മലപ്പുറം: എളുപ്പത്തിൽ പണമുണ്ടാക്കാൻ ഉള്ള സൂത്രവഴിയാണിപ്പോൾ ഹണി ട്രാപ്. തലസ്ഥാനത്ത് പൊലീസുകാർ പോലും ഹണിട്രാപ്പിൽ പെട്ട് വെള്ളം കുടിച്ച കഥകൾ ഇതിനകം പുറത്തുവന്നു. ഏതെങ്കിലും ഹോട്ടലിലോ, ലോഡ്ജിലോ റൂമെടുക്കുക, ഇരയെ അങ്ങോട്ട് വിളിച്ചുവരുത്തുക, യുവതികൾക്കൊപ്പം നിർത്തി നഗ്ന ചിത്രം എടുക്കുക, പിന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുക, ഇതാണ് ഹണി ട്രാപ് സംഘങ്ങളുടെ പൊതുപരിപാടി. ഏറ്റവും ഒടുവിൽ, മലപ്പുറം കോട്ടയ്ക്കലിൽ ആണ് ഹണിട്രാപ് കേസിൽ ഒരു സ്ത്രീയടക്കം ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്ലാക്ക് മെയിലിംഗിലൂടെ അഞ്ച് ലക്ഷം രൂപ തട്ടാനുള്ള ശ്രമത്തിനടിയിലാണ് ഏഴംഗ സംഘം പൊലീസ് പിടിയിലായത്. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫസീല, തിരൂർ ബിപി അങ്ങാടി സ്വദേശി ഹസിം, തിരൂർ സ്വദേശികളായ നിസാമുദ്ദീൻ, റഷീദ്, മംഗലം സ്വദേശി ഷാഹുൽ ഹമീദ്, കോട്ടക്കൽ സ്വദേശികളായ മുബാറക്ക്, നസറുദീൻ എന്നിവരാണ് പിടിയിലായത്.

രണ്ടാഴ്‌ച്ച മുമ്പ് ഫസീല മിസ്ഡ് കോളിലൂടെ മലപ്പുറം കൂട്ടിലങ്ങാടിയിലെ ഒരു യുവാവുമായി പരിചയപെട്ടു. അടുപ്പം വളർത്തിയെടുത്ത ഫസീല യുവാവിനെ കോട്ടക്കലിലേക്ക് വിളിച്ചു വരുത്തി. ഇവർ വാഹനത്തിൽ സംസാരിച്ചുകൊണ്ടിരിക്കെ മറ്റ് നാല് പേർ കൂടി വാഹനത്തിൽ കയറി. ഫസീലയെയും യുവാവിനെയും ചേർത്ത് നിർത്തി ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി. പണം നൽകിയില്ലെങ്കിൽ കുടുംബം തകർക്കുമെന്നായിരുന്നു ഭീഷണി.

ആവശ്യപ്പെട്ട പണം നൽകാമെന്ന് യുവാവിനെക്കൊണ്ട് ഓരൊരുത്തർക്കും വിളിച്ചു പറഞ്ഞാണ് ഏഴ് പേരെയും പൊലീസ് സമർത്ഥമായി വിളിച്ചു വരുത്തിയത്. സംഘം സമാനമായ തട്ടിപ്പ് വേറെ നടത്തിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്