- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുകാരെ മറികടന്ന് അന്യജാതിക്കാരനെ വിവാഹം കഴിച്ചു; കല്ല്യാണ വിവരം അറിഞ്ഞതോടെ വിരുന്നിനായി വീട്ടിലേക്ക് ക്ഷണിച്ച ശേഷം രണ്ടു പേരെയും വെട്ടിക്കൊന്ന് യുവതിയുടെ സഹോദരൻ: കൊല്ലപ്പെട്ടത് അഞ്ച് ദിവസം മുമ്പ് വിവാഹിതരായ ശരണ്യയും മോഹനും: തമിഴ്നാടിനെ നടുക്കി വീണ്ടും ദുരഭിമാനക്കൊല
ചെന്നൈ: ഒരു ഇടവേളയ്ക്ക് ശേഷം തമിഴ്നാട്ടിൽ വീണ്ടും ദുരഭിമാനക്കൊല. അന്യജാതിക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ യുവതിയെയും ഭർത്താവിനെയും വെട്ടിക്കൊന്നത് യുവതിയുടെ സ്വന്തം സഹോദരൻ. അടുത്തിടെ വിവാഹിതരായ ശരണ്യ - മോഹൻ എന്നീ ദമ്പതികളെയാണ് വധുവിന്റെ സ്വന്തം സഹോദരൻ നിഷ്ക്കരുണം വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരും രണ്ട് ജാതിയിൽപ്പെട്ടതിനാൽ പെൺകുട്ടിയുടെ വീട്ടുകാർ ഇവരുടെ പ്രണയത്തെ എതിർത്തിരുന്നു. എന്നാൽ ഇരുവരും വീട്ടുകാരുടെ എതിർപ്പ് മറികടന്ന് വിവാഹിതരായതോടെയാണ് കൊലപ്പെടുത്തിയത്.
അഞ്ച് ദിവസം മുമ്പാണ് ശരണ്യയും മോഹനും വിവാഹിതരായത്. വിവാഹ വാർത്തയറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ തങ്ങൾ ക്ഷമിച്ചെന്നും വിരുന്നിനായി വീട്ടിലെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സന്തോഷത്തിലായ പെൺകുട്ടി ഭർത്താവുമായി വീട്ടിലെത്തിയതോടെയാണ് അരുംകൊലയ്ക്ക് ഇരയായത്. ഇന്നലെ വൈകിട്ടോടെ വിരുന്ന് നൽകാനെന്ന് പറഞ്ഞ് സ്വന്തം സഹോദരൻ തന്നെയാണ് ഇരുവരേയും വിളിച്ച് വരുത്തിയത്. വീട്ടിലെത്തിയ ശരണ്യയെയും മോഹനെയും സഹോദരനായ ശക്തിവേൽ, ബന്ധു രഞ്ജിത് എന്നിവർ ചേർന്ന് വെട്ടിക്കൊല്ലുകയായിരുന്നു.കൊലപാതകത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരിക്കുകയാണ്.
31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെൽവേലിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. നഴ്സായ ശരണ്യ കുറച്ച് കാലം മുമ്പാണ് ആശുപത്രിയിൽ ജോലിക്കെത്തിയത്. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരാണ് ശരണ്യയും മോഹനും. കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ.
തങ്ങളുടെ പ്രണയം സ്വന്തം വീട്ടിൽ പറഞ്ഞപ്പോൾ ശരണ്യയുടെ വീട്ടുകാർ കടുത്ത രീതിയിൽത്തന്നെ ഇവരുടെ വിവാഹത്തെ എതിർത്തു. അന്യജാതിയിൽ നിന്നുള്ള വിവാഹം എതിർത്ത വീട്ടുകാർ സ്വന്തം സമുദായത്തിൽപ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്തേ തീരൂ എന്ന് വാശി പിടിച്ചു. ഇതോടെ കുടുംബത്തിന്റെ സമ്മർദ്ദത്തെ അതിജീവിച്ച്, ഇരുവരും ചെന്നൈയിലെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ജൂൺ 9-ന് ചെന്നൈയിൽ വെച്ച് ഇരുവരും വിവാഹിതരാകുകയും ഈ വിവരം വീട്ടിലേക്ക് വിളിച്ചു പറയുകയും ചെയ്തു.
ഇതോടെയാണ് ഇരുവരേയും കൊല്ലാൻ ശക്തിവേൽ പദ്ധതിയൊരുക്കിയത്. വിവാഹ വാർത്തയറിഞ്ഞ ശക്തിവേൽ, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാൻ ശരണ്യയോട് അഭ്യർത്ഥിച്ചു. ചോളപുരത്തെ സ്വന്തം വീട്ടിൽത്തന്നെ കഴിയാമെന്നും, തിരികെ വരണമെന്നും ഇരുവരോടും ശക്തിവേൽ പറഞ്ഞു. സന്തോഷത്തോടെ വീട്ടിലേക്ക് ഇന്നലെ എത്തിയ ഇരുവരും വീട്ടുവളപ്പിലേക്ക് കാൽകുത്തിയതും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടി വീഴ്ത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങൾ കുംഭകോണം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കൾക്ക് വിട്ട് നൽകും.
മറുനാടന് മലയാളി ബ്യൂറോ