ലയാള സിനിമയിലെ ന്യൂജനറേഷൻ നായികമാരുടെ കൂട്ടത്തിൽ മുൻനിരയിലാണ് ഹണി റോസ്. ബോൾഡായ നടി എന്നാണ് ഹണിയെ പൊതുവിൽ എല്ലാവരും വിശേഷിപ്പിക്കാറ്. ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിൽ പുരുഷന്മാർ മാത്രം താമസിക്കുന്ന ലോഡ്ജിൽ
 താമസിക്കാൻ എത്തുന്ന അൽപ്പം ഫ്രസ്‌ട്രേറ്റഡ് ആയ യുവതിയുടെ വേഷത്തിൽ എത്തി ആരാധകരുടെ മനം കവർന്നിരുന്നു ഹണി റോസ്. സിനിമയിലെ കഥാപാത്രങ്ങളെ പോലെ തന്നെ സ്വന്തമായി അൽപ്പം 'തന്റേടി'യായി ജീവിക്കാനാണ് ഹണി റോസിന് താൽപ്പര്യം. അതിന്റെ പ്രഖ്യാപനവും ഹണി റോസ് നടത്തിക്കഴിഞ്ഞു. താൻ ഒരിക്കലും വിവാഹം കഴിക്കില്ലെന്നാണ് ഹണി റോസ് പറഞ്ഞിരിക്കുന്നത്.

വിവാഹം എന്ന വ്യവസ്ഥയിൽ വിശ്വാസമില്ലെന്നും അത് ഒരു സ്ത്രീയുടെ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും തകർക്കുന്ന ഒന്നാണെന്നുമാണ് ഹണിയുടെ പക്ഷം. ഒരു മലയാളി മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഹണി തനിക്ക് വിവാഹത്തോട് അത്രയ്ക്ക് താൽപ്പര്യമില്ലെന്ന് തുറന്നടിച്ച് വ്യക്തമാക്കിയത്.

പരമ്പാരഗതമായ വിവാഹ സങ്കൽപത്തിൽ തനിക്ക് വിശ്വാസമില്ല. പുരുഷന്റെ പിന്തുണയില്ലാതെ ഒരു സ്ത്രീക്ക് ജീവിതത്തിൽ വിജയങ്ങൾ കൈവരിക്കാനാകും. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പമുള്ള ജീവിതത്തിൽ താൻ സന്തുഷ്ടയാണെന്നും ഹണി പറഞ്ഞു. സിനിമാ രംഗത്ത് ശ്രദ്ധനേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഹണിയുടെ മനസിൽ അവശേഷിക്കുന്ന ഒരു ആഗ്രഹം കൂടിയുണ്ട്. മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നതാണ് അതെന്നാണ് ഹണി വ്യക്തമാക്കുന്നത്.

വിനയന്റെ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ ഹണി റോസ് മലയാള സിനിമയിൽ എത്തുന്നത്. പിന്നീട് തമിഴും തെലുങ്കുമടക്കം നിരവധി ഭാഷകളിൽ അഭിനയിച്ചെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാരാണ് ഹണിക്ക് ബ്രേക്കായത്. മലയാളത്തിലെ വിജയ നായകന്മാരുടെയെല്ലാം നായികയായിട്ടുണ്ട് ഹണി. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെയാണ് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ നായികയായത്. മൈ ഗോഡ്, സർ സിപി, യു ടൂ ബ്രൂട്ടസ്,കുമ്പസാരം,പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും എന്നിവയാണ് ഹണി റോസിന്റേതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ.