മംഗളൂരു: മം​ഗളുരുവിൽ പിടിയിലായത് മലയാളികളെ തേൺകെണിയിൽ കുടുക്കി പണം തട്ടുന്ന സംഘം. രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേരാണ് അറസ്റ്റിലായത്. സൂറത്കൽ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32), ഇൻഷുറൻസ് ഏജന്റ് സീനത്ത് മുബീൻ (28), ഡ്രൈവർമാരായ അബ്ദുൾ ഖാദർ നജീബ് (34), ഇഖ്ബാൽ മുഹമ്മദ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. നഗ്‌നവീഡിയോ കാണിച്ച് ബസ് ജീവനക്കാരനായ മലയാളിയിൽനിന്ന് ഇവർ പണം തട്ടിയിരുന്നു. കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെ യുവാവ് നൽകിയ പരാതിയിലാണ് സംഘം പിടിയിലായത്.

യുവതികൾ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. രണ്ടുമാസത്തോളം ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്തശേഷം യുവതി ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികൾ ഒരു വീട്ടിലെത്തിച്ചു.

അബ്ദുൾ ഖാദറും ഇഖ്ബാലും ചേർന്ന് യുവാവിനെ മർദിച്ച് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും യുവതികളെ ബലാത്സംഗം ചെയ്‌തെന്ന് പരാതിനൽകുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് ഭയന്ന് തന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ നൽകി. കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

രേഷ്മയും സീനത്തും സോഷ്യൽ മീഡിയയിൽ ആളുകളുമായി അവരുമായി ചങ്ങാത്തം കൂടുമെന്നും പിന്നീട് അവരെ വീട്ടിലേക്ക് ക്ഷണിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർ വ്യത്യസ്ത ചിത്രങ്ങൾ ,സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യും. യുവാക്കളെ വടികൊണ്ട് ആക്രമിക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. ജനുവരി 14 നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ജനുവരി 16 ന് ഇര സൂറത്കൽ പൊലീസിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നാല് പേരെ അറസ്റ്റ് ചെയ്തത്.

"കൂടുതൽ ആളുകൾ ഈ കേസിൽ ഉൾപ്പെട്ടേക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ ആഡംബര ജീവിതശൈലി നയിക്കുകയും നിരവധി ഓൺലൈൻ വാങ്ങലുകൾ നടത്തുകയും ചെയ്തു.ഇവർ മലയാളികളെന്നാണ് പറയുന്നതെന്നും പൊലീസ് പറയുന്നു. ഇവരിൽ നിന്നും നാല് മൊബൈൽ ഫോണുകൾ, അഞ്ച് ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകൾ, ഹോക്കി സ്റ്റിക്ക്, ഒരു കാർ എന്നിവ പൊലീസ് പിടിച്ചെടുത്തു. കന്നുകാലികളെ കടത്തിക്കൊണ്ടുപോകുന്ന തരത്തിൽ കാർ പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഇരകളോട് പരാതികളുമായി മുന്നോട്ട് വരാൻ കമ്മീഷണർ അഭ്യർത്ഥിക്കുകയും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.