ലഞ്ഞിത്തറമേളം പോലുള്ള കൂവൽ! കൂവൽ എന്നത് ഒരു സാംസ്കാരിക പ്രതിരോധം കൂടിയാണെന്നത്, കോളജ്കാലത്തിനുശേഷം ഈ ലേഖകന് ഓർമ്മവന്ന് ലാൽ ജൂനിയർ സംവിധാനം ചെയ്ത ഹണിബീ 2 വിന്റെ ആദ്യഷോ കണ്ടപ്പോഴാണ്.ഇങ്ങനെ ബോറടിപ്പിച്ചാൽ പാവം പ്രേക്ഷകർ പിന്നെന്തുചെയ്യും. ആസിഫലിയുടെയാക്കെ ഫാൻസ് എന്നപേരിൽ ആദ്യദിനംതന്നെ ഇടിച്ചുകയറിയ ഈ പാവങ്ങൾതന്നെ, തൽസമയം കൂവി പ്രതികരണം അറിയിക്കുന്നത് കൃത്യമായ സാംസ്കാരിക പ്രതിരോധം തന്നെയാണ്.ആയിരത്തൊന്ന് ആവർത്തിച്ച അളിഞ്ഞ കഥകളും, കാക്കത്തൊള്ളായിരം വട്ടം കണ്ട പുതുമയില്ലാത്ത രംഗങ്ങളുമൊക്കെയായി എന്തും തട്ടിക്കൂട്ടി നിങ്ങൾ തന്നാൽ, മുമ്പ് നല്ല പടം പിടിച്ചുവെന്ന പാരമ്പര്യത്തിന്റെ ആനുകൂല്യം നൽകി പൊറുക്കാൻ ഞങ്ങൾ പ്രേക്ഷകർ തയ്യാറല്‌ളെന്ന പ്രതിഷേധം.

അടുത്തകാലത്തൊന്നും ഇത്രയും കൂവൽ കിട്ടിയ പടം വേറെയില്‌ളെന്ന് പറയാം.അതിന് വ്യക്തമായ കാരണവുമുണ്ട്.നമ്മുടെ പ്രിയപ്പെട്ട ലാലിന്റെ മകൻ ലാൽ ജൂനിയർ എടുത്ത ഹണീബി എന്ന ആദ്യ ചിത്രം ഒരു ഫെസ്റ്റിവൽ മൂഡിൽ ചലിക്കുന്ന മികച്ച എന്റർടെയിനർ ആയിരുന്നു.( ലാൽ ജൂനിയറിന്റെ 'ഹായ് ഐ ആം ടോണി' എന്ന രണ്ടാമത്തെ ചിത്രം പക്ഷേ ശരിക്കും ഊളമ്പാറ പടവും) ഇതിന്റെ രണ്ടാംഭാഗമെന്നപേരിൽ കൊട്ടിഘോഷിച്ച് പ്രചാരണവുമായി ഒരു പടം വരുമ്പോൾ, ആദ്യത്തേതിന്റെ എവിടെയെങ്കിലും എത്തേണ്ടെ.ഇത്തവണ തേനീച്ച കുത്തുന്നത് പ്രേക്ഷകരുടെ നെഞ്ചത്താണ്. ആ നിരാശ അവർ പ്രകടിപ്പിക്കുന്നവെന്ന് മാത്രം.

ഓർമ്മിക്കത്തക്കതായി കാര്യമായ സീനുകൾ ഒന്നുമില്‌ളെങ്കിലും ,പച്ചത്തെറിയും സ്ത്രീവിരുദ്ധതക്കും, മദ്യപാന പേക്കൂത്തുകള്ൾക്കൊന്നും ഈ പടത്തിൽ യാതൊരു പഞ്ഞവുമില്ല.അങ്ങനെനോക്കുമ്പോൾ സാമൂഹിക വിരുദ്ധമായ ഒരു ചിത്രംകൂടിയാണിത്.

ആകെ മൊത്തം ടോട്ടലായി ഒരു കല്യാണം!

