- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിൽ; എൺപതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയതിൽ ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചിട്ടില്ല; വാക്സിൻ വിതരണം ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കാനാകും: മഹാമാരിയെ വൈകാതെ ഇന്ത്യയും മെരുക്കുമെന്ന് ഉറപ്പ് പറഞ്ഞ് എയിംസ് ഡയറക്ടർ
ന്യൂഡൽഹി: 95 ശതമാനംവരെ ഫലപ്രാപ്തി രേഖപ്പെടുത്തിയ ഫൈസറിന്റെയും മോഡേണയുടെയും വാകീസിനുകൾ യൂറോപ്പിൽ പലയിടത്തും അടുത്താഴ്ച മുതൽ ഉപയോഗിക്കാൻ തുടങ്ങുകയാണ്. ഫൈസറിന്റെ തടക്കമുള്ള വാക്സിനുകൾ ഇന്ത്യയിൽ എത്താൻ ഏറെ വൈകുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷേ മഹാമാരിയെ മെരുക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ ആശങ്ക വേണ്ട എന്ന് വ്യക്തമാക്കുകയാണ് ഡൽഹി എയിംസ്. ഇന്ത്യയിലെ കോവിഡ് വാക്സിനുകളുടെ പരീക്ഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു. ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ഇതിൽ ഏതെങ്കിലും വാക്സിന് അധികൃതരുടെ അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.
പരീക്ഷണം നടക്കുന്ന വാക്സിനുകൾ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന കാര്യത്തിൽ നിലവിൽ ആവശ്യത്തിന് തെളിവുകൾ ലഭ്യമാണ്. രാജ്യത്തെ എൺപതിനായിരത്തോളം പേരിൽ വാക്സിൻ പരീക്ഷണം നടത്തിയിട്ടുണ്ട്. ആരിലും ഗുരുതരമായ പാർശ്വഫലങ്ങളൊന്നും കാണാൻ സാധിച്ചില്ലെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.നിലവിൽ ഓക്സ്ഫഡിന്റെ കോവിഷീൽഡ് വാക്സിനും റഷ്യയുടെ സ്പുട്നിക് വിയും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ ട്രയൽ ഘട്ടത്തിലാണ്. ഓക്സ്ഫഡ് വാക്സിനെതിരെ ചെന്നൈ സ്വദേശി ഉയർത്തിയ ആരോപണം വസ്തുതാപരമല്ല. വാക്സിനുമായി ബന്ധപ്പെട്ട പ്രശ്നമല്ല ഇത്. വലിയ തോതിൽ വാക്സിൻ പരീക്ഷണം നടത്തുമ്പോൾ അവരിൽ ചിലർക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അത് വാക്സിനുമായി ബന്ധപ്പെട്ടതാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൂസ്റ്റർ ഡോസ് നൽകിക്കഴിഞ്ഞാൽ ശരീരത്തിൽ ആന്റിബോഡി വലിയതോതിൽ ഉത്പാദിപ്പിക്കപ്പെടും. ഇത് ഏതാനും മാസങ്ങളോളം നലനിൽക്കും. തുടക്കത്തിൽ രാജ്യത്ത് എല്ലാവർക്കും നൽകുന്നതിനുള്ള വാക്സിൻ ലഭ്യമാകില്ല. അതുകൊണ്ട് മുൻഗണനാ പട്ടിക തയ്യാറാക്കി അതു പ്രകാരം പ്രായമുള്ളവർ, രോഗബാധിതർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർക്കായിരിക്കും ആദ്യഘട്ടത്തിൽ വിതരണം, അദ്ദേഹം പറഞ്ഞു.
ഇപ്പോൾ ഇന്ത്യയിൽ കോവിഡ് ബാധയുടെ കാര്യത്തിൽ കുറവുണ്ടായിട്ടുണ്ട്. ജനങ്ങൾ ശരിയായി പെരുമാറിയാൽ രോഗബാധ കുറഞ്ഞുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. രോഗവ്യാപനത്തിന്റെ കാര്യത്തിൽ വലിയൊരു മാറ്റം അടുത്ത മൂന്നു മാസങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും രൺദീപ് ഗുലേറിയ പറഞ്ഞു.
മറുനാടന് ഡെസ്ക്