തിരുവനന്തപുരം: ഓൺലൈൻ ഹണി ട്രാപ്പ് സംഘങ്ങൾ കേരളത്തിൽ ഉടനീളം സജീവം. സ്‌പെഷൽ ബ്രാഞ്ച് അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കിട്ടുന്നത്. പാവങ്ങളെ പോലും കുടുക്കുന്നതാണ് രീതി. ഫേസ്‌ബുക്ക് ഉപയോഗിച്ചാണ് ഇരകളെ പ്രധാനമായും കണ്ടെത്തുന്നത്.

ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഒരു യുവാവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം നടന്നിരുന്നു. ഫേസ്‌ബുക് അക്കൗണ്ടിൽ ഒരു ദിവസം ഒരു യുവതിയുടെ സന്ദേശമെത്തുന്നു. ആദ്യം പ്രതികരിച്ചില്ലെങ്കിലും പിന്നീട് യുവാവ് പ്രതികരിച്ചു. ഇതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. അപരിചതർക്ക് ഫോൺ നമ്പർ കൊടുത്താൽ ഉണ്ടാകുന്ന പ്രശ്‌നമാണ് പിന്നീട് കണ്ടത്. ഇതിന് സമാനമായ തട്ടിപ്പുകൾ കേരളത്തിൽ പലതു റിപ്പോർട്ട് ചെയ്തു. എന്നാലും ആരും മുൻകരുതൽ എടുക്കുന്നില്ല. ഇതിന്റെ ഇരയാണ് ഈ യുവാവും.

കുടുംബ വിവരങ്ങളടക്കം ശേഖരിച്ച ശേഷം യുവതി വാട്‌സാപ് നമ്പർ വാങ്ങി ചാറ്റിങ് തുടങ്ങി. പതിയെ വീഡിയോ കോളിങ്. അശ്ലീല ദ്യശങ്ങൾ പ്രദർശിപ്പിച്ചു. പെട്ടെന്ന് യുവാവ് വിഡിയോ കോൾ കട്ട് ചെയ്തു. തുടർന്ന് പിന്നാലെ അടുത്ത സന്ദേശമെത്തി. വിഡിയോ കോൾ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ദൃശ്യങ്ങൾ പ്രചരിപ്പിക്കും. പ്രചരിപ്പിക്കാതെയിരിക്കണമെങ്കിൽ പണം നൽകണം. അങ്ങനെ ബ്ലാക്ക് മെയിൽ. ഈ യുവതിയെ കണ്ടെത്താനാണ് പൊലീസ് നീക്കം. വിദേശ രാജ്യത്തിരുന്നാകാം ഓപ്പറേഷൻ എന്ന വിലയിരുത്തലുമുണ്ട്.

പണം നൽകാൻ തയാറായില്ലെങ്കിൽ യുവാവിന്റെ ചിത്രമടക്കം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണു യുവാവിനോട് യുവതി ഭീഷണി ഉയർത്തിയത്. ഭയന്ന യുവാവ് വാട്‌സാപ് നമ്പർ അടക്കം ഉപേക്ഷിച്ചു. ഇത്തരം തട്ടിപ്പുകളിൽ പലരും പണം നൽകും. കുടുംബം തകരാതിരിക്കാനാണ് ഇത് നാണക്കേട് ഭയന്ന് ആരും പരാതി നൽകുകയും ഇല്ല. അതുകൊണ്ട് തന്നെ വീഡിയോ കോൾ തട്ടിപ്പ് വ്യാപകമാണ്.

പാർട്ട് ജോലി നൽകാമെന്ന വാട്‌സാപ് സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ വാട്‌സാപ് വഴി ഒട്ടേറെ പേർക്ക് ലഭിച്ചിരുന്നു. മണിക്കൂറിനു 750 മുതൽ 1000 രൂപ വരെ നൽകാമെന്നാണ് വാഗ്ദാനം. ജോലിക്കായി ഒരു ലിങ്ക് ഓപ്പൺ ചെയ്യണമെന്നാണു സന്ദേശം. ഈ ലിങ്ക് ഓപ്പൺ ചെയ്താൽ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിലെ ഡേറ്റയും നഷ്ടമാകും. ഇതും തട്ടിപ്പിന്റെ പുതിയ രീതിയാണ്.

ഫേസ്‌ബുക്കിലും വാട്‌സാപിലും വരുന്ന അപരിചിത സന്ദേശങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുക എന്ന മുന്നറിയിപ്പാണ് പൊലീസ് നൽകുന്നത്. രണ്ട് ദിവസം മുമ്പ് യുവ കലാകാരനെ വിഡിയോ കോൾ ചെയ്തു ഹണി ട്രാപ്പിൽപെടുത്താൻ ശ്രമിച്ചതായി പരാതി പൊലീസിന് കിട്ടിയിരുന്നു. സിനിമാ രംഗത്തും സാംസ്‌കാരിക രംഗത്തും പ്രവർത്തിക്കുന്ന കലാകാരനെയാണ് കുടുക്കാൻ ശ്രമിച്ചത്.

വാട്‌സാപ്പിലൂടെ വിഡിയോ കോൾ ചെയ്ത് നഗ്‌നത പ്രദർശിപ്പിച്ച് കോൾ റെക്കോർഡ് ചെയ്ത് കലാകാരന്റെ സമൂഹമാധ്യമങ്ങളിലെ കോൺടാക്ടുകളിലുള്ള സുഹൃത്തുക്കൾക്ക് ഓപ്പൺ ചെയ്യാൻ കഴിയാത്ത വിധത്തിൽ അയച്ചു കൊടുത്ത് പണം ആവശ്യപ്പെടുകയായിരുന്നു. 5,000 രൂപ നൽകിയില്ലെങ്കിൽ സുഹൃത്തുക്കളുടെ കയ്യിൽ എത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.