ആദ്യപകുതി മുഴുവൻ ഒരു കല്യാണത്തിനുള്ള ഒരുക്കങ്ങൾ, രണ്ടാം പകുതി മുഴുവൻ ആ കല്യാണ ചടങ്ങുകൾ.ഹണീബി 2 എന്ന ചിത്രത്തിന്റെ കഥ ഇതിൽ ഒതുക്കാം.ആകെ മൊത്തം ടോട്ടലായി ഒരു കല്യാണംമാത്രം! ( മലയാളി യുവാക്കൾ ജീവിക്കുന്നതുതന്നെ വിവാഹം കഴിക്കാനാണെന്ന് പണ്ടാരാണ്ട് പറഞ്ഞത് ഓർമ്മവരുന്നു) ദുർബലമായ ഈ കഥയിൽ ചില അരോചകമായ കോമഡികളും അശ്‌ളീല പ്രയോഗങ്ങളും, ഏതാനും പാട്ടുകളും ചേർന്നാൽ രണ്ടാം ഹണീബിയായി.

ഒന്നാം ഹണീബി സുഹൃത്തുക്കളുടെ മൊത്തം കഥയായിരുന്നെങ്കിൽ, 'രണ്ടാം തേനീച്ച' ആസിഫലിയുടെ സെബാൻ എന്ന കഥാപാത്രത്തിന് വേണ്ടി മാത്രമാണ് ഉണ്ടാക്കിയത്.സുഹൃത്തുക്കൾക്കും കാമുകിക്കുമൊക്കെ പ്രാധാന്യം കുറച്ചതോടെ ചിത്രത്തിന്റെ ആഖ്യാന പരിസരംതന്നെ പാളിപ്പോയി.ആദ്യ തേനീച്ചയിലെ കമിതാക്കളായ സെബാനും (ആസിഫലി) എയ്ഞ്ചലും ( ഭാവന) ഇവിടെ വിവാഹിതരാവാൻ പോവുകയാണ്.ആത്മഹത്യയുടെ വക്കോളമത്തെിയ അവരുടെ പ്രണയം കണ്ട് എയ്ഞ്ചലിന്റെ വീട്ടുകാരുടെ മനസ്സുമാറുന്നു. പക്ഷേ ഒന്നാമങ്കത്തിൽ നാം കണ്ട നിർധനനും നിരാശ്രയനുമല്ല ആസിഫലിയുടെ സെബാൻ എന്ന നഗ്‌ന സത്യം, അപ്പോൾ മാത്രമാണ് കൂട്ടുകാർപോലും അറിയുന്നത്.

സുപ്രീംകോടതിയിൽ അഭിഭാഷകനും കോടീശ്വരനുമായ ഒരാളുടെ മകനാണ് ( സിനിമയിൽ ശ്രീനിവാസൻ) സെബാൻ. എല്ലാ സിനിമാറ്റിക്ക് അച്ഛന്മാരെയുംപോലെ പഠനത്തിൽമാത്രം ശ്രദ്ധിക്കാനുള്ള അദ്ദേഹത്തിന്റെ സമ്മർദംമൂലം നാടുവിട്ട് വന്നതാണ് നമ്മുടെ സെബാൻ.അയാൾക്ക് കലയോടാണ് താൽപ്പര്യം. ഇപ്പോൾ സെബാന്റെ പേടി, വെട്ടൊന്ന് മുറിരണ്ട് ലൈനിലുള്ള പെരുമാറ്റമുള്ള, അപരിഷ്‌കൃതരായ എയ്ഞ്ചലിന്റെ കുടുംബത്തെ, തന്റെ വിദ്യാസമ്പന്നരും കുലീനരുമായ മാതാപിതാക്കൾ അംഗീകരിക്കുമോ എന്നതാണ്.അതിനായി അയാളുടെ സുഹൃത്തുക്കൾ ചേർന്ന് നടത്തുന്ന തന്ത്രങ്ങളാണ് ആദ്യപകുതിയിൽ.രണ്ടാം പകുതിയിൽ അവരുടെ വിവാഹ ആഘോഷങ്ങളും അലമ്പുകളും.അവസാനം എല്ലാം ശുഭപര്യവസാനിയാവുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.ഈ പടം കണ്ടിറങ്ങിയിട്ട് ഒരിക്കൽകൂടി 'ചിറകൊടിഞ്ഞ കിനാക്കൾ' ഒന്നുകണ്ടുനോക്കു. എത്ര പരിഹാസ്യമായ അവസ്ഥയിലാണ് മലയാള സിനിമയെന്ന് തോന്നിപ്പോവും.

