തിരുവനന്തപുരം: വോട്ടെടുപ്പു പടിവാതിൽക്കലെത്തി നിൽക്കവെ മൂന്നു മുന്നണികളും പ്രതീക്ഷയിലാണ്. നരേന്ദ്ര മോദിയുടെ സൊമാലിയ പ്രസംഗം ഏറ്റെടുത്തുള്ള പ്രചാരണത്തിന് കോൺഗ്രസ് തയ്യാറാകുമ്പോൾ ഇനിയും വെളിപ്പെടാത്ത സരിതയുടെ സിഡികളിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ. അതേസമയം, പ്രധാനമന്ത്രി മോദിയുടെ വാക്ചാതുരി തങ്ങൾക്കു രക്ഷയാകുമെന്ന കണക്കുകൂട്ടലിലാണു ബിജെപി കേന്ദ്രങ്ങൾ.

നാലുദിവസം മാത്രമാണ് ഇനി വോട്ടെടുപ്പിനുള്ളത്. പോരാട്ടം കൊഴുക്കവെയാണു കേരളത്തെ സൊമാലിയയുമായി താരതമ്യം ചെയ്ത് മോദി രംഗത്തെത്തിയത്. ബിജെപിയെ അടിക്കാനുള്ള വടി കിട്ടിയ സന്തോഷത്തിൽ ഇരുമുന്നണികളും തകർത്തുവാരുകയും ചെയ്തു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ രംഗത്തെത്തി. വൈകാരികമായാണ് ഇരുമുന്നണികളുടെയും നേതാക്കളുടെ പ്രതികരണം. പേരാവൂരിൽ ഒരു കുട്ടി മാലിന്യം ഭക്ഷിക്കുന്നതിന്റെ ചിത്രം ചില മാദ്ധ്യമങ്ങളിൽ വന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ ആക്രമണം.

അതേസമയം, നിജസ്ഥിതി അന്വേഷിക്കാതെ പ്രധാനമന്ത്രി നടത്തിയ ആക്ഷേപം കേരളത്തെ അപമാനിക്കുന്നതാണെന്നും പ്രധാനമന്ത്രി ഇത്രത്തോളം താഴരുതായിരുന്നെന്നുമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചത്. പട്ടികജാതിവകുപ്പ് നടത്തിയ അന്വേഷണത്തിൽ ദാരിദ്ര്യമല്ല കാരണമെന്ന് കണ്ടെത്തിയതും, ആ കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിത ജീവിതവുമാണ് മുഖ്യമന്ത്രി എടുത്തുകാട്ടുന്നത്. മാനവവികസന സൂചികകളിൽ ആദ്യ പത്തിൽ പോലും വരാത്ത ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി കേരളത്തെ അപമാനിക്കരുതായിരുന്നെന്നാണ് സിപിഐ(എം) ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള നേതാക്കളുടെ പ്രതികരണം. കേരളത്തിൽ വേരുറപ്പിക്കാൻ കഴിയാത്തതിന്റെ പകയും ശാപവുമാണ് മോദി സോമാലിയയോട് ഉപമിച്ച് തീർത്തതെന്ന് പിണറായി വിജയനും പ്രതികരിച്ചു. അഞ്ച് വർഷം ചരിത്രത്തിലെ ഏറ്റവും മോശം ഭരണം ഉമ്മൻ ചാണ്ടി സർക്കാർ കാഴ്ചവച്ചിട്ടും തകർക്കാനാവാത്ത കേരളത്തിന്റെ നേട്ടങ്ങൾക്ക് അടിത്തറയിട്ടത് ഇടതുപക്ഷ സർക്കാരുകളാണെന്നും പിണറായി വ്യക്തമാക്കി.

അതേസമയം, പ്രധാനമന്ത്രി പറഞ്ഞത് വസ്തുതയാണെന്നുറപ്പിക്കാനായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ശ്രമം. കേരളത്തിലെ ആദിവാസി ജനതയ്ക്കിടയിലെ ശിശുമരണനിരക്കും മറ്റും കൂടിയതാണ് പ്രധാനമന്ത്രിയുടെ പരാമർശത്തിലേക്ക് നയിച്ചതെന്ന വിശദീകരണമാണ് കേന്ദ്ര ബിജെപി നേതാക്കളുടേത്. അഗസ്റ്റ വെസ്റ്റ്‌ലാൻഡ് ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പ്രസംഗത്തിൽ പരിഹസിച്ച പ്രധാനമന്ത്രിക്ക് അങ്ങേയറ്റം വൈകാരികമായി പ്രതികരിച്ചുകൊണ്ടുള്ള കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മറുപടിയും സജീവ ചർച്ചാവിഷയമാക്കാൻ യു.ഡി.എഫ് ശ്രമിക്കുകയാണ്. പാമോയിൽ കേസിൽ ഇന്നലെ സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശം, തിരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ അഴിമതി വീണ്ടും ചർച്ചാവിഷയമാക്കാൻ പ്രതിപക്ഷത്തിന് അവസരമൊരുക്കി. വി എസ്. അച്യുതാനന്ദനും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യത്തിൽ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ഇതിനിടെ കൂടുതൽ അഴിമതിക്കേസുകളിൽ ഉമ്മൻ ചാണ്ടി തന്നെ കരുവാക്കിയെന്നാരോപിച്ച് കഴിഞ്ഞ ദിവസം സരിത എസ് നായർ രംഗത്തെത്തിയതും ഇടതുപക്ഷം ആയുധമാക്കും. അഴിമതിക്കേസുകളിൽ പ്രതികളായവരാണ് ഇടത് സ്ഥാനാർത്ഥിപ്പട്ടികയിൽ ഏറിയകൂറുമെന്ന് ആരോപിച്ച് പ്രത്യാക്രമണവുമായി മുഖ്യമന്ത്രിയും പിന്നാലെ രംഗത്തുവന്നു. മറുപടിയായി മുഖ്യമന്ത്രിക്കെതിരെ വിവിധതലങ്ങളിൽ അന്വേഷണം നടന്നുവരുന്ന കേസുകളുടെ പട്ടിക വി എസ് പുറത്തുവിട്ടു.

അക്കൗണ്ടു തുറക്കുമെന്ന വിവിധ സർവെ ഫലങ്ങളുടെ വെളിച്ചത്തിൽ പ്രതീക്ഷയിലാണ് എൻഡിഎ മുന്നണി. ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിൽ ഇടതുമുന്നണി മുന്നേറുമ്പോൾ വിട്ടുകൊടുക്കില്ലെന്നും അപ്രതീക്ഷിതമായി ചില മണ്ഡലങ്ങൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തലാണു യുഡിഎഫ്.