- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഭുകുമാറും സുരേഷ്‌കുമാറും മുൻപും ആക്രമണ കേസുകളിൽ പ്രതികൾ; ഒരു കേസ് ജാതിയുടെ പേരിലുള്ള ആക്രണവും; പിന്നോക്ക ജാതിക്കാരോടുള്ള വൈരാഗ്യം മുമ്പും പ്രകടിപ്പിച്ചിരുന്നു; കേരളത്തെ നടുക്കുന്ന കൊലചെയ്തിട്ടും കൂസലില്ലാതെ പ്രതികൾ; അനീഷിനെ കൊന്നത് എങ്ങനെയെന്ന് പൊലീസിനോട് വിവരിച്ചതും വളരെ കൂളായി
കുഴൽമന്ദം: തേങ്കുറുശി കൊലപാതക കേസിൽ അറസ്റ്റിലായ പ്രഭുകുമാറും സുരേഷ്‌കുമാറും പ്രദേശത്തെ വീട്ടുകാരെ ആക്രമിച്ചതിനുള്ള രണ്ടു കേസുകളിലും പ്രതികളാണ്. ജാതിയുടെ പേരിൽ മുമ്പും ആക്രമണം നടത്തിയിട്ടുണ്ട് ഇവരെന്നാണ് പുറത്തുവരുന്ന വിവരം. 2014ൽ അയൽക്കാരുടെ കമ്പിവേലി പൊളിച്ച് അതിക്രമം നടത്തിയ കേസിലാണു പ്രതികളായത്. 2015ൽ മറ്റൊരു വീട്ടുകാരെ ആക്രമിച്ച കേസിൽ വധശ്രമത്തിനാണ് ഇവർക്കെതിരെ പട്ടികജാതി അതിക്രമംതടയൽ നിയമനുസരിച്ച് കേസെടുത്തിരുന്നത്. കേസ് കോടതിയുടെ പരിഗണനയിലാണ്. പരാതിക്കാരായ വീട്ടുകാർക്കെതിരെ അടിസ്ഥാന രഹിതമായ കാരണങ്ങൾ ആരോപിച്ച് പിന്നീട് രണ്ടു പേരും മറ്റൊരു ബന്ധുവും പൊലീസിൽ പരാതികൾ നൽകിയുന്നതായും പറയുന്നു.
അതിനിടെ തെളിവെടുപ്പിന് ശേഷം ഭാര്യാപിതാവ് പ്രഭുകുമാർ, ഭാര്യയുടെ അമ്മാവൻ സുരേഷ്‌കുമാർ എന്നിവരെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. ആലത്തൂർ ഡിവൈഎസ്‌പി കെ.എം.ദേവസ്യയുടെ നേതൃത്വത്തിൽ പ്രതികളുമായി സംഭവസ്ഥലത്തും ഇവരുടെ വീടുകളിത്തെ തെളിവെടുുപ്പു നടത്തി.
ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പു ദണ്ഡ്, കത്തി, ധരിച്ചിരുന്ന വസ്ത്രം, ചെരിപ്പ് എന്നിവ കണ്ടെത്തി. പ്രതികൾ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. തെളിവെടുപ്പിന് എത്തിച്ചപ്പോഴും പ്രതികൾക്കു കൂസലുണ്ടായിരുന്നില്ല. ഒട്ടും പതർച്ചയില്ലാതെ നടന്ന സംഭവം പൊലീസിനു വിവരിച്ചു നൽകി. ഫൊറൻസിക്, സയന്റിഫിക് വിദഗ്ദ്ധർ സംഭവ സ്ഥലം പരിശോധിച്ചു.
തേങ്കുറുശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകൻ പെയിന്റിങ് തൊഴിലാളിയായ അനീഷിനെ (അപ്പു27) 25നു വൈകിട്ട് ഭാര്യ ഹരിതയുടെ പിതാവ് പ്രഭുകുമാർ, ഹരിതയുടെ അമ്മാവൻ സുരേഷ്‌കുമാർ എന്നിവർ അടിച്ചും കുത്തിയും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണു കേസ്. അനീഷിന്റെ സഹോദരനും സംഭവത്തിൽ ദൃക്‌സാക്ഷിയുമായ അരുണിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ കൊലപാതകത്തിനാണു കേസെടുത്തിട്ടുള്ളത്.
ഇതര ജാതിയിൽപെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാവിനെ മകൾ വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്ന് പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്‌ഐആർ) പറയുന്നു.സുരേഷ്‌കുമാർ സ്ഥിരമായി കത്തിയുമായാണു നടന്നിരുന്നതെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബാംഗങ്ങൾ പൊലീസിനെ അറിയിച്ചു. ഇരുവരും നേരത്തെ പ്രദേശത്തുണ്ടായ അക്രമ കേസുകളിൽ പ്രതികളാണ്.
ഇതിനിടെ സാമ്പത്തികം ഉൾപ്പെടെ വാഗ്ദാനം ചെയ്ത് അനീഷിന്റെ ഭാര്യ ഹരിതയെ തിരികെ വീട്ടിലേക്ക് എത്തിക്കാൻ പ്രതികൾ ശ്രമിച്ചതായി അനീഷിന്റെ അമ്മയും അച്ഛനും ആരോപിച്ചു. പ്രഭുകുമാറിന്റെ അച്ഛനാണ് ആക്രമണത്തിന്റെ സൂത്രധാരനെന്നും കുടുംബം പരാതിപ്പെട്ടു. ഇദ്ദേഹം പണം വാഗ്ദാനം ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങിയ ഫോൺ സംഭാഷണം പൊലീസിനു കൈമാറി.
അതിനിടെ മന്ത്രി എ.കെ. ബാലൻ ഇന്നലെ വൈകിട്ട് അനീഷിന്റെ വീടു സന്ദർശിച്ചു. സംഭവത്തിൽ പഴുതടച്ച അന്വേഷണം നടത്തുമെന്നും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മന്ത്രി അറിയിച്ചു. പൊലീസ് വീഴ്ചയെന്ന പരാതിയും അന്വേഷിക്കും. നിലവിൽ വീഴ്ചകളില്ലെന്നാണു മനസ്സിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാർ നൽകിയ പരാതികളിൽ യഥാസമയം നടപടിയെടുത്തതായും പ്രശ്‌നത്തിൽ ഇടപെട്ടതായും ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ് അറിയിച്ചു.
കേസന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തെളിവെടുപ്പിനു ശേഷം മജിസ്‌ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്ത് മലമ്പുഴ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു. തുടരന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് അടുത്ത ദിവസം കോടതിയിൽ അപേക്ഷ നൽകും.
മറുനാടന് മലയാളി ബ്യൂറോ