കോട്ടയം: എന്റെ മോളെ... അമ്മേ എന്ന് ഒന്ന് വിളിക്കടീ... എന്റെ പൊന്നു മോനെ... ഒന്നു കണ്ണു തുറക്കടീ.. നിന്നെ കാണാൻ എല്ലാവരും എത്തി. നിന്നെ രക്ഷിക്കാൻ എനിക്കായില്ലല്ലോ.. നിഥിനയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി അമ്മ ബിന്ദു കരഞ്ഞപ്പോൾ കണ്ടു നിന്നവരുടെ കരൾ നുറുങ്ങി, കണ്ണുകൾ നിറഞ്ഞു തുളുമ്പാതെ നോക്കാൻ പാടുപെട്ടു.

ചുണ്ടുകൾക്കിടയിൽ തേങ്ങൽ അമർന്നു. എനിക്കെന്റെ കുഞ്ഞിനെ തൊടണം.. എന്നെ വിട്... അലറി വിളിച്ച ബിന്ദുവിനെ ഒപ്പമുണ്ടായിരുന്നവർ പിടിച്ചു നിർത്തി. എന്നാൽ അവരെ കുടഞ്ഞുമാറ്റി നിഥിനയുടെ മുഖത്ത് ആർത്തിയോടെ അവർ ചുംബിച്ചു. കണ്ണുകളിലെ തിളച്ചു മറിഞ്ഞ ചുടുകണ്ണീർ അടഞ്ഞ കണ്ണുകൾക്ക് മീതെ പരന്നൊഴുകി. മതി വരുവോളം ചുംബനം നൽകിയ ശേഷം മുഖത്ത് പറ്റിയ കണ്ണുനീരിന്റെ നനവ് തോളിൽ കിടന്ന തോർത്തു മുണ്ടു കൊണ്ട് ബിന്ദു ഒപ്പി മാറ്റി.

രക്തയോട്ടം നിലച്ച കരുവാളിച്ച നെറ്റിയിൽ വാൽസല്യത്തോടെ തലോടി. നിന്നെ ഇങ്ങനെ കാണാനാണോ.. ഞാൻ ഇത്രയും വളർത്തിയത്. എനിക്കിനി ആരുണ്ട്. എന്റെ മോൾ തന്നിച്ചു പോയല്ലോ... ആ നിലവിളി ഇപ്പോഴും എന്റെ കാതുകളിൽ കേൾക്കാം... എനിക്ക് രക്ഷിക്കാനായില്ലല്ലോടീ... ബിന്ദുവിന്റെ പതം പറഞ്ഞുള്ള നിലവിളികൾക്കിടയിൽ പലരുടെയും തൊണ്ടയിൽ കരച്ചിൽ കുരുങ്ങിക്കിടന്നു.

പോസ്റ്റ്‌മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 നാണ് തുറുവേലിക്കുന്നിലെ ബന്ധുവീടായ കുന്നേപ്പടിയിൽ നിഥിനയുടെ മൃതദേഹം സംസ്‌ക്കാര ചടങ്ങുകൾക്കായി എത്തിച്ചത്. സഹപാഠികളും ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ജനപ്രതിനിധികളും അടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. ഡിവൈഎഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അന്ത്യാഭിവാദ്യം ചെയ്തു. പാലാ സെന്റ് തോമസ് കോളേജിലെ സഹപാഠികളിൽ ചിലർ വിങ്ങിപ്പൊട്ടികരയുന്നുണ്ടായിരുന്നു.

എന്തിനാടീ പോയത്. നീ എന്നോടൊന്നും പറഞ്ഞില്ലല്ലോ.. എനിക്കിത് കാണാൻ വയ്യടീ, സഹപാഠിയായ വിദ്യാർത്ഥിനി പൊട്ടിക്കരഞ്ഞു. തളർന്നു വീഴാൻ തുടങ്ങിയ വിദ്യാർത്ഥിയെ ഒപ്പമുണ്ടായിരുന്നവർ താങ്ങിപിടിച്ച് കസേരയിൽ ഇരുത്തി. അദ്ധ്യാപകരും അവസാനമായി അവളെ കാണാനെത്തിയപ്പോൾ ഏങ്ങലടിച്ചു. എവിടെയും സജലമായ കണ്ണുകളായിരുന്നു. പ്രകൃതി പോലും കണ്ണു നീർ മഴയായി വീഴ്‌ത്തി. മഴ പെയ്യുമ്പോഴും അതു വകവയ്ക്കാതെ നാടിനെ പ്രിയപ്പെട്ടവളെ കാണാൻ പലഭാഗത്ത് നിന്നും ആളുകൾ വന്നു കൊണ്ടേയിരുന്നു.