ഇനി തിരക്കഥയിലോ സംഭാഷണത്തിലോ എന്തെങ്കിലും പൊടിക്കൈകൾ കൊണ്ടുവന്ന് പടത്തെ വ്യത്യസ്തമുള്ളതാക്കാൻ കഥയും, തിരക്കഥയും എഴുതി സംവിധാനിച്ച ലാൽ ജൂനിയറിന് ആവുന്നില്ല.മിമിക്രിക്കാരുടെ സ്‌കിറ്റുകൾപോലെ ഓരോ ഡയലോഗിനും കൗണ്ടർ തമാശകൾ വേണമെന്ന നിർബന്ധബുദ്ധി ചിത്രത്തിന് പലപ്പോഴും ബാധ്യതയാവുന്നുണ്ട്.രണ്ടാംപകുതിയിൽ പടം ഒന്ന് എഡിറ്റ് ചെയ്ത് ദൈർഘ്യം കുറക്കാനുള്ള ശ്രമംപോലും ഉണ്ടായില്ല.കൈ്‌ളമാക്‌സിനോടുപ്പിച്ചുള്ള ചത്ത ഡയലോഗുകൾ കേൾക്കുമ്പോൾ ജനം കൂവലോട് കൂവലാണ്.

കമട്ടിപ്പാടത്തിന് എ സർട്ടിഫിക്കേറ്റ് നൽകിയ സെൻസർബോർഡ് ഇത് കാണന്നുണ്ടോ?

പക്ഷേ ഈ പടം നിർബന്ധമായും കൂവിത്തോൽപ്പിക്കേണ്ട ചിത്രമാകുന്നത് അത് പച്ചത്തെറിക്ക് സിനിമാറ്റിക്ക് രൂപംകൊടുത്ത് ജനകീയമാക്കുന്നു എന്നതിലാണ്.സ്ഥാനത്തും അസ്ഥാനത്തും വളിപ്പ് തമാശയിൽ കലർത്തിയാണ് തെറി. ഒരു സീനിൽ തമാശക്കിടെ തെറി പെട്ടുപോവുകയല്ല, തെറിക്കായി തമാശകൾ ഉണ്ടാക്കുകയാണ്. കൊച്ചുകുട്ടികളുമായൊക്കെ ഈ പടത്തിനുപോയാൽ നാണിച്ചുപോവും.'സാറ' എന്ന് പറയുന്ന ഒരു സ്ത്രീയുടെ പേരിന് ഒരു മദ്യപൻ കമന്റ് ചെയ്യുന്ന അശ്‌ളീലം അതേപടി പടത്തിൽ കൊടുക്കുമ്പോൾ ഈ സെൻസർബോർഡ് എവിടെയാണെന്ന സംശയമാണ് ഉയരുന്നത്.

നേരത്തെ രാജീവ് രവിയുടെ 'കമ്മട്ടിപ്പാടത്തിന്' പുലയാടി എന്ന ഒറ്റവാക്കുള്ളതുകൊണ്ട് എ സർട്ടിഫിക്കേറ്റ് കൊടുത്തവരാണ് നമ്മുടെ സെൻസർ ബോർഡ്. നഗരം വളരുമ്പോൾ നിഷ്‌ക്കാസിതരാക്കപ്പെട്ട ദലിതരുടെ കഥപറഞ്ഞ ഈ പടത്തിൽ പ്രസ്തുതവാക്ക് തെറിയായല്ല ഉപയോഗിച്ചിരിക്കുന്നത്. പുലയന്റെ ഇടം എന്ന് അർഥം വരുന്ന ആ വാക്ക് അശ്‌ളീലവുമല്ല. എന്നിട്ടും കമ്മട്ടിപ്പാടത്ത് എ സർട്ടിഫിക്കേറ്റ് കൊടുത്തിട്ടുണ്ടെങ്കിൽ ഈ പടപ്പിനൊയൊക്കെ എന്താണ് ചെയ്യേണ്ടിയിരുന്നത്.

പരുഷന്റെ ആനന്ദോൽസവങ്ങൾ ചിത്രീകരിക്കുന്ന എല്ലാ ഫെസ്റ്റിവൽ മൂവികളിലുമെന്നപോലെ, ആൺപ്രേക്ഷകർക്ക് ഇളിക്കാനുള്ള സ്ത്രീവിരുദ്ധ തമാശകൾകൊണ്ട് സമ്പന്നമാണ് ഈ പടവും.അതുപോലെയാണ് മുട്ടിനുമുട്ടിനുള്ള മദ്യപാനവും പുകവലിയും.നേരത്തെ പറഞ്ഞപോലെ കഥയിൽ മദ്യപാനം കടുന്നുവരികയല്ല, മദ്യപാനം കാണിക്കാൻവേണ്ടി സീനുകൾ ഉണ്ടാക്കുന്നപോലെയാണ് പ്രേക്ഷകന് തോനുന്നത്.

