്രേം നസീറിനെ അഭിമുഖം ചെയ്യാൻ പോയപ്പോൾ ചോദ്യം ചോദിക്കുകയായിരുന്നില്ല നെടുമുടി വേണു ആദ്യം ചെയ്തത്. പ്രേം നസീറിന്റെ കുറെ ഫോട്ടോകൾ കാണിക്കുകയായിരുന്നു. ഇത് ഏത് ചിത്രങ്ങളിലേതാണ് എന്ന് തിരിച്ചറിയാമോ എന്നായിരുന്നു നെടുമുടി വേണു ചോദിച്ചത്. പ്രേം നസീർ കുഴങ്ങി. ഇത് ഓർത്താകണം ഓരോ കഥാപാത്രത്തെയും വേറിട്ടതാക്കാൻ നെടുമുടി വേണു ശ്രമിച്ചത് എന്നും കലവൂർ രവികുമാർ എഴുതുന്നു.
കാഞ്ചന സീതയ്ക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ ഒരു വാണിജ്യ സിനിമ സംവിധായകനെ അഭിമുഖം ചെയ്ത കാര്യം മനോരമ ന്യൂസിന്റെ നേരെ ചൊവ്വയിൽ നെടുമുടി വേണു ഓർക്കുന്നുണ്ട്. ഒരു ലക്ഷം രൂപം കിട്ടിയാൽ താൻ കാഞ്ചന സീത സിനിമ ചെയ്യും എന്ന് സംവിധായകൻ പറഞ്ഞു. ഒരു ലക്ഷം പോരാ തലയിൽ എന്തെങ്കിലും വേണം എന്ന് സംവിധായകനോട് പറഞ്ഞ് പേപ്പർ മടക്കിവയ്ക്കുകയും ഇക്കാര്യം താൻ എഴുതില്ല എന്ന് പറയുകയും ചെയ്തു നെടുമുടി വേണു. എന്നിട്ട് തന്റെ അഭിപ്രായം വ്യക്തമാക്കിയതിന് ശേഷം സംവിധായകനോടുള്ള അഭിമുഖം തുടരുകയായിരുന്നു നെടുമുടി വേണു.
സംവിധായകൻ ഭരതനുമായി പരിചയപ്പെടുന്നതും അത് പിന്നീട് അദ്ദേഹത്തിന്റെ സിനിമയിലേക്ക് എത്തിച്ചേരുന്നതിനു കാരണമാകുന്നതും മാധ്യമപ്രവർത്തന കാലത്താണ്. വൈകുന്നേരം വരെ മാധ്യമപ്രവർത്തന ജോലിയും ശേഷമുള്ള നാടകങ്ങളുമുള്ള കാലമായിരുന്നു ഏറ്റവും മധുരമായത് എന്നും നെടുമുടി വേണു പറയുമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞതിനു ശേഷവും മാധ്യമപ്രവർത്തനം തുടർന്ന നെടുമുടി വേണു തന്റെ ഇഷ്ട തൊഴിൽ ആയിരുന്നുവെന്നും പറഞ്ഞിരുന്നു.
ഭരതനെ കണ്ടത് വഴിത്തിരിവായി
വിധുബാല, അടൂർ ഭാസി, സുകുമാരൻ, സോമൻ തുടങ്ങിയ പ്രശസ്ത താരങ്ങളുടെ അഭിമുഖമെടുത്തിട്ടുണ്ട് വേണു. അങ്ങനെ സംവിധായകൻ ഭരതന്റെ അഭിമുഖം എടുക്കാൻ പോയതാണ് വേണുവിന്റെ ജീവിതത്തിൽ നിർണായക വഴിത്തിരിവായത്. അഭിമുഖം ചെയ്യാനെത്തിയ ആളെ ഭരതന് ഒരുപാട് ഇഷ്ടപ്പെട്ടു. പ്രയാണം' കഴിഞ്ഞ് ഇനിയെന്ത് എന്ന ആലോചനയിൽ. അഭിമുഖം കഴിഞ്ഞപ്പോൾ, സമയമുള്ളപ്പോൾ വരൂ,സംസാരിക്കാമെന്ന് അദ്ദേഹം. പിറ്റേന്ന് കണ്ടു. അന്നു തുടങ്ങിയ സൗഹൃദം വലിയ ബന്ധമായി.വേണു നടനാണെന്നും കാവാലത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും പത്മരാജനാണ് ഭരതനോട് പറയുന്നത്. ആരവം എന്ന ചിത്രം ചെയ്യുന്ന കാര്യം ഭരതൻ വേണുവിനോട് സൂചിപ്പിച്ചു. കമൽഹാസനെയായിരുന്നു നായകനായി കണ്ടത്.
