തിരുപ്പൂർ: ഉടുമൽപ്പേട്ടയിൽ ഭാര്യയുമായി ബൈക്കിൽ പോകവെ യുവാവിനെ വെട്ടിക്കൊന്ന കേസിൽ ഭാര്യാ പിതാവടക്കം ആറു പേർക്ക് വധശിക്ഷ. ദിണ്ഡിഗൽ സ്വദേശി ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് സംഘത്തിലെ പ്രധാനി ജഗദീഷുമടക്കമുള്ള ആറു പേർക്ക് മരണ ശിക്ഷ വിധിച്ചത്.

കേസിൽ ഒരാൾക്ക് ഇരട്ടജീവപര്യന്തവും മറ്റൊരാൾക്ക് അഞ്ചു വർഷം തടവും വിധിച്ചിട്ടുണ്ട്. തിരുപ്പൂർ പ്രത്യേക സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. രാവിലെ കേസ് പരിഗണിച്ച കോടതി 11 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. യുവതിയുടെ അമ്മയും അമ്മാവനും ഉൾപ്പെടെ മൂന്നു പ്രതികളെ കോടതി വെറുതെ വിട്ടു.

ദിണ്ഡിഗൽ സ്വദേശിയും ദളിത് സമുദായത്തിൽപ്പെട്ടതുമായ ശങ്കർ തേവർ സമുദായത്തിൽപ്പെട്ട കൗസല്യ എന്ന യുവതിയെ പ്രണയിച്ചു വിവാഹം കഴിച്ചതിനാണ് മൃഗീയമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാർച്ച് 13 നാണു ഉടുമൽപേട്ട നഗരമധ്യത്തിൽവച്ചു ക്വട്ടേഷൻ സംഘം ശങ്കറിനെ അതിദാരുണമായി ട്ടിക്കൊലപ്പെടുത്തിയത്.

കൗസല്യയുടെ പിതാവ് ചിന്നസ്വാമി, മാതാവ് അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു കൊലപാതകമെന്നാണു കേസ്. തേവർ സമുദായാംഗമായ കൗസല്യ, ദലിത് (അരുന്ധതിയാർ) സമുദായത്തിൽപ്പെട്ട ശങ്കറിനെ വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചു രഹസ്യമായി വിവാഹം ചെയ്തതാണു കൊലപാതകത്തിൽ കലാശിച്ചത്. കൗസല്യയുടെ മാതാപിതാക്കൾ വിവാഹം നടന്നത് അറിഞ്ഞ ഉടൻതന്നെ കൗസല്യയെ, വിദ്യാഭ്യാസം അവസാനിപ്പിച്ചു വീട്ടിൽ തിരികെയെത്തിച്ചു. എന്നാൽ ഒരു മാസത്തിനു ശേഷം ശങ്കറിന്റെ വീട്ടിലേക്കു കൗസല്യ എത്തി. ഇതേത്തുടർന്നു ശങ്കറിനോടൊപ്പം താമസിക്കാൻ ശങ്കറിന്റെ വീട്ടുകാർ കൗസല്യയെ അനുവദിച്ചു. ഇതു കൗസല്യയുടെ വീട്ടുകാരെയും സമുദായാംഗങ്ങളെയും പ്രകോപിതരാക്കി. തുടർന്ന് ഉണ്ടായ ദുരഭിമാന പ്രശ്നമാണ് അതിദാരുണമായ കൊലപാതകത്തിലേക്ക് എത്തിച്ചത്.

ഇരുവരും ഒരു മിച്ച് ജീവിതം തുടങ്ങി ദിവസങ്ങൾക്കകമാണ് ശങ്കറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശങ്കറും കൗസല്യയും കുമരലിംഗത്തിൽ നിന്നു പതിനൊന്നു മണിയോടെ ഉടുമൽപേട്ട നഗരത്തിലെത്തി ബേക്കറിയിൽ കയറി ലഘുഭക്ഷണം കഴിച്ചു. വീട്ടുസാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനായി ബസ് സ്റ്റാൻഡിനു മുൻവശത്തുള്ള പഴനി - പൊള്ളാച്ചി പാത കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണു വെട്ടേറ്റത്.

ശങ്കറിനെയും കൗസല്യയേയും ബൈക്കിൽ പിന്തുടർന്നെത്തിയ സംഘത്തിന് മറ്റൊരു ബൈക്കിൽ എത്തിയ ആൾ വടിവാൾ എടുത്തു നൽകി. തുടർന്ന് മൂവരും ചേർന്ന് ശങ്കറിനെ വെട്ടി. ജീവനും കൊണ്ട് ഓടാൻ ശ്രമിച്ചെങ്കിലും മൂവരും ചേർന്ന് അതിദാരുണമായി കൊല്ലുകയായിരുന്നു. എതിർക്കാൻ ശ്രമിച്ച കൗസല്യയേയും ഇവർ വെട്ടി. കൗസല്യ നടുറോഡിലെ കാറിന്റെ സൈഡിലേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയവും സംഘം ആക്രമണം തുടർന്നു. അക്രമികൾ മടങ്ങിയശേഷമാണു കണ്ടുനിന്നവർ ദമ്പതികളെ രക്ഷിക്കാൻ ശ്രമിച്ചത്.