കണ്ണൂർ :സർക്കാർ പദ്ധതിയനുസരിച്ച് സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിനായി നൽകുന്ന ഹോമിയോ മരുന്നായ ആർസനിക്കം ആൽബം വിഷമാണെന്ന് പ്രചരിപ്പിക്കുന്ന ഐ.എം.എ അധികൃതർക്കെതിരെ നടപടിയെടുക്കണമെന്ന് ഹോമിയോപതി ഡോക്ടർമാരുടെ സംഘടനയായ ക്യുഫ ആവശ്യപ്പെട്ടു.

ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന ആർസനിക്കം ആൽബം കുട്ടികൾക്ക് കൊടുക്കരുതെന്നാണ് ഐ.എം.എ പറയുന്നത്. വ്യാപകമായി ഉപയോഗിക്കുന്ന പാരസെറ്റമോൾ ഭൂരിപക്ഷം അലോപതി മരുന്നുകളും ഗുരുതര പാർശ്വഫലങ്ങൾ ഉള്ളവയാണെന്നും, പ്രചാരത്തിലുള്ള പല അലോപ്പതി മരുന്നുകളും കേന്ദ്ര സർക്കാർ ഇടക്കിടെ നിരോധിക്കുന്നുവെന്ന വസ്തുത നിലനിൽക്കെയാണ് ഹോമിയോപ്പതി മരുന്നുകളെക്കുറിച്ച് ഒന്നുമറിയാതെയുള്ള ഈ കള്ള പ്രചാരണം.

ആർസനിക്കം ആൽബം അല്ല, ആർസനിക്കം ആൽബം 30 ആണ് കുട്ടികൾക്ക് പ്രതിരോധ മരുന്നായി നൽകുന്നത്. ഇത് രണ്ടും രണ്ടു മരുന്നുകളാണ്. അർസനിക്കം ആൽബം പല മാത്രകളിലായാണ് നൽകുന്നത്. ഇത് ഇരുന്നൂറു വർഷങ്ങൾക്ക് മുമ്പ് തന്നെ നൽകി വരുന്നതും, യാതൊരു പാർശ്വഫലങ്ങളുമില്ലെന്ന് തെളിയിക്കപ്പെട്ടതുമാണ്. ഇതേ മരുന്നാണ് സർക്കാരിന്റെ ഹോമിയോ ആശുപത്രികളിൽ വർഷങ്ങളായി നൽകി വരുന്നത്.

പാർശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായാണ് കുറച്ചു നാൾ മുമ്പുവരെ ഹോമിയോപ്പതിയെ കണ്ടിരുന്നത്. ഈ മരുന്നുകൾ പച്ച വെള്ളത്തിന് സമമാണെന്നും യാതൊരു ഫലവുമില്ലെന്നുമാണ് ഐ.എം.എ ഇത്രയും നാൾ പറഞ്ഞിരുന്നത്. എന്നാൽ ഹോമിയോപതി ചികിത്സാരീതി കൂടുതൽ ജനകീയമാവുകയും പലരും അലോപ്പതി ഉപേക്ഷിച്ച് ഹോമിയോപതിയിലേക്ക് തിരിയുകയും ചെയ്തതോടെയാണ് ഐ.എം.എ യിലെ ഒരു വിഭാഗം ഈ ചികിത്സാരീതിക്കെതിരെ വ്യാപകമായ പ്രചാരണങ്ങൾ അഴിച്ചുവിടാൻ തുടങ്ങിയത്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ഗുരുതരമായി ബാധിക്കുമെന്നും, കുട്ടികൾക്കെല്ലാം പ്രതിരോധ വാക്‌സിൻ നൽകണമെന്നും ഇതുവരെ പറഞ്ഞിരുന്ന ഐ.എം.എ അധികൃതർ ഇപ്പോൾ പറയുന്നത് കുട്ടികൾക്ക് പ്രതിരോധ മരുന്നു നൽകേണ്ട ആവശ്യമില്ല എന്നാണ്.

ഹോമിയോ മരുന്നുകളുടെ പ്രതിരോധശേഷി പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞ ശേഷമാണ് ഈ മരുന്ന് കുട്ടികൾക്ക് നൽകുന്നതിന് കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തീരുമാനിച്ചത്. ഐ.എം.എ പറയുന്നതുപോലെ ഗുരുതര പാർശ്വഫലങ്ങൾ ഉള്ള മരുന്നുകൾ കുട്ടികൾക്ക് നൽകാൻ സർക്കാരുകൾ അനുമതി നൽകുമോ?

കരുതലോടെ മുന്നോട്ട് എന്ന സർക്കാർ പദ്ധതിക്ക് തുരങ്കം വെക്കാനാണ് ഐ.എം.എ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, പദ്ധതി അട്ടിമറിക്കാനും ശ്രമിക്കുന്ന ഐ.എം.എക്കെതിരെ കർശന നിയമ നടപടികൾ കൈക്കൊള്ളണമെന്ന് സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ക്യുഫ (ക്വാളിഫൈഡ് പ്രൈവറ്റ് ഹോമിയോപത്‌സ് അസോസിയേഷൻ) സംസ്ഥാന ജന.സെക്രട്ടറി ഡോ.കെ.അശ്വിൻ, മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ.മുഹമ്മദ് ആഷിഖ്, മുൻ സംസ്ഥാന സെക്രട്ടറി ഡോ.സുഭാഷ്, കണ്ണൂർ ചാപ്റ്റർ സെക്രട്ടറി ഡോ.ബിന്ദു ജയൻ, എക്‌സി.കമ്മിറ്റി അംഗം ഡോ.മനോജ് കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.