വൈക്കം: ഹണിട്രാപ്പു തട്ടിപ്പു കേസുകൾ സംസ്ഥാനത്ത് കൂടി വരികയാണ്. പൊലീസുകാർ പോലും ഇത്തരം തട്ടിപ്പുകളിൽ കുടങ്ങി കഴിഞ്ഞു. ഇത്തരം തട്ടിപ്പുകാർക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. ഇതിനിടെ വൈക്കത്തു നിന്നും മറ്റൊരു ഹണിട്രാപ്പ് കേസു കൂടി പുറത്തുവന്നു.

ഫോണിലൂടെ പരിചയപ്പെട്ട് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. യുവതിയെ കരുവാക്കി ഗൃഹനാഥനെ കബളിപ്പിച്ച കേസിലാണ് അറസ്റ്റ്. എറണാകുളം പുതുവൈപ്പ് തോണിപ്പാലത്തിനു സമീപം തുറയ്ക്കൽ ജസ്ലിൻ ജോസി(41) ആണ് അറസ്റ്റിലായത്. വൈക്കം സ്വദേശി ഗൃഹനാഥനെയാണ് കുടുക്കിയത്. 26 വയസ്സുകാരി, ഗൃഹനാഥനുമായി ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് സെപ്റ്റംബർ 28ന് ചേർത്തല ഒറ്റപ്പുന്നയിലെ ലോഡ്ജിലേക്കു വിളിച്ചുവരുത്തി. പിന്നീട് യുവതിക്കൊപ്പമുള്ള ചിത്രങ്ങൾ പകർത്തി.

ഈ ചിത്രം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി 1,35,000 രൂപ കൈക്കലാക്കി. പണം തട്ടുന്നതിനു യുവതിക്കു കൂട്ടുനിന്നതിനാണ് ജസ്ലിനെ അറസ്റ്റ് ചെയ്തത്. പണം നൽകുന്നതു സംബന്ധിച്ച് യുവതിയും കൂട്ടാളികളും വൈക്കം ബോട്ടുജെട്ടിക്കു സമീപത്തു വച്ച് 28ന് ഗൃഹനാഥനുമായി തർക്കമുണ്ടായി. ഈ സമയത്തും ജസ്ലിൻ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. എസ്‌ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജസ്ലിനെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.