കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടുന്ന യുവതിക്കായി പൊലീസിന്റെ ഹൈടെക് സെൽ അന്വേഷണത്തിൽ കിട്ടുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സൈബർ ഡോമും ഹൈടെക് സെല്ലും സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്‌തേയ്ക്കും.

ഇപ്പോൾ ഇവരുടെ കെണിയിൽ പെട്ടിരിക്കുന്നത് പുതിയ ബാച്ചിലെ ചില സബ് ഇൻസ്പെക്ടർമാരാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പലർക്കും വൻ തുക നഷ്ടമായെങ്കിലും മാനഹാനി ഭയന്ന് ആരും തന്നെ പരാതി നൽകാൻ മുതിരുന്നില്ല. എന്നാൽ, ഹൈടെക് സെൽ തട്ടിപ്പിന് ഇരയായ ചില പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു അന്വേഷണ സംഘം. ചിത്രങ്ങളും വീഡിയോയും അടക്കം പല തെളിവും കിട്ടിയിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരുമായി അടുപ്പം സ്ഥാപിച്ച് അവരെ വലയിൽ വീഴ്‌ത്തുന്ന രീതിയാണ് ഈ യുവതിയുടേത്. അവർതന്നെ മുൻകൈയെടുത്ത് പരിചയപ്പെടുന്നവരുമായി ശാരീരികബന്ധത്തിൽ ഏർപ്പെടും. തുടർന്ന് ഗർഭിണിയാണെന്ന് അറിയിക്കും. പിന്നീട് ബ്ലാക്ക് മെയിലും. മുമ്പ് സിനിമാക്കാരെ അടക്കം ഈ യുവതി പറ്റിച്ചിരുന്നു.

കഴിഞ്ഞ വർഷം നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥരുമായി ഇവർക്ക് അടുപ്പമുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. തുടർന്ന് തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരേ ഇവർ പീഡനപരാതി നൽകി. പരാതി പ്രകാരം മ്യൂസിയം പൊലീസ് എസ്ഐക്കെതിരേ കേസ് എടുത്തു. നാണക്കേടാകുകയും ചെയ്തു. ഇപ്പോൾ ഈ യുവതിയുടെ വലയിൽ പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇതോടെയാണ് സംഭവം പൊലീസിൽ വീണ്ടും ചർ്ച്ചയാകുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇന്റലിജൻസ് എഡിജിപി ടി.കെ. വിനോദ്കുമാർ ഉത്തരവ് ഇട്ടിരുന്നു.മുമ്പ് കെണിയിൽപ്പെടുത്തിയ ഒരു എസ്ഐയെക്കുറിച്ച് ഇവർ ഒരു സിഐയുമായി സംസാരിക്കുന്ന ഓഡിയോ ഇപ്പോൾ പല പൊലീസ് ഗ്രൂപ്പുകളിലും വൈറലാണ്. മുൻ മന്ത്രിയേയും കുടുക്കാൻ ഇവർ ശ്രമിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥരെ വലയിൽ വീഴ്‌ത്തിക്കഴിഞ്ഞാൽ അവരുടെ ഭാര്യമാരെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി കുടുംബജീവിതം തകർക്കുന്നതും ഇവരുടെ രീതിയാണ്. ആലപ്പുഴ സ്വദേശിയായ ഒരു പൊലീസ് ഓഫീസറിൽനിന്ന് ഇവർ ആറു ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു. കെണിയിൽ പെടുന്നവർ പിന്നീട് ഇവരുടെ ഇംഗിതത്തിന് വഴങ്ങുന്നില്ലെന്നു കണ്ടാൽ കേട്ടാൽ അറയ്ക്കുന്ന അസഭ്യവാക്കുകളാണ് ഇവർ വോയിസ് ക്ലിപ്പ് ആയി അവർക്ക് അയച്ചു കൊടുക്കുന്നത്.

നൂറിലേറെ പൊലീസുകാരുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന യുവതി തലസ്ഥാനത്തെ ഒരു എസ്ഐക്കെതിരെ ബലാത്സംഗ ആരോപണവുമായി രംഗത്തുവന്നതോടെയാണ് വിവാദ നായികയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഒരു വിഭാഗം പൊലീസുകാരുമായി അടുത്ത ബന്ധമുള്ള യുവതിയുടെ കെണിയിൽ നിരവധി പേരാണ് കുടുങ്ങിയിരിക്കുന്നത്. മലബാറിലെ ഒരു എസ്ഐ ആത്മഹത്യാ കുറിപ്പെഴുതുക പോലും ചെയ്തു.

ഈ യുവതിക്ക് സഹായിയായി ഒപ്പം നിൽക്കാൻ ഒരു നഴ്സും സന്തത സഹചാരിയായ യുവാവുമുണ്ട്. ഇവർ ചേർന്നാണ് പലപ്പോഴും തട്ടിപ്പുകൾ നടത്തുന്നത്. പരിചയമില്ലാത്ത സ്ത്രീകളുമായി സാമൂഹികമാധ്യമങ്ങളിൽ സംവദിക്കരുതെന്നും സുഹൃദ്ബന്ധം സ്ഥാപിക്കരുതെന്നും സംസ്ഥാന പൊലീസ് മേധാവിയുടെ മുന്നറിയിപ്പുള്ളപ്പോഴാണ് നിരവധി ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങിയത് എന്നതും ശ്രദ്ധേയമാണ്. പരാതിക്കാരിയായ യുവതിക്ക് എസ്ഐ. മുതൽ ഡിവൈ.എസ്‌പി. വരെ നൂറിലേറെ ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നു സാമൂഹികമാധ്യമങ്ങൾ നിരീക്ഷിച്ച ഇന്റലിജൻസ് വിഭാഗത്തിനു വിവരം ലഭിച്ചിരിക്കുന്നത്.

സംഭവം വിവാദമായതോടെ, ഫോർട്ട് കൊച്ചി സ്റ്റേഷനിലെ ഒരു സിവിൽ പൊലീസ് ഓഫീസർ വാട്‌സ്ആപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശവും സ്‌പെഷൽ ബ്രാഞ്ച് പരിശോധിച്ചു. സന്ദേശം ഇങ്ങനെ: 'തിരുവനന്തപുരം സ്വദേശിയായ യുവതി ഡയറക്റ്റ് എസ്ഐമാരെ പല രീതിയിൽ പരിചയപ്പെട്ട്, പ്രണയം നടിച്ച് ലക്ഷങ്ങൾ തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തന്റെ ആത്മഹത്യക്ക് ഉത്തരവാദി ഒരു എസ്ഐയാണെന്നു ചൂണ്ടിക്കാട്ടി യുവതി ഫേസ്‌ബുക്കിലിട്ട പോസ്റ്റിന്റെ വിശദാംശങ്ങൾ ഡി.ജി. കൺട്രോൾ റൂമിനു കൈമാറിയിട്ടുണ്ട്'. യുവതി തന്നെയും ബന്ധപ്പെട്ടിരുന്നതായി പൊലീസുകാരന്റെ ശബ്ദസന്ദേശത്തിലുണ്ട്.