എന്നാൽ താനിപ്പോൾ കമൽഹാസന് പകരം മറ്റൊരാളെയാണ് നായകനായി സങ്കൽപ്പിക്കുന്നതെന്നും ഭരതൻ വേണുവിനോട് പറഞ്ഞു. ഈ വേഷം വേണുവിന് ചെയ്തൂടേ എന്നായി ചോദ്യം. പിന്നെന്താ, എന്തും ചെയ്യാമെന്നായിരുന്നു വേണു നൽകിയ മറുപടി.
തമ്പിനുശേഷം 1978ലാണ് അതിന്റെ നിർമ്മാണം. അന്ന് നീണ്ട മുടിയും താടിയുമുണ്ട് വേണുവിന്. എടുക്കാനുള്ള പ്രധാന കാരണം ആ രൂപമായിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നു. മലേഷ്യയിൽ പോയി മടങ്ങി, കഞ്ചാവിന് അടിമപ്പെട്ട് സോപാന സംഗീതത്തിൽ ആകൃഷ്ടനാകുന്ന ചെറുപ്പക്കാരനെ അരവിന്ദൻ വേണുവിന്റെ രൂപത്തിൽ കണ്ടു. സെറ്റിൽ വച്ചാണ് വി കെ ശ്രീരാമനെയും ആർടിസ്റ്റ് നമ്പൂതിരിയെയും മറ്റും പരിചയപ്പെട്ടത്. തിരുനാവായ മണപ്പുറത്തെ വീട്ടിലാണ് അവരെല്ലാം. അതുകഴിഞ്ഞാണ് ഭരതന്റെ ആരവം. കാലത്തിനപ്പുറത്തുനിന്ന ചിത്രമായിരുന്നു അത്. നൃത്തചലനങ്ങളുള്ള ഒരുപാട് പാട്ടുകളുണ്ടായി.പക്ഷേ നൃത്ത സംവിധായകനില്ലായിരുന്നു. വേണുചെയ്യുന്നത് പകർത്തിക്കൊള്ളാമെന്ന് ഭരതൻ. ആ പാട്ടുകളിലെയെല്ലാം നൃത്തസംവിധാനം വേണുതന്നെ. ആരവം നന്നായില്ല. ശേഷമാണ് തകര.
പത്മരാജന്റെ ഒരിടത്തൊരു ഫയൽവാനാണ് പിന്നീട് ബ്രേക്ക് കിട്ടിയ ചിത്രം.
ഈ സിനിമ കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് കാരണമായി. വൈകാതെ മലയാള സിനിമയുടെ ഒഴിച്ചുകൂടാനാകാത്ത നടനായി മാറി നെടുമുടി വേണു.
കള്ളൻ പവിത്രൻ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഭരതം, വിടപറയും മുമ്പേ, യവനിക, പഞ്ചവടിപ്പാലം, രചന, സാഗരം ശാന്തം, പറങ്കിമല, പൂച്ചയ്ക്കൊരു മൂക്കുത്തി, അച്ചുവേട്ടന്റെ വീട്, മാർഗം, പ്രേമഗീതങ്ങൾ, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, താളവട്ടം, ചിത്രം, വന്ദനം, തേന്മാവിൻ കൊമ്പത്ത്, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം തുടങ്ങി അഞ്ഞൂറിലേറെ സിനിമകളിൽ അവിസ്മരണീയ വേഷങ്ങൾ.
