തിരുവനന്തപുരം: പൊലീസിനെ ഹണിട്രാപ്പിൽ കുടുക്കിയ അശ്വതിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും ബന്ധം. തിരുവനന്തപുരം റൂറൽ എസ് പി പി കെ മധുവിനെ കാണാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖൻ സാഹചര്യം ഒരുക്കിയെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിലെ മോഹനൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എസ് പിയെ അശ്വതി ഫോണിൽ വിളിച്ചതിന്റെ ശബ്ദ രേഖ പുറത്തു വന്നു. ജനം ടിവിയാണ് ഈ ശബ്ദരേഖ പുറത്തു വിട്ടത്. അതിനിടെ പൊലീസിലെ ചേരിപ്പോരും ഹണിട്രാപ്പിന് പിന്നിലുണ്ടെന്നാണ് സൂചന.

ഐപിഎസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കാനുള്ള നീക്കം നടന്നതായും സംശയമുണ്ട്. ഇതിന് പിന്നിൽ പൊലീസിലെ ചേരിപോരാണെന്നാണ് നിഗമനം. ഹണിട്രാപ്പ് കേസി'ൽ പരാതിക്കാരനായ എസ്‌ഐയുടെ മൊഴി ഇന്നു രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര ഡിവൈഎസ്‌പി എം. അനിൽകുമാർ പറഞ്ഞു. മൊഴി പാങ്ങോട് സ്റ്റേഷനിൽ നേരത്തെ എടുത്തിട്ടുണ്ടെങ്കിലും ഏതുകാലയളവിലാണ് കബളിപ്പിക്കപ്പെട്ടതെന്നും എത്ര രൂപ നഷ്ടപ്പെട്ടുവെന്നതും അടക്കമുള്ള വിവരങ്ങളിൽ വ്യക്തതയില്ലാത്ത സാഹചര്യത്തിലാണ് ഒന്നു കൂടി മൊഴിയെടുക്കുന്നതെന്ന് ഡിവൈഎസ്‌പി പറഞ്ഞു.

വറെ പൊലീസുകാരോ മറ്റാരെങ്കിലുമോ കെണിയിൽ കുടുങ്ങിയോ എന്നതും അന്വേഷിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും എന്നും സൂചനയുണ്ട്. കൊല്ലം റൂറൽ പൊലീസിലെ എസ്‌ഐയുടെ പരാതിയിൽ അഞ്ചൽ സ്വദേശിനിക്കെതിരായാണു പാങ്ങോട് പൊലീസ് കേസെടുത്തത്.

എന്നാൽ പരാതിക്കാരനായ എസ്‌ഐയാണു പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഫോൺ കെണിയിൽ കുടുക്കാൻ ആവശ്യപ്പെട്ടതെന്നാണു യുവതിയുടെ ആരോപണം. സർവീസിൽ നിന്നു സസ്‌പെൻഡ് ചെയ്തതിലെ വൈരാഗ്യമായിരുന്നു ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ആവശ്യത്തിനു പിന്നിൽ. താൻ അതിനു തയാറാകാതിരുന്നപ്പോൾ മറ്റൊരു സ്ത്രീയെ ഉപയോഗിച്ചു തയാറാക്കിയ വാട്‌സാപ് ചാറ്റുകളും ശബ്ദരേഖകളുമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും യുവതി അവകാശപ്പെട്ടു.

എസ്‌ഐക്കെതിരെ ദക്ഷിണമേഖലാ ഐജിക്ക് നേരത്തേ പരാതി നൽകിയെന്നും അവർ പറയുന്നു.ഇവരുടെ പരാതിയിൽ എസ്‌ഐ അച്ചടക്ക നടപടി നേരിട്ടിരുന്നു. പിന്നീട് ആ പരാതി പിൻവലിച്ചു. യുവതി ചില പൊലീസ് ഉദ്യോഗസ്ഥരെ കെണിയിൽ പെടുത്തിയെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നതർക്കു ബോധ്യപ്പെട്ടത്. അശ്വതിയെ പൊലീസ് അറസ്റ്റു ചെയ്യുമെന്നാണ് സൂചന.