ഉച്ചയ്ക്ക് 2.30 ന് അന്ത്യകർമ്മങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സംസ്‌ക്കാരം നടത്തി. വീടിന് സമീപം തന്നെയാണ് ചിതയൊരുക്കിയത്. ബിന്ദുവിന്റെ സഹോദരന്റെ മകനാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്. ചിതയിലേക്ക് എടുക്കുമ്പോഴും മഴ ചന്നംപിന്നം ചാറുന്നുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഉദയനാപുരം മേഖലാ വൈസ് പ്രസിഡന്റുകൂടിയായിരുന്ന നിഥിനയുടെ വിയോഗം നാടിന് ഉൾക്കൊള്ളാനായിട്ടില്ല.

പ്രളയകാലത്തും കോവിഡ് മഹാമാരിയിലും ഉൾപ്പെടെ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു നിഥിന. ഡിവൈഎഫ്ഐയുടെ സാമൂഹ്യ അടുക്കള വഴി നൂറുകണക്കിന് ആളുകൾക്ക് ഭക്ഷണം എത്തിക്കുന്നതിന് മുന്നിലുണ്ടായിരുന്നു. കോവിഡിനിടയിലും വൻ ജനാവലി തന്നെയാണ് നിഥിന മോളെ ഒരുനോക്ക് കാണാനായി തുറുവേലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പ്രിയങ്കരിയും മിടുമിടുക്കിയുമായ നിഥിന ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കുമാവുന്നില്ല. കണ്ണീരടക്കാനാവാതെ നിലവിളിച്ചുകൊണ്ടാണ് അവർ നിഥിനയ്ക്ക് അന്തിമോപചാരമർപ്പിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വി.എൻ വാസവനും സി.കെ ആശ എംഎ‍ൽഎയും നിഥിനയുടെ വീട് സന്ദർശിച്ചു.

നിഥിന മരിച്ചത് രക്തം വാർന്നെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു.

രണ്ട് വർഷമായുള്ള പ്രണയബന്ധത്തിൽ നിന്ന് അകന്നുപോയതിനെ തുടർന്നുള്ള വൈരാഗ്യത്തിലാണ് നിഥിനയെ ആക്രമിച്ചതെന്നാണ് പ്രതി അഭിഷേക് പൊലീസിന് മൊഴി നൽകിയത്. മുൻകൂട്ടി തീരുമാനിച്ചതല്ല കൊലപാതകമെന്ന് അഭിഷേക് മൊഴി നൽകിയെങ്കിലും പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ കടയിൽ നിന്ന് വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിഥിനയുടേയും അമ്മയുടേയും ഫോണിലേക്ക് അഭിഷേക് നിരന്തരം അസഭ്യസന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്.

രോഗാതുരയായ അമ്മ ബിന്ദുവിന്റെ ഏക പ്രതീക്ഷയായിരുന്നു ഫുഡ് ടെക്നോളജി കോഴ്സ് പൂർത്തിയാക്കിയ മകൾ നിഥിന. നല്ല ജോലി നേടി സന്തോഷത്തോടെ ജീവിക്കാമെന്ന മോഹങ്ങൾ കൂടിയാണ് അഭിഷേക് അറുത്തുമാറ്റിയത്. കോഴ്സ് പൂർത്തിയാക്കി പരീക്ഷയ്ക്ക് കോളേജിൽ എത്തിയപ്പോഴായിരുന്നു നിഥിനയെ അഭിഷേക് ആക്രമിച്ച് കൊലപ്പെടുത്തിയത്.