- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തു കേസ് പ്രതി സരിത്തിന് ജയിലിൽ ഭീഷണി; മൊഴി മാറ്റി പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ആഭ്യന്തര വകുപ്പ് അന്വേഷണം തുടങ്ങി; ഉദ്യോഗസ്ഥരെ കുടുക്കാൻ ആസൂത്രിത നീക്കം നടന്നോ എന്നതും പരിശോധിക്കും
തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനു തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണി നേരിട്ടെന്ന പരാതിയിൽ ആഭ്യന്തരവകുപ്പ് അന്വേഷണം തുടങ്ങി. നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ ബിജെപി - കോൺഗ്രസ് നേതാക്കളുടെ പേര് പറയാനാവശ്യപ്പെട്ട് ജയിലിൽ ഭീഷണിയും, സമ്മർദ്ദവുമുണ്ടായെന്നായിരുന്നു പരാതി. സ്വർണക്കടത്തുകേസിൽ മൊഴി മാറ്റി പറയാൻ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുയർത്തിയിരുന്നു.
സ്വർണക്കടത്തിൽ കോൺഗ്രസ്ബിജെപി നേതാക്കളുടെ പേരു പറയാൻ ആവശ്യപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് നിർമലാനന്ദൻ നായരും ജയിൽ ഓഫിസർ സജീവനും ഭീഷണിപ്പെടുത്തി എന്നായിരുന്നു സരിത്തിന്റെ പരാതി.
സരിത്തിന്റെ പരാതിയിൽ കഴമ്പുണ്ടോ, ഉദ്യോഗസ്ഥരെ കുടുക്കാൻ ആസൂത്രിത നീക്കം നടന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിനാണ് അന്വേഷണ ചുമതല.
ജയിൽ ഡിജിപി ഋഷിരാജ് സിങ് ഇതു സംബന്ധിച്ച് റിപ്പോർട്ട് സമർപിച്ചിരുന്നെങ്കിലും കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അന്വേഷണത്തിനു നിർദേശിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സംശയകരമായ ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് സ്ഥലംമാറ്റിയ ജയിൽ ജീവനക്കാരൻ ബോസിന്റെ പങ്കും അന്വേഷിക്കും.
തനിക്കു ഭീഷണിയുണ്ടെന്നു കാട്ടി എറണാകുളം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സരിത് പരാതി നൽകിയതിനെത്തുടർന്ന് ദക്ഷിണ മേഖല ഡിഐജി ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. അന്വേഷണത്തോട് സഹകരിക്കാൻ സരിത് തയാറായിരുന്നില്ല.
സഹതടവുകാരനും സ്വർണക്കടത്തു കേസിലെ പ്രതിയായ റമീസും അന്വേഷണത്തോട് സഹകരിക്കാതെ ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുന്നയിച്ചു. സരിത്തിനു ജയിൽ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ടെന്നത് വസ്തുതാ വിരുദ്ധമാണെന്നാണ് ഡിഐജി റിപ്പോർട്ടു നൽകിയത്.
റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇങ്ങനെ: ജയിലിൽ കൂടുതൽ ആർഭാടവും സുഖസൗകര്യങ്ങളും ആഗ്രഹിക്കുന്ന പ്രതികൾ അതിന് അനുവദിക്കാത്ത ജീവനക്കാർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നു. റമീസ് സെല്ലിലെ ടോയ്ലറ്റിന്റെ ഭാഗത്ത് ബീഡിപോലുള്ള ലഹരിവസ്തു കത്തിച്ചു വലിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
ജയിൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണ് പ്രതികളെന്നാണ് ഇത് തെളിയിക്കുന്നത്. പ്രതികൾക്കു സഹായം ചെയ്യുന്ന ബോസ് എന്ന ജീവനക്കാരനെതിരെ നടപടിയെടുത്തതും ആരോപണത്തിനു പിന്നിലുണ്ടെന്ന സംശയവും റിപ്പോർട്ടു പങ്കുവയ്ക്കുന്നു. സ്വർണക്കടത്തുകേസ് പ്രതികൾക്ക് ജയിലിൽ ലഹരി വസ്തുക്കൾ കൈമാറുന്നു എന്ന് ആക്ഷേപം ഉയർന്ന അസി.പ്രിസൺ ഓഫിസർ ബോസിനെ തൃശൂരിലെ ഹൈ സെക്യൂരിറ്റി ജയിലേക്കാണ് മാറ്റിയത്.
ജീവൻ പോലും അപകടത്തിലാണെന്ന പരാതി സരിത്ത് എറണാകുളം എ സി ജെ എം കോടതിയിലും കൊച്ചി എൻ ഐ എ കോടതിയിലും നൽകിയതിനെ തുടർന്ന് രണ്ട് കോടതികളും സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പരാതിയിൽ ജയിൽ പരിധിയിലുള്ള മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാനാണ് എൻഐഎ കോടതി നിർദ്ദേശം നൽകിയത്. വിഷയം എൻഐഎ കോടതിയുടെ പരിധിയിൽ വരില്ലെന്നു വ്യക്തമാക്കിയ കോടതി, നിലവിൽ സരിത്തിന്റെ ജീവനു ഭീഷണി ഇല്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹർജി തീർപ്പാക്കിയത്.
ജയിൽ ഉദ്യോഗസ്ഥർക്കെതിരെ അവശ്യമെങ്കിൽ സരിത്തിന് മജിസ്‌ട്രേട്ട് കോടതിയെ സമീപിക്കാം എന്നും വ്യക്തമാക്കിയ കോടതി, പ്രതിക്കു നേരെ ശാരീരിക - മാനസിക അതിക്രമം പാടില്ലെന്നു ജയിൽ അധികൃതരോടു നിർദേശിച്ചു.
റിമാൻഡ് പുതുക്കാനായി കോടതിയിൽ ഹാജരാക്കിയപ്പോഴാണ് തനിക്ക് ജയിൽ അധികൃതരുടെ ഭീഷണിയുണ്ടെന്നും നേരിട്ടു ഹാജരായി കാര്യങ്ങൾ അറിയിക്കാൻ അനുവദിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടത്. തുടർന്ന് നേരിട്ടു ഹാജരായി തനിക്കു നേരിടുന്ന പീഡനങ്ങൾ വിവരിച്ചിരുന്നു. ഇതേ വിവരം സന്ദീപിന്റെ മാതാവിനോടും അറിയിച്ചിരുന്നു. ഇവരും ഇക്കാര്യം ചൂണ്ടിക്കാട്ടി സരിത്തിനെ ജയിൽ മാറ്റാൻ ആവശ്യപ്പെടുമെന്ന് അറിയിച്ചിരുന്നു.
അതേസമയം, സരിത്ത് ജയിൽ നിയമങ്ങൾ പാലിക്കുന്നില്ലെന്നും ലഹരി ഉപയോഗിക്കുന്നതു പിടികൂടിയതിന്റെ ദേഷ്യത്തിന് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നുമായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. ജയിലിൽ ഉദ്യോഗസ്ഥരുടെ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ട സരിത്തിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു ജയിൽ ഡി ജി പി യുടെ റിപ്പോർട്ട്. പ്രതികളുടെ ജയിലിലെ സ്വഭാവദൂഷ്യത്തിന് സി സി ടി വി ദൃശ്യങ്ങൾ തെളിവായുണ്ടെന്ന് ജയിൽ ഡി ജി പി. റിപ്പോർട്ട് നൽകി. സ്വർണക്കടത്ത് കേസ് പ്രതികളായ സരിത്തിനും കെ ടി റമീസിനുമെതിരെയായിരുന്നു ആരോപണങ്ങൾ.