കൊച്ചി : ഹോമിയോ ഡോക്ടർമാർക്ക് ഇനിമുതൽ സ്വന്തം ക്ലിനിക്കിൽ നിന്നു മരുന്നുവിൽപന സാധ്യമല്ല. ഹോമിയോ മരുന്നുവിപണന കേന്ദ്രത്തിന്റെ ഭാഗമായി ക്ലിനികും അനുവദിക്കില്ല. ഹോമിയോ ഡോക്ടർമാർക്കു കടുത്ത നിയന്ത്രണങ്ങളാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഏർപ്പെടുത്തുന്നത്. ഇതിനായി ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ട് ഭേദഗതി ചെയ്തു.

അലോപ്പതി മരുന്നുകൾ വിൽക്കുന്ന സാധാരണ മരുന്നുകടകളിൽ ഇനി മുതൽ ഹോമിയോ മരുന്നുകളും വിൽക്കാം. നിയമഭേദഗതി ഈമാസം 10നു നിലവിൽ വന്നു. കടകളിൽനിന്നു രോഗികൾക്കു നേരിട്ടു ഹോമിയോ മരുന്നുകൾ ലഭ്യമാകുന്ന സ്ഥിതി വരുമ്പോൾ ദുരുപയോഗ സാധ്യതകൾ കൂടുമെന്നാണു ഹോമിയോ ഡോക്ടർമാരുടെ ആരോപണം.

ഹോമിയോ മരുന്നുകൾ കുറിച്ചു കൊടുക്കുന്നതിലും വിൽക്കുന്നതിലും ഡോക്ടർമാർക്കെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഡ്രഗ്‌സ് ടെക്‌നിക്കൽ അഡൈ്വസറി ബോർഡിന്റെ (ഡിടിഎബി) നിർദേശങ്ങളോടെ ഭേദഗതികൾ നടപ്പാക്കുന്നത്. അലോപ്പതി മരുന്നുകൾ വിൽക്കുന്ന കടയിൽ പ്രത്യേക ലൈസൻസ് ഇല്ലാതെ തന്നെ ഹോമിയോ മരുന്നുകളും വിൽക്കാം. മരുന്നു നൽകാൻ ഹോമിയോപ്പതിയിലോ ഫാർമസിയിലോ നിശ്ചിതയോഗ്യതയുള്ളവർ കടകളിൽ ഉണ്ടായിരിക്കണം.