മുഖ്യപ്രതി ലാൽ സീനിയർ തന്നെ

ഈ പടം ഇതുപോലൊരു നനഞ്ഞ പടക്കമായി മാറിയതിനുള്ള പ്രധാന പ്രതിയായി കാണേണ്ടത് സീനിയർ ലാലിനെ തന്നെയാണ്.സംവിധായകൻ,നിർമ്മാതാവ്, നടൻ എന്നീ കൈവെച്ച മേഖലകളിലൊക്കെ കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി പ്രതിഭ തെളിയിച്ച ഒരു ബ്രാൻഡ് നെയിമാണ് ലാലിന്റെത്.

ആ പേര് കേട്ട് പടം മോശമാവില്‌ളെന്ന് പറഞ്ഞ് തീയേറ്റിറിൽ കയറിവരാണ് ഭൂരിഭാഗവും.വിതരണക്കമ്പനിയും,തിയേറ്ററും തൊട്ട് വിഷ്വൽ ഇഫക്ടസ് സ്റ്റുഡിയോ വരെയുള്ള ചലച്ചിത്രത്തിന്റെ സകല മേഖലകളിലും കൈവച്ച ഒരാൾ, ഇതുപോലൊരു പടം നിർമ്മിച്ചുവെന്നത് അമ്പരപ്പിക്കുന്നതാണ്. ഒരു കഥയുമില്ലാതെ, മൂന്നാംക്‌ളാസ് കുട്ടികൾപോലും ചിരിക്കുന്ന വൺലൈനുമായി പടമെടുക്കാനത്തെിയ സ്വന്തം മകന്റെ ചന്തിക്കിട്ട് രണ്ട് പെടകൊടുത്ത്,'പോയി നല്‌ളൊരു കഥയുണ്ടാക്കിവാടാ' എന്ന് പറഞ്ഞിരുന്നെങ്കിൽ ഇതുപോലെയുള്ള മാലിന്യങ്ങളൊന്നും പ്രേക്ഷകന് സഹിക്കേണ്ടിവരില്ലായിരുന്നു.

പക്ഷേ പുത്രവാൽസല്യത്തിനുമുമ്പിൽ ലാലും ധൃതരാഷ്ട്രരായിപ്പോവുന്നു! എങ്ങനെയാണ് ഇവരൊക്കെ സ്വന്തം മക്കളെ ബൂസ്റ്റ് ചെയ്യുന്നതെന്ന് നോക്കുക. ജീൻപോൾ ലാൽ എന്ന പേരിന് പകരം ലാലിന്റെ മകൻ ഉപയോഗിക്കുന്നത് ലാൽ ജൂനിയർ എന്നപേരാണ്.സംവിധാന മികവിൽ മാത്രല്ല പാരമ്പര്യത്തിലുമുണ്ട് ചില കാര്യങ്ങൾ. ഇതും ഒരുതരം സാംസ്കാരിക ബ്രാഹ്മണ്യം തന്നെയാണ്.ഹണീബിയിലെ കഥാപാത്രങ്ങളുടെ ഭാഷ കടമെടുത്തുകൊണ്ട് പറഞ്ഞാൽ 'പിതാവിന് ആനപ്പുറത്തിരുന്നതിന്റെ തഴമ്പുള്ളതുകൊണ്ട് പുത്രനത് ഉണ്ടാവില്ലല്ലോ'.( ഈയിടെ നടൻ ജയസൂര്യയുടെ പത്തുവയസ്സായ മകന്റെതായി ഒരു ഗംഭീര ഷോർട്ട് ഫിലിം കണ്ടു.വൈകാതെതന്നെ അത് കോപ്പിയടിയാണെന്ന് പറഞ്ഞുകൊണ്ടുള്ള ഒറിജിനിലും! )

