തിരുവനന്തപുരം: 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ വിജയകളിലെ ഏവരും അനുമോദിക്കുമ്പോഴു ചർച്ചയാകുന്നത് ഹോം സിനിമയ്ക്ക് പുരസ്‌കാരങ്ങൾ ഒന്നും ലഭിക്കാത്തതാണ്.ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ വിജയ് ബാബുവിന്റെ പേരിലുള്ള വിവാദങ്ങൾ കത്തിനിൽക്കുന്നതാണ് ചിത്രത്തെ തഴയാൻ കാരണമെന്നാണ് സോഷ്യൽ മീഡിയ ചർച്ചകൾ.രണ്ടഭിപ്രായം ഇതിനെപ്പറ്റി ഉയരുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ചിത്രത്തെ അവഗണിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്.മികച്ച നടനുൾപ്പടെ പുരസ്‌കാരം ചിത്രം അർഹിച്ചിരുന്നുവെന്നാണ് നല്ലൊരു ശതമാന പ്രേക്ഷകരുടെയും അഭിപ്രായം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ നിന്ന് ഹോം സിനിമയെ ഒഴിവാക്കിയതിൽ പ്രതികരണവുമായി സംവിധായകൻ റോജിൻ തോമസ് രംഗത്തെത്തി. സിനിമയ്ക്ക് അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുൾപ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിൻ തോമസ് പറഞ്ഞു. ജനങ്ങളിൽ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോൾ ഹോം പുരസ്‌കാരങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നെന്നും റോജിൻ പറഞ്ഞു.

''ജൂറിയുടെ തീരുമാനമാണല്ലോ പുരസ്‌കാരനിർണയം. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. അർഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ട്. മികച്ച നടനുൾപ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നു. പുരസ്‌കാരം കിട്ടിയ സിനിമകളെ മോശമാക്കി പറയുന്നത് അല്ല.''ജനങ്ങളിൽ ലഭിച്ച പ്രതികരണം വച്ച് നോക്കുമ്പോൾ ഹോം പുരസ്‌കാരങ്ങൾക്ക് അർഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നു. ഇത് ചിലപ്പോൾ സംവിധായകന്റെ തോന്നൽ മാത്രമായിരിക്കാം.

മാറ്റി നിർത്തപ്പെടുന്നുണ്ടെങ്കിൽ അതൊരു തെറ്റായ പ്രവണതയാണ്. എന്റെ സിനിമയെന്നത് മാത്രമല്ല. എല്ലാ സിനിമകളും കുറെ പേരുടെ അധ്വാനമാണ്. മാറ്റി നിർത്തപ്പെട്ടതാണെന്നും ഞാൻ പറയുന്നില്ല. ജനങ്ങളിൽ നിന്ന് മികച്ച അഭിപ്രായങ്ങൾ ഏറെ നേടിയ സിനിമയായിരുന്നു ഹോം. പുരസ്‌കാരനിർണയത്തിൽ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനർആലോചിക്കേണ്ടതാണ്. ഇത്തവണ പുരസ്‌കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ല.''റജിൻ വ്യക്തമാക്കി.

അതേസമയം മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രൻസിന് നൽകാത്തതിൽ പരോക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ രംഗത്തെത്തി. 'ഹോം' സിനിമയിലെ ഇന്ദ്രൻസ് കഥാപാത്രം ഒലിവർ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്‌ബുക്കിൽ പങ്കുവെച്ചു. അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ എന്ന ക്യാപ്ഷനോടെയാണ് ഫേസ്‌ബുക്ക് പോസ്റ്റ്.

 

നടി ബലാത്സംഗ പരാതി നൽകിയതിന് പിന്നാലെ വിജയ് ബാബു ഫേസ്‌ബുക്ക് ലൈവിലെത്തി നടത്തിയ പ്രതികരണങ്ങൾ രൂക്ഷ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ നിർമ്മാതാവ് സ്വകാര്യചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേര് വെളിപ്പെടുത്തിയതിന് മറ്റൊരു വകുപ്പും വിജയ് ബാബുവിന്റെ മേൽ ചുമത്തിയിട്ടുണ്ട്. വിജയ് ബാബു മെയ് 30ന് കൊച്ചിയിൽ തിരിച്ചെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.

ജാമ്യഹർജി നിലനിർത്തിയാൽ തിങ്കളാഴ്‌ച്ച കൊച്ചിയിൽ തിരിച്ചെത്താമെന്ന് നടൻ ഹൈക്കോടതിയിൽ അറിയിച്ചു. കേസെടുത്തത് അറിയാതെയാണ് ദുബായിലേക്ക് പോയതെന്നാണ് വിജയ് ബാബുവിന്റെ വാദം. വിജയ് ബാബു തിങ്കളാഴ്‌ച്ച കൊച്ചിയിലെത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പ്രതികരിച്ചു.