തിരുവനന്തപുരം: വ്യാജ ലൗ വെബിൽ തേൻ കെണിയൊരുക്കി വശീകരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണ്ണവും കവർന്ന കേസിൽ തലസ്ഥാന ജില്ലയിലെ ആറു യുവാക്കൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സിറ്റി ഫോർട്ട് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ താമസിക്കുന്ന വിഷ്ണു രാജ് (25) , ഇയാളുടെ കൂട്ടാളികളായ ദിലീപ് (23) , സച്ചിൻ (21) , അജീഷ് (23) , അനന്തു ശ്രീകുമാർ (24) , വിഷ്ണു (24) എന്നിവരാണ് 1 മുതൽ 6 വരെയുള്ള പ്രതികൾ.

2021 നവംബർ ആദ്യവാരത്തിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് ഐ ഡി നിർമ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്ത് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ച ശേഷം യുവാവിനെ തട്ടിക്കൊണ്ടു പോയി ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച് മർദ്ദിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും വാഹനത്തിന്റെ ആർ.സി ബുക്കുമാണ് കവർച്ച ചെയ്തത്.

സംഭവത്തിന് ശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവിൽ കഴിയവേയാണ് 2021 നവംബർ 16ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ റിക്കവറി ചെയ്ത് കോടതി മുമ്പാകെ തൊണ്ടിമുതലായി ഹാജരാക്കിയിട്ടുണ്ട്.