ദേശീയ ദുരന്തമായി ആസിഫലി; ഒന്നും ചെയ്യാനില്ലാതെ ഭാവന

ഈ പടംകൊണ്ട് ഏറ്റവും വലിയ നഷ്ടമുണ്ടായിരിക്കുന്നത് നടൻ ആസിഫലിക്കു തന്നെയാണ്. അനുരാഗകരിക്കിൻ വെള്ളം എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഒറ്റപ്പടവും ഓടാതെ കട്ടയും പടവും മടക്കി നിൽക്കയായിരുന്ന ആസിഫിന്റെ കച്ചിത്തുരുമ്പായിരുന്നു ഈ പടം.ചിത്രത്തിന്റെ ഈ യുവ നടന്റെ പ്രകടനവും ദയനീയമാണ്. എന്തിനോവേണ്ടി തിളക്കുന്ന സാമ്പാർ എന്നപോലെ, എന്തിനൊക്കെയോവേണ്ടി കലിപ്പുതീർക്കുന്ന ഒരു കഥാപാത്രം. കൈ്‌സമാക്‌സിനോടത്ത സീനുകളിൽ പിതാവ് ശ്രീനിവാസനെ കെട്ടിപ്പിടിച്ചു കരയുന്ന രംഗത്തൊക്കെ പ്രേക്ഷകർ, ഞണ്ടുതിന്ന് വയറുനിറഞ്ഞ കുറുക്കന്മാരെപ്പോലെ ഓരിയിടുന്നത് എന്തിനാണെന്ന് ആസിഫ് ഇനിയെങ്കിലും പഠിക്കണം! കള്ളുകുടിച്ച് അച്ഛനോടും അമ്മയോടും സങ്കടംപറയുന്ന ആ രംഗങ്ങളിലൊക്കെ ഭാവാഭിനയം കാണണം. പച്ചാളം ഭാസി തോറ്റുപോകും!

ഒന്നാം ഹണിബീയിൽ പ്രസരിപ്പാർന്ന പ്രകടനം കാഴ്ചവെച്ച നായിക ഭാവനക്ക് ഈ പടത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല.കല്യാണവേഷമിട്ട് സുന്ദരിയായി ഫോട്ടോക്ക് പോസ്‌ചെയ്തും നൃത്തം ചെയ്തും ഭാവനയുടെ വേഷം തീരുന്നു.പക്ഷേ ഉള്ളത് ഈ നടി മോശമാക്കിയിട്ടില്ല. ആദ്യ ചിത്രവുമായി തട്ടിച്ചുനോക്കുമ്പോൾ, ആസിഫിന്റെ സുഹൃത്തുക്കളായി വേഷമിട്ട ബാബുരാജ്, ശ്രീനാഫ് ഭാസി,ബാലുഎന്നിവർക്കുള്ള സാധ്യതകൾ രണ്ടാം അങ്കത്തിൽ കുറവാണെങ്കിലും, ചിത്രത്തെ പൂർണമായും വിരസതയുടെ പാതാളക്കൊല്ലിയിലേക്ക് വീഴ്‌ത്താത്തത് ഇവരുടെ ഊർജമാണ്.ലാൽ തന്റെ സ്റ്റീരിയോടൈപ്പ് വേഷത്തിലാണ്.ആറാംനൂറ്റാണ്ടിലെ ഗോത്രത്തലവന്മാരെ ഓർമ്മിപ്പിക്കുന്ന ഈ വേഷമൊക്കെ പ്രതിഭാധനനായ ഈ നടൻ സ്വയം നിർത്തേണ്ട കാലം കഴിഞ്ഞു.സർപ്രൈസ് എൻട്രിയായി ചിത്രത്തിൽ വരുന്ന നടൻ ശ്രീനിവാസനും, ഭാര്യയായ ലെനക്കും കഥാപാത്രത്തോട് എതാണ്ടൊക്കെ നീതി പുലർത്താനായിട്ടുണ്ട്. സുരേഷ്‌കൃഷ്ണയും സഹോദരവേഷമിട്ടവരും മോശമാക്കിയിട്ടില്ല.

