ഹരിപ്പാട്: സുരക്ഷ കണക്കിലെടുത്താണ് ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കണമെന്നു നിഷ്‌കർഷിക്കുന്നത്. എന്നാൽ, നിയമപാലകരും ജനപ്രതിനിധികളും തന്നെ ഇതു തെറ്റിച്ചാലോ?

നിയമം തെറ്റിച്ച് ആഭ്യന്തര മന്ത്രി തന്നെ ബൈക്കിൽ യാത്ര ചെയ്താലോ. എന്താകും അവസ്ഥ. ഹെൽമെറ്റില്ലാത്തയാൾ ഓടിച്ച ബൈക്കിനു പിന്നിൽ യാത്ര ചെയ്ത രമേശ് ചെന്നിത്തലയുടെ നടപടിക്കെതിരെ പ്രതിഷേധം പുകയുകയാണ്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണു ഹരിപ്പാട്ടു വച്ചു ചെന്നിത്തല ഹെൽമറ്റ് വെയ്ക്കാത്തയാൾ ഓടിച്ച ബൈക്കിന് പിന്നിലിരുന്നു സഞ്ചരിച്ചത്. ആഭ്യന്തര വകുപ്പ് മുൻകൈയെടുത്ത് റോഡ് സുരക്ഷയ്ക്കായി വിവിധ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി കൊണ്ടിരിക്കുന്നതിനിടെയാണ് നിയമം തെറ്റിച്ച് സഞ്ചരിച്ച ബൈക്കിന് പിന്നിലിരുന്ന് മന്ത്രി തന്നെ യാത്ര ചെയ്തത്.

മന്ത്രിയുടെ ബൈക്ക് യാത്രയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെ നവമാദ്ധ്യമങ്ങൾ ഇതേറ്റെടുത്തു. ഹെൽമറ്റ് വയ്ക്കാതെ യാത്ര ചെയ്യുന്നവരെ നാടുനീളെ പൊലീസുകാർ ഓടിച്ചിട്ട് പിടിക്കുമ്പോഴാണു പൊലീസിന്റെ ചുമതലയുള്ള മന്ത്രി തന്നെ നിയമം തെറ്റിച്ചത്.

മന്ത്രിയെ പരിഹസിച്ചും വിമർശിച്ചും നവമാദ്ധ്യമങ്ങളിൽ നിരവധി കമന്റുകളാണു നിറയുന്നത്. 'കേരളത്തിന്റെ നിയമം നടപ്പിലാക്കാൻ സർക്കാർ വണ്ടിയിൽ കൊടി വച്ച് പായുന്ന ആഭ്യന്തര മന്ത്രീ... നിയമം നിയമത്തിന്റെ വഴിക്കാണല്ലൊ? അല്ലേ...' എന്നു തുടങ്ങി പരിഹാസം നിറഞ്ഞ നിരവധി ചോദ്യങ്ങളാണു സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.