തിരുവനന്തപുരം: ലോക്കൽ പൊലീസിനില്ലാത്ത ബുദ്ധി ക്രൈംബ്രാഞ്ചിനുണ്ടോ എന്ന് ചോദിക്കുന്ന ചിലരുണ്ട്. ലോക്കൽ പൊലീസിന് സമയമില്ലാത്തതുകൊണ്ടല്ലേ ക്രൈംബ്രാഞ്ചിനെ ഏൽപിക്കുന്നത് എന്ന ചോദ്യവും ഉയരാറുണ്ട്.യഥാർഥത്തിൽ സമയക്കുറവ് മാത്രമല്ല പ്രശ്‌നം.

പ്രമാദവും,സങ്കീർണവുമായ കേസുകളുടെ ഇഴ പിരിച്ചെടുക്കാൻ വൈദഗ്ധ്യമുള്ള വിങ് തന്നെ വേണം.700-800 കേസുകളാണ് ഒരു വർഷം അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനെ ഏൽപിക്കുന്നത്. 3000 ത്തിലേറെ കുറ്റകൃത്യങ്ങൾ നിലവിൽ അന്വേഷിച്ചുവരുന്നു.

ഈ കുറ്റാന്വേഷണ ഏജൻസിയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ഉറച്ച തീരുമാനമെടുത്തിരിക്കുകയാണ് ആഭ്യന്തര വകുപ്പ്.സിബിഐയുടെ നിലവാരത്തിലേക്ക് ക്രൈംബ്രാഞ്ചിനെ ഉയർത്തുകയാണ് ലക്ഷ്യം.

ഇതോടൊപ്പം കുറ്റാന്വേഷണവും, ക്രമസമാധാനവും രണ്ടാക്കി മുന്നോട്ട് കൊണ്ടുപോകാനും ആഭ്യന്തര വകുപ്പ് ലക്ഷ്യമിടുന്നു.അന്വേഷണമികവും കാര്യപ്രാപ്തിയുമുള്ളവരെ നിയമിച്ചും, നിലവിലെ സേനാംഗങ്ങൾക്ക് കൂടുതൽ പരിശീലനം നൽകിയും ക്രൈംബ്രാഞ്ചിനെ പുഷ്ടിപ്പെടുത്തും.

ചെറിയ കേസുകളുടെ അന്വേഷണം പോലും സിബിഐക്ക് വിടണമെന്നാണ് പലപ്പോഴും ആവശ്യമുയരാറുള്ളത്.ഈ സാഹചര്യത്തിൽ പ്രധാനപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്ന തരത്തിൽ കാര്യങ്ങൾ മാറ്റാണ് ആഭ്യന്തര വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.ഇതിനൊപ്പം സേനയെ കാര്യക്ഷമമാക്കാൻ വിവിധതലങ്ങളിൽ പരിശീലനത്തിനും തുടക്കം കുറിച്ചിട്ടുണ്ട്.

സാമ്പത്തിക കുറ്റങ്ങൽ ഏറെ വരുന്ന ഇക്കാലത്ത് അത്തരം കേസുകളുടെ അന്വേഷണത്തിനും സേനയെ പ്രാപ്തമാക്കേണ്ടതുണ്ട്.തെരഞ്ഞെടുത്ത 150 പേർക്ക് ഇപ്പോൾ റിസർവ് ബാങ്ക് ഉദ്യോഗസ്ഥർ പരിശീലനം നൽകിയിരുന്നു.ശാസ്ത്രീയ കുറ്റാന്വേഷണം മികവുറ്റതാക്കാൻ ഫോറൻസിക് വകുപ്പം ക്രൈംബ്രാഞ്ചിന് പരിശീലനം നൽകി വരുന്നുണ്ട്.

സംസ്ഥാനത്ത് ഇന്റർപോളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സിബിസിഐഡിയാണ് നോഡൽ ഏജൻസി.അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസാണ് ക്രൈംബ്രാഞ്ച് തലവൻ.ബി.എസ്.മുഹമ്മദ് യാസിനാണ് നിലവിൽ ചുമതല വഹിക്കുന്നത്.