കൊച്ചി: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ സംഘം സമാനമായ രീതിയിൽ മുൻപും തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ്. കഴിഞ്ഞ ആഴ്ച എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഹോട്ടലിൽ റൂം എടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനിടയിൽ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയതായാണ് പരാതി നിലവിലുണ്ടായിരുന്നത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഡോക്ടറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ സംഘത്തിലെ പ്രധാനികളായ മൂന്നു പേരെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടിൽ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടിൽ റോഷ് വിൻ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പിൽ ജംഷാദ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മലപ്പുറം സ്വദേശി മുഹമ്മദ് അജ്മൽ, നാലാം പ്രതി വിനീഷ് എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

ഏതാനും ദിവസങ്ങൾക്ക് മുൻപാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സ്ഥലക്കച്ചവടത്തിനായി വിളിച്ചു വരുത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ഒക്ടോബർ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങൾ പറയുന്നതിന് ഡോ. ജേക്കബ് ഈപ്പനെ മുഹമ്മദ് അജ്മൽ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. ഇവിടെ വച്ചാണ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 5 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെ സംഘത്തിലുണ്ടായിരുന്ന അനുപമ ചുറ്റിക ഉപയോഗിച്ച് ഡോക്ടറെ തലയ്ക്കടിക്കുകയായിരുന്നു. ഇതോടെ ഡോക്ടർ നിലവിളിച്ചതോടെ സംഘം സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഉടൻ തന്നെ ഡോക്ടർ സംഭവം പൊലീസിൽ അറിയിച്ചു. പൊലീസെത്തിയാണ് ആശുപത്രിയിലാക്കിയത്. പിന്നീടാണ് പ്രതികൾക്കെതിരെയുള്ള മൊഴി വിശദമായി നൽകിയത്.

സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഇവരുടെ മൊബൈൽ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തൃശൂർ പാലിയേക്കര ടോളിന് സമീപമുള്ള ഒരു വീട്ടിൽ പ്രതികൾ ഒളിവിൽ കഴിയുകയാണ് എന്ന് മനസ്സിലാക്കി. ഇതോടെ കഴിഞ്ഞ ദിവസം പുലർച്ചെ കളമശ്ശേരിയിൽ നിന്നും പൊലീസ് ഇവിടെ എത്തി വീട് വളഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നു. രണ്ട് പ്രതികൾ മറ്റെവിടെയോ ഒളിവിൽ കഴിയുകയാണ്. ഇവരെ പറ്റി ഒരു വിവരവും അറസ്റ്റിലായവർക്ക് അറിയില്ല എന്നാണ് പറയുന്നത്. ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച തോക്ക് പൊലീസ് കണ്ടെടുത്തു. എയർഗൺ ആണ് ഇത്. ഭയപ്പെടുത്താൻ ഉപയോഗിച്ചതു കൊണ്ട് ഐ.പി.സി സെക്ഷൻ 506 പൊലീസ് ചാർജ് ചെയ്തിട്ടുണ്ട്.

മഹമ്മദ് അജ്മലുമായി സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ടാണ് ഡോക്ടർ
പരിചയത്തിലായത് എന്ന് കളമശ്ശേരി എസ്.എച്ച്.ഒ പി സന്തോഷ് മറുനാടനോട് പറഞ്ഞു. അജ്മൽ ഡോക്ടറെ ഇടപ്പള്ളിയിലെ ലീ മാൻഷൻ സ്യൂട്ട്സ് എന്ന ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഡോക്ടറെ സ്യൂട്ട് റൂം 102 ൽ ഇരുത്തിയ ശേഷം ഇയാൾ പുറത്തേക്ക് പോകുകയും ബാക്കിയുള്ള നാലുപേരും റൂമിനുള്ളിൽ കടന്ന് ഡോക്ടറെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് സംഘത്തിലുണ്ടായിരുന്ന അനുപമയുമായി ചേർത്ത് നിർത്തി ഫോട്ടോസ് എടുക്കുകയും 5 ലക്ഷം രൂപ തന്നില്ലെങ്കിൽ ഈ ചിത്രങ്ങൾ ഡോക്ടറുടെ ഭാര്യയെ കാണിക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാൽ ഡോക്ടർ ഒന്നിനും വഴങ്ങാതെ വന്നതോടെയാണ് അനുപമ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചതെന്നും എസ്.എച്ച്. ഒ പറഞ്ഞു.

കൊച്ചി സിറ്റി പൊലീസ് പരിധിയിൽ അടുത്തിടെ സ്ത്രീകളെ ഉപയോഗിച്ച് ഇത്തരം നിരവധി കുറ്റകൃത്യങ്ങൾ നടന്നു വരികയായിരുന്നു. അതിനാൽ പരാതി ലഭിച്ചയുടൻ തന്നെ ഒരു പ്രത്യേക കേസായി പരിഗണിച്ച് എത്രയും വേഗം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ നിർദ്ദേശം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ദ്രൂതഗതിയിൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര എ.സി.പി ജിജി മോന്റെ നേത്ൃത്വത്തിൽ കളമശ്ശേരി എസ്.എച്ച.ഒ പി സന്തോഷ്, എസ്‌ഐമാരായ സുരേഷ്, മധു, ജോസി, എഎസ്ഐമാരായ അനിൽകുമാർ, ബിനു, എസ്.സി.പി.ഒ മാരായ ഹരി ബിനിൽ എന്ന്വർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.