മികച്ച സഹനടനുള്ള ദേശിയ അവാർഡ്(1990), മികച്ച നടനുള്ള സംസ്ഥാന അവാർഡ് (1981, 2003), മികച്ച രണ്ടാമത്തെ നടൻ (1980,1986,1994), ദേശിയ അവാർഡ് ജുറിയുടെ പ്രത്യേക അവാർഡ് (2003) തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചു.
മറക്കാനാവാത്ത അനുഭവങ്ങൾ
പുതിയ വീടിന്റെ താക്കോൽ കൈമാറിയ തിക്കോടിയൻ
ദേശാഭിമാനിക്ക് നൽകിയ ഒരു അഭിമുഖത്തിൽ വേണു തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില അനുഭവങ്ങൾ വിവരിക്കുന്നുണ്ട്.
'ഞാൻ സിനിമയിലൊക്കെ വരുന്നതിന് മുമ്പാണ് സംഭവം.പാലക്കാട്ട് ഞങ്ങൾ ശ്രീകണഠൻനായരുടെ ലങ്കാലക്ഷ്മി, സാകേതം, കാഞ്ചനസീത എന്നീ നാടകങ്ങൾ കളിച്ചിരുന്നു. മൂന്നു നാടകത്തിലും എനിക്കും ചെറിയ വേഷങ്ങൾ ഉണ്ടായിരുന്നു. നാടകം കഴിഞ്ഞ് എല്ലാവരും പോയി കഴിഞ്ഞാൽ എന്റെ വക ചില കലാപരിപാടികൾ പതിവായിരുന്നു. അതിഥികൾ മാത്രമേ ഈ പരിപാടിയുടെ കാഴ്ചക്കാരായി ഉണ്ടാകാറുള്ളൂ. ഒരു ദിവസം അപരിചിതനായ ഒരാൾ വന്നു തിക്കോടിയനാണെന്നു പരിചയപ്പെടുത്തി. വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഞാൻ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹം സ്നേഹത്തോടെ സംസാരിച്ചത് നാടകത്തിനു ശേഷമുള്ള എന്റെ പെർഫോമൻസിനെകുറിച്ചായിരുന്നു.
മൂന്നു നാടകങ്ങളേക്കാൾ അദ്ദേഹത്തിന് ഇഷ്ടമായത് നാടകാനന്തരം അരങ്ങേറിയ എന്റെ കലാപരിപാടികളാണ്എന്നു പറഞ്ഞു. സമ്മാനമായി തരാൻ അപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഒന്നുമില്ലെന്നും പുതിയതായി ഉണ്ടാക്കിയ വീടിന്റെ താക്കോൽ എനിക്ക് തരാമെന്നും പറഞ്ഞു. എപ്പോൾ വേണമെങ്കിലും താമസം തുടങ്ങാമെന്നും പറഞ്ഞു. മറക്കാനാവാത്ത ഓർമ്മയാണ് ഇന്നും അതെനിക്ക്.'
'സിനിമയിൽ വന്ന കാലത്ത് എംടി വാസുദേവൻ നായർ അയച്ച ഒരു കത്ത് മറക്കാൻ കഴിയാത്തതാണ്. അതിൽ അദ്ദേഹം എഴുതി'' കഥാപാത്രങ്ങളെ അഭിനയത്തിലൂടെ വ്യാഖ്യാനിക്കുക എന്ന അപൂർവമായ കൃത്യം നിർവഹിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് വേണു''.- നെടുമുടി വേണു തിരുവനന്തപുരം എന്നു മാത്രമായിരുന്നു കത്തിനു പുറത്തെ വിലാസം.
മറുനാടന് മലയാളി ബ്യൂറോ