ചിത്രത്തിലെ ടെലിവിഷൻ സീരിയൽ മോഡൽ കാസ്റ്റിങ്ങും കല്ലുകടിയായി.സാധാരണ ഒരു വിജയിച്ച ചിത്രത്തിന്റെ സെക്കൻഡ് പാർട്ടും,തേഡ് പാർട്ടുമൊക്കെ ഇറങ്ങുമ്പോൾ ഒന്നാംഭാഗത്തിലെ അഭിനേതാക്കളെ തന്നെയാണ് രംഗത്തിറക്കാറുള്ളത്.മെഗസ്സീരിയലുകളിൽ മാത്രമാണ് നാം ചാനലിനോടും സംവിധായകനോടുമൊക്കെ ഉടക്കുന്നവരെ മാറ്റി അതേ കഥാപാത്രമായി മറ്റൊരു അഭിനേതാവിനെ രംഗത്തിറക്കുന്നത്.എന്നാൽ ഹണീബി 2വിൽ നോക്കുക.ആദ്യഭാഗത്തെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അർച്ചനകവിക്ക് പകരമത്തെുന്നത് നമ്മുടെ 'ബഡായി ബംഗ്‌ളാവ് 'ഫെയിം ആര്യയാണ്.എന്തെല്ലാമോ ഗോഷ്ടികാട്ടി ആര്യ അത് തനി ചളമാക്കിയിട്ടുണ്ട്.ലാലിന്റെ ഭാര്യയായി ആദ്യ ചിത്രത്തിൽ എത്തിയ പ്രവീണക്ക് പകരം ടെലവിഷൻ അവതാരക കൂടിയായ കവിത നായരാണ് രംഗത്തത്തെിയത്.കുറ്റം മാത്രം പറയരുതല്ലോ.കവിതയുടെ വേഷം നന്നായിട്ടുണ്ട്.

ദീപക്ക് ദേവിന്റെ സംഗീതത്തിനും പശ്ചാത്തലത്തിനുമൊക്കെ ആവറേജ് മാർക്ക് കൊടുക്കാനേ ആവു.ചിത്രത്തിന്റെ ട്രെയിലർപോലെ പുറത്തിറക്കിയ സ്വാഗതഗാനത്തിന്റെ ഭംഗി വേറെയാണെങ്കിലും.ആൽബിയുടെ ഛായാഗ്രഹണവും മികച്ചുതന്നെ.പക്ഷേ എന്തുണ്ടായിട്ടെന്താ, നല്‌ളൊരു കഥയില്‌ളെങ്കിൽ ആകെ പാളിയില്ലേ.

വാൽക്കഷ്ണം: ഹിഡൻ അഡ്വെർട്ടെസ്‌മെന്റ് എന്നൊരു രീതി നമ്മുടെ ബോളിവുഡ്ഡിലൊക്കെ വ്യാപകമായി കഴിഞ്ഞ കാലമാണിത്. അതായത് പുറമെ ഒന്നും പ്രകടിപ്പിക്കുന്നില്‌ളെങ്കിലും സിനിമ ഒരു പ്രത്യേക പരസ്യം പ്രമോട്ട് ചെയ്യുന്നതായിരിക്കാം. ആ ബ്രാൻഡിന് ചേരുന്ന രീതിയിൽ ചില സീനുകൾ ചിത്രങ്ങളിലുണ്ടാവും. ഇതിന് ലക്ഷക്കണക്കിന് രൂപയും നിർമ്മാതാവ് വാങ്ങും. നായകൻ ഒരു പ്രത്യേക ബ്രാൻഡ് ഷേവിംങ്ങ് ക്രീം വാങ്ങുന്ന രംഗത്തിനുപോലും നിർമ്മാതാവിന് കാശ് തടയും.ഇങ്ങനെ തീയേറ്ററിൽ പൊളിഞ്ഞ് പാളീസായ പല പടങ്ങളും ആത്യന്തികമായി രക്ഷപ്പെട്ടിട്ടുണ്ട്. ഈ ഗോസായി രീതി നമ്മുടെ നാട്ടിലും വരികയാണോ എന്ന് സംശയം തോന്നുന്നു.ഹണീബി എന്ന മദ്യത്തിന്റെ ബ്രാൻഡ് അംബാസിഡർ സ്ഥാനം ഈ പടം ഏറ്റെടുത്തിരിക്കയാണ്.സിഗരറ്റ് പൗരുഷത്തിന്റെ ലക്ഷണമായി ഒരുകാലത്ത് വാഴ്‌ത്തപ്പെട്ടതുപോലെ, ഹണീബി കുടിച്ചില്‌ളെങ്കിൽ യൗവനമില്‌ളെന്ന രീതിയിലാണ് ചിത്രത്തിലെ പലരംഗങ്ങും. മദ്യക്കമ്പനിയിയും ഈ പടവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ചോദിക്കുന്നവരെ ഈ പടത്തിന്റെ അവസ്ഥവെച്ച് കുറ്റംപറയാനാവില്ല.