- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി സൈമൺ ബ്രിട്ടോ യാത്രയായി; ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു; വിടവാങ്ങുന്നത് ചലനാത്മകമായ യുവത്വങ്ങൾക്ക് പ്രചോദനമായ കറതീർന്ന കമ്മ്യൂണിസ്റ്റ്; വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച നിശ്ചയദാർഢ്യത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായിരുന്ന ബ്രിട്ടോ മടങ്ങുന്നത് ഒത്തുതീർപ്പുകൾക്ക് വഴങ്ങാത്ത കമ്മ്യൂണിസ്റ്റായി
കൊച്ചി: അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് ചലനാത്മകമായ യുവത്വങ്ങൾക്ക് പ്രചോദനമായ കറതീർന്ന കമ്മ്യൂണിസ്റ്റ് സൈമൺ ബ്രിട്ടോ യാത്രയായി. ബ്രിട്ടോയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. മുഖ്യമന്ത്രിയെ കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ, മന്ത്രിമാരായ ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരും എറണാകുളത്തെ വടുതലയിലെ വീട്ടിൽ എത്തിയിരുന്നു.
വൈദ്യശാസ്ത്രത്തെ വെല്ലുവിളിച്ച നിശ്ചയദാർഢ്യത്തിന്റെയും കരളുറപ്പിന്റെയും പ്രതീകമായ സൈമൺ ബ്രിട്ടോയുടെ ശരീരം എറണാകുളം ഗവ. മെഡിക്കൽ കോളേജിന് കൈമാറി ബ്രിട്ടോയുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണിത്.അവസാനമായി കാണാനെത്തുന്നവർ റീത്തുമായി വരരുതെന്ന് അറിയിക്കണമെന്നും ബ്രിട്ടോ ഭാര്യ സീനയോട് പറഞ്ഞിരുന്നു.
തിങ്കളാഴ്ച തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സൈമൺ ബ്രിട്ടോയുടെ അന്ത്യം. 64 വയസായിരുന്നു. ക്യാമ്പസ് അക്രമരാഷ്ട്രീയത്തിന്റെ ഇരയായ സൈമൺ ബ്രിട്ടോ 1983ൽ നട്ടെല്ലിന് ഏറ്റ കുത്തിനെ തുടർന്ന് വീൽ ചെയറിലായിരുന്നു ജീവിതം നയിച്ചിരുന്നത്. എസ്എഫ്‌ഐ സംസ്ഥാന നേതാവായി പ്രവർത്തിക്കവേയാണ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേ തുടർന്ന് അരയ്ക്ക് താഴോട്ട് തളർന്നെങ്കിലും രാഷ്ട്രീയത്തിൽ സജീവമായിരുന്നു സൈമൺ ബ്രിട്ടോ. എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2006 മുതൽ 2011 വരെ കേരള നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി.
ബുധനാഴ്ച പകൽ മൂന്നിന് മെഡിക്കൽ കോളേജ് അധികൃതർ മൃതദേഹം ഏറ്റുവാങ്ങി. ബ്രിട്ടോയുടെ മൃതദേഹം ചൊവ്വാഴ്ച രാത്രി എട്ടിന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് സിപിഐ എം നേതാക്കളായ പി രാജീവ്, സി എൻ മോഹനൻ, സി എം ദിനേശ്മണി, സി കെ മണിശങ്കർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. രാത്രി പത്തിന് വടുതലയിലെ വീട്ടിൽ എത്തിച്ചു. കൊൽക്കത്തയിലായിരുന്ന ഭാര്യ സീനയും മകൾ കയീനിലയും പത്തരയോടെ എത്തി
അന്ത്യാഞ്ജലി അർപ്പിച്ച ശേഷം മുഖ്യമന്ത്രി സൈമൺ ബ്രിട്ടോയുടെ കുടുംബത്തെ ആശ്വസിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹം വടുതലയിലെ വീട്ടിലെത്തിച്ചത്. 11 മണിക്ക് അദ്ദേഹത്തിന്റെ ഭൗതിക ശരീരം വീട്ടിൽ നിന്നും ടൗൺ ഹാളിൽ എത്തിച്ചു. വൈകീട്ട് മൂന്ന് മണിവരെ പൊതുദർശനത്തിന് വച്ചിരുന്നു. പിന്നീട് കൊച്ചി മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.മൃതദേഹം കൈമാറിയശേഷം ടൗൺഹാളിൽ അനുശോചന യോഗം ചേർന്നു.