മെൽബൺ: ജീവിതച്ചെലവിന്റെ സമ്മർദം, ജീവിതശൈലി എന്നിവ മൂലം യുവാക്കൾ  ഹൗസിങ് മാർക്കറ്റിലേക്കെത്തുന്നത് വൈകാനിടയാക്കുന്നുവെന്ന് റിപ്പോർട്ട്. ഹോംലോൺ ബിസിനസ്സ് സ്ഥാപനങ്ങളായ റാംസ് (RAMS), കോർഡാറ്റ് റിസർച്ച് എന്നിവയുടെ പുതിയ റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പടുത്തുന്നത്. ഓസ്‌ട്രേലിയയിൽ ആദ്യവീട് വാങ്ങുന്ന അഞ്ചിൽ രണ്ട് പേർ 36 കഴിഞ്ഞവരാണെന്നാണ് റിപ്പോർട്ട് പറയുന്നത്. പ്രായമേറി വീടുവാങ്ങുന്നവരുടെ എണ്ണം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇരട്ടിയായി 40.5 ശതമാനത്തിലെത്തിയിരിക്കുകയാണ്. എന്നാൽ ഇന്ന് വീടു വാങ്ങുന്നവരിൽ 18.3 ശതമാനം പേർ മാത്രമെ 25 വയസ്സിൽ താഴെയായിട്ടുള്ളവരുള്ളൂ.

20കളിൽ ആളുകൾ വീടിനായി നിക്ഷേപിക്കുന്നതിന് മുമ്പ് വിദ്യാഭ്യാസം, യാത്രകൾ തുടങ്ങിയ മറ്റനവധി കാര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നാണ് റാംസിന്റെ ചീഫ് എക്‌സിക്യൂട്ടീവായ മാർട്ടിൻ ജാഗെർ പറയുന്നത്.  തങ്ങളുട മോർട്ട്‌ഗേജ് മാനേജ് ചെയ്യാൻ പര്യാപ്തമായ സാമ്പത്തികാവസ്ഥയിലെത്താൻ ആദ്യത്തെ വീടുവാങ്ങുന്നവർ കാത്തിരിക്കുകയാണെന്ന് കണ്ടെത്താൻ തങ്ങൾക്ക് കഴിഞ്ഞതായും അവർ വെളിപ്പെടുത്തുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പത്തെ കാലവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ന് വീടു വാങ്ങുന്നയാളുകൾ തീർത്തും വ്യത്യസ്ത ഗ്രൂപ്പുകളിലുള്ളവരാണെന്നും അവർ പറഞ്ഞു. ഇന്ന് സ്ത്രീകൾ, അവിവാഹിതർ, തുടങ്ങിയവർ കൂടുതലായി ഹൗസിങ് മാർക്കറ്റിംഗിലെത്തുന്നുവെന്നും പ്രസ്തുത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജീവിതച്ചെലവ് കൂടിയതും ആദ്യ വീട് വാങ്ങുന്നവർക്ക് സർക്കാൽ നൽകുന്ന ഇൻസെന്റീവുകൾ ഇല്ലാതായതും വീട് വാങ്ങുന്നത് വൈകാൻ വഴിയൊരുക്കിയെന്നാണ് ഒറാക്കിൾ ലെൻഡിങ് സൊല്യൂഷൻസ് ഡയറക്ടറായ എൻജലോ ബെനെഡെറ്റി പറയുന്നത്. എല്ലാ സംസ്ഥാനത്തുമുള്ള ആദ്യമായി വീട് വാങ്ങുന്ന 600 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് കോർഡാറ്റ സർവേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.