- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക മാധ്യമങ്ങളിലുടെ അടുപ്പം സ്ഥാപിക്കും; പിന്നെ വീഡിയോ കോളിങ്; നഗ്‌നരായി പ്രത്യക്ഷപ്പെട്ടാൽ പിറ്റേന്ന് അത് കാട്ടി ബ്ലാക്മെയിലിങ്; പത്തനംതിട്ട ജില്ലയിൽ ഇതുവരെ ഇരകളായത് 15 പേർ: സാമുദായിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർക്ക് പണം നഷ്ടമായി
പത്തനംതിട്ട: സൈബർ സെല്ലും പൊലീസും എത്ര മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ല. സോഷ്യൽ മീഡിയ വഴിയുള്ള തട്ടിപ്പിനും ബ്ലാക്മെയിലിങിനും ഇരയാകുന്നവരുടെ എണ്ണം ഏറുന്നു. ജില്ലയിൽ ഇതു വരെ 15 പേരാണ് ഇതു സംബന്ധിച്ച് പരാതി നൽകിയിരിക്കുന്നത്. മാനം പോകുമെന്ന് ഭയന്ന് ബ്ലാക്മെയ്ലേഴ്സ് ചോദിക്കുന്ന പണം നൽകി ഇപ്പോഴും പരാതി നൽകാൻ മടിച്ചിരിക്കുന്നവരുടെ എണ്ണം ഇതിന്റെ മൂന്നിരട്ടി വരും.
സാമൂഹിക, സാംസ്‌കാരിക, സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം നിരവധി പേർക്ക് പണം നഷ്ടമായി. ഒരു ലക്ഷം രൂപ വരെ കൊടുക്കേണ്ടി വന്നവർ ഉണ്ട്. നിരന്തരമായി പണം നൽകേണ്ടി വരികയും ഒടുവിൽ കൊടുക്കാനില്ലാതെ വരികയും ചെയ്യുമ്പോൾ മാത്രമാണ് ഇവർ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. സൈബർ സെൽ അന്വേഷണം തുടങ്ങി എന്നു മനസിലാകുന്നതോടെ ബ്ലാക് മെയിലിങ്ങുകാർ പിൻവാങ്ങും.
വാട്സാപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇത്തരക്കാർ ഇരകളെ വീഴ്‌ത്തുന്നത്. ഒന്നു രണ്ടു ദിവസത്തെ ചാറ്റിങിലൂടെ ഇരകളിൽ വിശ്വാസം ജനിപ്പിക്കും. പിന്നെ, വീഡിയോ കാളിങ് ആയി. അതിസുന്ദരികളാകും കോളിന്റെ അങ്ങേത്തലയ്ക്കൽ. ആദ്യ രണ്ടു മൂന്നു കാളുകൾ മാന്യമായിട്ടായിരിക്കും. പിന്നെയുള്ള കാളിൽ ഇരയിലേക്ക് സെക്സ് ചാറ്റ് കടത്തി വിടും. സെക്സ്ചാറ്റ് അതിരു വിടുമ്പോൾ പൂർണ നഗ്‌നരായി വീഡിയോ കാളിങിന് ക്ഷണിക്കും.
ഇര തുണിയുടുക്കാതെ കാളിൽ വരുന്ന ഏതാനും സെക്കൻഡ് മതി ബ്ലാക്മെയിൽ സംഘത്തിന്. അവർ ആ ദൃശ്യം റെക്കോഡ് ചെയ്യും. പിന്നാലെ ഭീഷണി തുടങ്ങും. ഓരോ ദിവസവും 5000-10,000 വരെ അവർ നൽകുന്ന അക്കൗണ്ടിലേക്ക് ഇടാൻ ആവശ്യപ്പെടും. ഇടാൻ വിസമ്മതിച്ചാൽ ഉടൻ ഒരു യുട്യൂബ് ലിങ്ക് വരും. ഇത് ക്ലിക്ക് ചെയ്താൽ ചെയ്യുന്നത് ഇരയുടെ വീഡിയോ യുട്യൂബിലേക്ക് അപ്ലോഡ് ചെയ്ത ഇടത്തേക്കാണ്. വേഗം പണം അയച്ചില്ലെങ്കിൽ ഈ ലിങ്ക് ഇരയുടെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള മുഴുവൻ ആൾക്കാർക്കും അയച്ചു കൊടുക്കുമെന്നാകും ഭീഷണി. ചിലർ ഭയന്ന് പണം അയച്ചു കൊടുക്കും.
പത്തനംതിട്ടയിൽ ഒരു പുരോഹിതന് അരലക്ഷം രൂപ നഷ്ടമായി. വീണ്ടും പണം ചോദിച്ചപ്പോൾ താൻ വീണ കെണിയുടെ ആഴം മനസിലായ പുരോഹിതൻ സൈബർ സെല്ലിൽ പരാതി നൽകി. അന്വേഷണം സൈബർ സെൽ തുടങ്ങിയതോടെ ബ്ലാക്മെയിലിങ് നിലച്ചു. പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും ഈ രീതിയിൽ പണം നഷ്ടമായിട്ടുണ്ട്.
ഇത്തരം തേൻ കെണികളിൽ വീണു പോകുന്നവർ ഒരിക്കലും ഭീഷണി ഭയന്ന് പണം നൽകരുത് എന്നാണ് പൊലീസ് നൽകുന്ന ഉപദേശം. കെണിയിൽ വീണാൽ ആ വിവരം പൊലീസിൽ അറിയിക്കുക. അതിന് ശേഷം സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ തന്റെ അശ്ലീല വീഡിയോ മോർഫ് ചെയ്ത് ചിലർ പ്രചരിപ്പിക്കാൻ സാധ്യതയുണ്ടെന്നും സുഹൃത്തുക്കൾ ശ്രദ്ധിക്കണമെന്നും ഒരു പോസ്റ്റ് ഷെയർ ചെയ്യുക. അതിന് ശേഷം അവർ വിളിക്കുമ്പോൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്ന വിവരം പറയുക.
പിന്നീട് ശല്യം ഉണ്ടാവുകയില്ല. ബ്ലാക്മെയിൽ സംഘത്തെ പിടികൂടുക എളുപ്പമല്ലെന്നാണ് പൊലീസ് പറയുന്നത്. ഇവർ രാജ്യത്ത് പല സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ശൃംഖലയാണ്. പൊലീസിനെയും ഇരകളെയും അവർ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. അതു കൊണ്ടു തന്നെ പിടികൂടാൻ എളുപ്പമല്ല. എന്നിരുന്നാലും ഇര പൊലീസിനെ സമീപിച്ചുവെന്ന് കണ്ടാൽ ഇവർ പിൻവാങ്ങുകയാണ് പതിവ്.