നെടുങ്കണ്ടം: ഉന്നത സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിച്ച് യുവതികളെയും വീട്ടമ്മമാരെയും ഹണിട്രാപ്പിൽ പെടുത്തി പണംതട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കൊല്ലം ശൂരനാട് സ്വദേശി രഞ്ജിത്ത് ആർ.പിള്ള (29) ആണ് നെടുങ്കണ്ടം പൊലീസിന്റെ പിടിയിലായത്. സൈബർ ഇടത്തിൽ വ്യാജ പേരിൽ ഇടപെടൽ നടത്തി പണം തട്ടിയ കേസിലാണ് യുവാവ് അറസ്റ്റിലായത്.

നെടുങ്കണ്ടം സ്വദേശിയായ പതിനേഴുകാരിയുടെ പരാതിയാണ് ഈ തട്ടിപ്പുകാരനെ വെളിച്ചത്തു കൊണ്ടുവന്നത്. മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിലാണ് പ്രതി പിടിയിലായത്. ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും 'അജയ് ആർ' എന്ന പേരിൽ ഉണ്ടാക്കിയ അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു ഇയാളുടെ തട്ടിപ്പ്.

ഉന്നത സൈനിക ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ യൂണിഫോം ധരിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഗംഭീരമായി ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങൾ വഴി ഇടപെട്ട് വീട്ടമ്മാമാരെയും യുവതികളെയും ഇയാൾ വളച്ചെടുത്തു. ഓൺലൈനിൽ യുവതികളും വീട്ടമ്മമാരുമായി ബന്ധം സ്ഥാപിക്കുന്ന പ്രതി പിന്നീട് പലരോടും പ്രണയാഭ്യർഥന നടത്തി. വിവാഹ വാഗ്ദാനം നൽകി സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കുന്നതായിരുന്നു ഇയാളുടെ പരിപാടി. തുടർന്ന് ഇവ ബന്ധുക്കൾക്ക് അയച്ചുനൽകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്.

പ്രതി ഒരു തവണപോലും വീഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ബന്ധുവായ സൈനികന്റെ സഹായത്തിൽ ഇയാൾ 2018-ൽ പുണെയിലെ സൈനിക ക്യാമ്പിലെ കാന്റീനിൽ താത്കാലികമായി ജോലിചെയ്തിരുന്നു. ഇവിടെ നിന്നുമാണ് സൈനിക യൂണിഫോം സംഘടിപ്പിച്ചതെന്നാണ് വിവരം. സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കാനായി പ്രതി പ്രത്യേക സിം കാർഡ് ഉപയോഗിച്ചിരുന്നു. എന്നാൽ ഈ നമ്പരിൽ വിളിച്ചാൽ കിട്ടില്ല. സർക്കാർ ജീവനക്കാരിൽനിന്നുൾപ്പെടെ ലക്ഷങ്ങൾ ഇയാൾ തട്ടിയെടുത്തതായാണ് വിവരം.

കോയമ്പത്തൂരിൽ ഭാര്യയുമൊത്ത് വാടക വീട്ടിൽ കഴിഞ്ഞവരുന്ന പ്രതി പെയ്ന്റിങ് ജോലികൾക്ക് പോയിരുന്നു. സമീപവാസികളുമായി യാതൊരു ബന്ധവും പുലർത്താതെയാണ് താമസിച്ചിരുന്നത്. നെടുങ്കണ്ടം സിഐ. ബി.എസ്.ബിനു, എസ്‌ഐ. ജി.അജയകുമാർ, ഉദ്യോഗസ്ഥരായ സുനിൽ മാത്യു, എൻ.എ.മുജിബ്, ആർ.രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തട്ടിപ്പിന് ഉപയോഗിച്ചിരുന്ന ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാൾക്കെതിരേ കായംകുളം, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.