- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ തൃശൂരിലേക്ക് വിളിച്ചുവരുത്തി; ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം നഗ്‌നചിത്രങ്ങൾ എടുത്ത് ബ്ലാക്ക്മെയിലിങ്; പണം കൊടുത്ത് വശം കെട്ടതോടെ പരാതി; ഒടുവിൽ തട്ടിപ്പുകാരി പിടിയിൽ
തൃശൂർ: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളെ നഗ്‌നചിത്രങ്ങൾ എടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്ത് പണവും സ്വർണാഭരണങ്ങളും കവർന്ന യുവതി അറസ്റ്റിൽ. ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധു (37)വിനെയാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ പി. ലാൽകുമാറും സംഘവും അറസ്റ്റുചെയ്തത്.
2021 ഫെബ്രുവരി മാസത്തിൽ സോഷ്യൽ മീഡിയ വഴി പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ ഒരാളെ യുവതി പരിചയപ്പെട്ടു. ഇയാളെ തൃശൂരിലേക്ക് വിളിച്ചുവരുത്തി, പരസ്പര സമ്മതപ്രകാരം ഒരു സ്വകാര്യഫ്‌ളാറ്റിൽ വെച്ച് ശാരീരികമായി ബന്ധപ്പെട്ടു. തുടർന്ന് പൊലീസിനെ വിളിച്ച് അറസ്റ്റ്‌ചെയ്യിപ്പിക്കുമെന്നും അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തി സ്വർണ ഏലസ്സും, സ്വർണമാലയും ലോക്കറ്റും അടക്കം മൂന്നരപവൻ നിർബന്ധിച്ച് ഊരി വാങ്ങി.
പിന്നീട് ഒരു ദിവസം, ഏലസ്സും, സ്വർണലോക്കറ്റും തിരികെ തരാം എന്ന് പറഞ്ഞ്, ഇയാളെ ഷൊർണൂരിലെ ഒരു സ്വകാര്യലോഡ്ജിലേക്ക് വിളിച്ചുവരുത്തി, അവിടെവെച്ച്, മൊബൈലിൽ നഗ്‌നചിത്രങ്ങൾ പകർത്തി, ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും എന്നും ഭീഷണിപ്പെടുത്തി. കൈവശമുണ്ടായിരുന്ന 1,75,000 രൂപ നിർബന്ധിച്ച് കൈക്കലാക്കുകയും ചെയ്തു. അതിനുശേഷം യുവതി ഇയാളെ ടെലിഫോണിൽ ബന്ധപ്പെട്ട്, പത്ത് ലക്ഷം രൂപ തന്നില്ലെങ്കിൽ നഗ്‌നചിത്രങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
ശല്യം സഹിക്കാനാകാതെ, പരാതിക്കാരൻ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെതുടർന്ന്, കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പരാതിക്കാരനെ കൊണ്ട് തൃശൂരിലേക്ക് വിളിച്ചുവരുത്തിയാണ് പൊലീസ് പിടികൂടിയത്. പ്രതിയുടെ മൊബൈൽഫോണിൽ നിന്നും ഇരുവരും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റുകളും, ശബ്ദസന്ദേശങ്ങളും ചിത്രങ്ങളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അന്വേഷണ സംഘാംഗങ്ങൾ: ഈസ്റ്റ് എസ്എച്ച്ഓ പി. ലാൽകുമാർ, സബ് ഇൻസ്‌പെക്ടർ കെ. ഉമേഷ്, അസി. സബ് ഇൻസ്‌പെക്ടർ സണ്ണി വി.എഫ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നിജിത ടി, സ്മിത കെ, ഹണി എൻ.വി.
മറുനാടന് മലയാളി ബ്യൂറോ