കൊച്ചി: ഹിജഡകൾക്കും സ്വവർഗാനുരാഗികൾക്കുമായി കൊച്ചിയിൽ നടത്തിയ അഞ്ചാമത് ലൈംഗിക സ്വാഭിമാന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യാൻ പ്രശസ്ത അവതാരകയായ രഞ്ജിനി ഹരിദാസ് എത്തിയത് ആവേശമായി. ഇന്നലെ ഉച്ചതിരിഞ്ഞ് മറൈൻ ഡ്രൈവിൽ ആരംഭിച്ച ഘോഷയാത്ര ഫ്‌ളാഗ്ഓഫ് ചെയ്യാനെത്തിയ രഞ്ജിനി ഹരിദാസിനെ ആർപ്പുവിളികളോടെയാണ് ഘോഷയാത്രയ്‌ക്കെത്തിയവർ വരവേറ്റത്.

ഫ്‌ളാഗ്ഓഫ് ചെയ്ത രഞ്ജിനി ഘോഷയാത്രയിലും പങ്കാളിയായി. സ്വവർഗാനുരാഗികൾക്ക് പിന്തുണയേകി നഗരത്തിലെ കോളജ് വിദ്യാർത്ഥിനികളും ഐ.ടി മഖലയിലെ യുവതികളും നഗരത്തിലിറങ്ങിയതോടെ ഘോഷയാത്ര കൊഴുത്തു.വർണശബളമായ ഘോഷയാത്രയിൽ ബാന്റ് മേളവും പാട്ടും ആട്ടവും വിവിധ കലാരൂപങ്ങളും അണിനിരന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന പരിപാടിയുടെ ഭാഗമായാണ് കൊച്ചിയിലും ഘോഷയാത്ര നടന്നത്. കലാസാംസ്‌കാരിക രാഷ്ട്രീയപരിസ്ഥിതി പ്രവർത്തന മേഖലകളിലെ പ്രമുഖരും സമുദായാംഗങ്ങളും പൊതുജനങ്ങളും പങ്കെടുത്ത ഘോഷയാത്ര മേനക ജംഗ്ഷൻ കടന്ന് രാജേന്ദ്ര മൈതാനത്ത് സമാപിച്ചു.

കേരളത്തിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാനുള്ള സാഹചര്യം കുറവാണെങ്കിലും അതിനെ അതിജീവിക്കാൻ കൂടുതൽ പേർ രംഗത്തു വരുന്നത് ശുഭസൂചനയാണെന്നു സമാപന സമ്മേളനത്തിൽ കൽക്കി സുബ്രഹ്മണ്യം അഭിപ്രായപ്പെട്ടു. ലൈംഗിക സ്വാഭിമാന ഘോഷയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്#ുകയയായിരുന്നു അവർ. ലൈംഗിക ന്യൂനപക്ഷങ്ങൾക്കു കേരളം വിട്ട് മറ്റിടങ്ങളിൽ അഭയം തേടേണ്ട പഴയ അവസ്ഥയിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ടെന്നത് സന്തോഷകരമാണ്. ഇത്തരത്തിൽ എല്ലാ വിഭാഗക്കാരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കൽക്കി സുബ്രഹ്മണ്യം പറഞ്ഞു.

തുടർന്ന് മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന പൊതുയോഗത്തിൽ സി.ആർ. നീലകണ്ഠൻ, പി.ഗീത, സിവിക് ചന്ദ്രൻ, രാജാജി മാത്യു, രേഖ രാജ് തുടങ്ങിയവർ പ്രസംഗിച്ചു.
ലൈംഗിക ന്യൂനപക്ഷ സമുദായാംഗങ്ങൾക്കും പൊതുസമൂഹത്തിനും ഒന്നിച്ചു വരാനും ആഘോഷിക്കാനുമുള്ള വേദിയായാണ് ലൈംഗിക സ്വാഭിമാന ഘോഷയാത്ര നടത്തിയത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം ശക്തമായി വിളിച്ചറിയിക്കുകയും അവരുടെ ജീവിതത്തേയും അവകാശങ്ങളേയും കുറിച്ച് സമൂഹത്തെ ഓർമ്മിപ്പിക്കുകയും ചെയ്യുക എന്നിവയായിരുന്നു ലക്ഷ്യം. ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പിന്മേൽ 2009 ജൂലായ് മാസത്തിൽ ഡൽഹി ഹൈക്കോടതി നടത്തിയ ചരിത്രപരമായ പ്രഖ്യാപനത്തെത്തുടർന്ന് രാജ്യമെങ്ങും അലയടിച്ച ആഘോഷങ്ങളുടെ ഭാഗമായാണ് ക്വിയർ പ്രൈഡ് മാർച്ച് കേരളത്തിലും ആരംഭിച്ചത്.

നാളെ (28-7-2014) റമദാൻ പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും റമദാൻ ആശംസകൾ-എഡിറ്റർ